Source: News Malayalam 24x7
KERALA

ലൈംഗിക പീഡന പരാതി: പാലക്കാട്ടെ കോൺഗ്രസ് നേതാവ് പ്രശോഭ് സി.വത്സനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്

ധാർമ്മികത ഉണ്ടെങ്കിൽ കൗൺസിലർ സ്ഥാനം രാജിവെക്കണമെന്നും ഡിസിസി പ്രസിഡൻ്റ് ആവശ്യപ്പെട്ടു

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: ലൈംഗിക പീഡന പരാതിയെ തുടർന്ന് പാലക്കാട്ടെ കോൺഗ്രസ് നേതാവും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അനുയായിയുമായ പ്രശോഭ് വി.വത്സനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്. കെപിസിസി നേതൃത്വത്തിൻ്റെ നിർദേശ പ്രകാരമാണ് നടപടി. പ്രശോഭിനെ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പൻ അറിയിച്ചു.

ധാർമ്മികത ഉണ്ടെങ്കിൽ കൗൺസിലർ സ്ഥാനം രാജിവെക്കണമെന്നും ഡിസിസി പ്രസിഡൻ്റ് ആവശ്യപ്പെട്ടു. മറ്റ് പാർട്ടിക്കാർ കൂടി ഈ ധാർമ്മികത കാണിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇത് തെരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് പ്രശോഭ് സി. വത്സനെതിരെ ദളിത് യുവതി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം ബലമായി പീഡിപ്പിച്ചെന്നും കാറിൽ വെച്ചും പീഡിപ്പിച്ചെന്നും യുവതി പരാതിയിൽ പറയുന്നു. ഭീഷണിപ്പെടുത്തി ഹോട്ടൽ മുറിയിലേക്ക് വിളിച്ച് വരുത്തിയെന്നും, ആക്രമണം ഭയന്ന് മൊബൈലിൽ ദൃശ്യങ്ങൾ ശേഖരിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്.

പാലക്കാട് നഗരസഭയിലെ 24ാം വാർഡിലെ കൗൺസിലറാണ് പ്രശോഭ്. മൂന്ന് തവണ പ്രശോഭ് ക്രൂരമായി പീഡിപ്പിച്ചതായി യുവതി പരാതിയിൽ പറയുന്നു. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തെത്തിയാണ് പ്രശോഭ് ആദ്യമായി ബലമായി പീഡിപ്പിച്ചത്. പിന്നീട് ജോലിയുടെ അഭിമുഖത്തിനായി പട്ടാമ്പിയിലെ വ്യാപാര സ്ഥാപനത്തിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി പീഡിപ്പിച്ചു. മൂന്നാമതായി ഭീഷണിപ്പെടുത്തി ഹോട്ടൽ മുറിയിലേക്ക് വിളിച്ച് വരുത്തിയെന്നും, ആക്രമണം ഭയന്ന് മൊബൈലിൽ പീഡന ദൃശ്യങ്ങൾ ശേഖരിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. പ്രശോഭിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് യുവതി മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരിക്കുന്നത്.

SCROLL FOR NEXT