KERALA

ഡോക്ടറെ ആക്രമിച്ച സംഭവം; നാലാം ക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കുട്ടി മരിച്ചത് ഇൻഫ്ലുവൻസ എ അണുബാധ മൂലമാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: താമരശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുട്ടി മരിച്ചത് ഇൻഫ്ലുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യുമോണിയയുടെ സങ്കീർണതകൾ മൂലമാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അമീബിക് മസ്തിഷ്ക ജ്വരം അല്ലെന്ന് പറഞ്ഞായിരുന്നു പിതാവ് സനൂപ് ഡോക്ടറെ ആക്രമിച്ചത്

മകളുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം അല്ലെന്ന് പറഞ്ഞായിരുന്നു അച്ഛൻ സനൂപ് ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ചത്. മകളുടെ മരണകാരണം ചികിത്സാ പിഴവ് മൂലമാണെന്നാണ് കുടുംബം ആരോപിച്ചത്. കുട്ടിയുടെ രോഗം എന്താണ് എന്ന് കണ്ടെത്താൻ ഡോക്ടർമാർക്ക് സാധിച്ചില്ലെന്ന ആക്ഷേപവും കുടുംബം പങ്കുവച്ചിരുന്നു.

മകളെ ചികിത്സിച്ചതിൽ പിഴവ് വരുത്തിയെന്നും, അതിൻ്റെ പ്രതികാരം കൊണ്ടാണ് ഡോക്ടറെ വെട്ടിയത് എന്നും സനൂപ് പറഞ്ഞിരുന്നു. മകൾ മരിച്ചതിന് പിന്നാലെ ആശുപത്രിയിലെത്തിയ സനൂപ് സൂപ്രണ്ടിൻ്റെ റൂമിലേക്ക് കയറിചെന്നു. മുറിയിൽ സൂപ്രണ്ടിന് പകരം ജൂനിയർ ഡോക്ടർ വിപിനാണ് ഉണ്ടായിരുന്നത്. തൻ്റെ മകൾ മരിച്ചത് ചികിത്സ ലഭിക്കാതെയാണെന്ന് പറഞ്ഞു കൊണ്ട് സനൂപ് വടിവാൾ ഉപയോ​ഗിച്ച് വെട്ടുകയായിരുന്നു.

SCROLL FOR NEXT