പ്രതീകാത്മക ചിത്രം NEWS MALAYALAM 24x7
KERALA

വൃത്തിഹീനമായ വെള്ളത്തില്‍ മുഖം കഴുകുകയോ കുളിക്കുകയോ ചെയ്യരുത്; അമീബയില്‍ ആറെണ്ണം അപകടകാരി

കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെ ഇവയുടെ ജനിതക മാറ്റത്തിന് കാരണമായിട്ടുണ്ടോയെന്നും കണ്ടെത്തേണ്ടതുണ്ട്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം വ്യാപകമാകുന്നതോടെ പൊതുജനങ്ങള്‍ ജലശുചിത്വം പാലിക്കണമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ മുന്‍ മേധാവി ഡോക്ടര്‍ ജയകൃഷ്ണന്‍. നാനൂറോളം വിഭാഗത്തില്‍പ്പെട്ട അമീബയില്‍ ആറെണ്ണം മാത്രമാണ് മനുഷ്യന് അപകടകാരിയാവുന്നത്. കാലാവസ്ഥാ വ്യതിയാനം ഇവയുടെ ജനിതകമാറ്റത്തിന് കാരണമായിട്ടുണ്ടോ എന്ന് പഠനങ്ങള്‍ കൂടി നടത്തേണ്ടതുണ്ടെന്നും ഡോ. ജയകൃഷ്ണന്‍ പറഞ്ഞു.

നാനൂറോളം വരുന്ന ഏകകോശ ജീവിയായ അമീബകളില്‍ നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെര്‍മീബ തുടങ്ങിയവ മാത്രമാണ് മനുഷ്യന് അപകടകരമാകുന്നതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ മുന്‍ മേധാവി ഡോക്ടര്‍ ജയകൃഷണന്‍ പറയുന്നു. 2013 വരെ അപൂര്‍വമായി മാത്രമാണ് ഇത് മനുഷ്യരിലേക്ക് വ്യാപിച്ചിരുന്നത്.

എന്നാലിന്ന് കൂടുതലായി ഇവ മനുഷ്യര്‍ക്ക് അപകടകാരിയായി മാറിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെ ഇവയുടെ ജനിതക മാറ്റത്തിന് കാരണമായിട്ടുണ്ടോയെന്നും കണ്ടെത്തേണ്ടതുണ്ട്. ഇതിനായുളള പഠനങ്ങള്‍ നടന്നു വരുന്നതായും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും പൊതുജനങ്ങള്‍ ആരോഗ്യകരമായ ശീലങ്ങള്‍ പാലിക്കണമെന്നും ഡോക്ടര്‍ ജയകൃഷണന്‍ പറഞ്ഞു.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് കോര്‍പ്പറേഷനിലെ 75 ശതമാനത്തോളം കിണറുകളും അണുനശീകരണം നടത്തിയതായി ആരോഗ്യ വിഭാഗം അറിയിച്ചു. കോര്‍പ്പറേഷന്‍ പരിധിയിലെ തൊണ്ണൂറായിരം കിണറുകളില്‍ എഴുപതിനായിരത്തോളം കിണറുകളിലും ക്ലോറിനേഷന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ജലമാണ് ജീവന്‍ ക്യാമ്പയിന്റെ ഭാഗമായാണ് പദ്ധതി പുരോഗമിക്കുന്നത്. കൂടാതെ ഇതിന്റെ ഭാഗമായി ജലസംഭരണികള്‍, പൊതു സ്വകാര്യ കുളങ്ങള്‍ എന്നിവയിലും ക്ലോറിനേഷന്‍ നടപ്പിലാക്കും. ഒക്ടോബര്‍ രണ്ടിനകം പദ്ധതി പൂര്‍ത്തിയാക്കും.

SCROLL FOR NEXT