KERALA

'പോറ്റിയെ... കേറ്റിയെ...'കേസുകൾ പിൻവലിക്കാൻ സർക്കാർ; തുടർനടപടികൾ മരവിപ്പിക്കാൻ നിർദേശം

പാട്ട് നീക്കം ചെയ്യാൻ മെറ്റയ്ക്ക് കത്തും നൽകില്ലെന്നുമാണ് നിലവിലെ തീരുമാനം.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പാരഡി ഗാന വിവാദത്തിൽ യൂ ടേൺ അടിച്ച് സർക്കാർ. പാരഡി പാട്ടിനെതിരെ കൊടുത്ത കേസുകൾ പിൻവലിക്കാനാണ് നിലവിലെ തീരുമാനം. കൂടാതെ തുടർ നടപടികൾ മരവിപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി. പാട്ട് നീക്കം ചെയ്യാൻ മെറ്റയ്ക്ക് കത്തും നൽകില്ലെന്നുമാണ് നിലവിലെ തീരുമാനം.

കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി തയ്യാറാക്കിയാണെങ്കിലും ഈ പാരഡി പാട്ടിന് വലിയ തോതിൽ സ്വീകാര്യത ലഭിച്ചിരുന്നു. കൂടാതെ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. തെരഞ്ഞെടുപ്പിന് പിന്നാലെ പാട്ടിന് വലിയ സ്വീകാര്യത ലഭിക്കുകയും വൈറലാവുകയും ചെയ്തിരുന്നു. യുഡിഎഫ് തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി തയ്യാറാക്കിയ ഈ പാട്ട് മലപ്പുറം പടിഞ്ഞാറ്റുമുറിയിലെ ഡാനിഷ് മുഹമ്മദ് എന്നയാളാണ് പാടിയത്.

പാട്ട് വൈറലായതിന് പിന്നാലെ പാട്ടിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. ഭക്തരെ അപമാനിക്കുന്ന തരത്തിലാണ് പാട്ട് പ്രചരിക്കുന്നത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി പാട്ടിനെ വികലമാക്കി, തുടങ്ങി നിരവധി ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു, പിന്നാലെ രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വേദനിപ്പിച്ചുവെന്നും ഭക്തരെ അപമാനിച്ചെന്നും, പാട്ട് പിൻവലിക്കണം എന്നും ആവശ്യപ്പെട്ട് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല ഡിജിപിക്ക് പരാതി നൽകിയിരുന്നു.

പരാതികളുടെ അടിസ്ഥാനത്തിൽ പാരഡി ഗാനം ദുരുപയോഗം ചെയ്തവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. എന്നാൽ, ഒരു പാട്ടിൻ്റെ താളം ഉപയോഗിച്ച് പാരഡി പാടുന്നത് നിയമ വിരുദ്ധമല്ലെന്നും, മതവിദ്വേഷം പടർത്തുന്ന വരികളൊന്നും വൈറലായ പാരഡിയിൽ ഇല്ലെന്നും നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.

SCROLL FOR NEXT