കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടിയത് പ്രതികാരം കൊണ്ടെന്ന് പ്രതി സനൂപിന്റെ മൊഴി. മകളെ ചികിത്സിച്ചതിൽ പിഴവ് വരുത്തിയെന്നും പ്രതി മൊഴി നൽകി. സനൂപിൻ്റെ അറസ്റ്റ് കോഴിക്കോട് റൂറൽ എസ്പി രേഖപ്പെടുത്തി. ഇന്ന് ഉച്ചയോടെയാണ് പ്രതി സനൂപ് താമരശേരി താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടറെ വെട്ടിയത്. ഒരു പ്രകോപനവും ഇല്ലാതെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ ഡോക്ടർ വിപിനെ സനൂപ് വെട്ടിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
രണ്ടു മക്കളുമായാണ് അക്രമി എത്തിയത്. കുട്ടികളെ പുറത്ത് നിർത്തിയാണ് സൂപ്രണ്ടിൻ്റെ റൂമിലേക്ക് ഇയാൾ കയറിയത്. എന്നാൽ ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല. ജൂനിയർ ഡോക്ടർ വിപിനാണ് മുറിയിലുണ്ടായിരുന്നത്. മകൾ മരിച്ചത് ചികിത്സ ലഭിക്കാതെയാണെന്ന് ആരോപിക്കുകയും വടിവാൾ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു.
ഡോ. വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. സാരമായ പരിക്കുകളില്ലെന്നാണ് ലഭിക്കുന്ന വിവരം. പ്രാഥമിക ചികിത്സ ഡോക്ടർക്ക് താമരശേരി താലൂക്ക് ആശുപത്രിയിൽ വച്ചുതന്നെ നൽകിയിരുന്നു. നിലവിൽ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലാണ് ഡോക്ടർ ഉള്ളത്.