KERALA

'ചെയ്യാത്ത സേവനത്തിന് വീണ പണം വാങ്ങിയത് കൈക്കൂലി എന്ന് അനുമാനിക്കണം'; പിണറായി വിജയനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് നിയമോപദേശം

പിണറായി വിജയനെതിരെ അഴിമതി തടയൽ നിയമപ്രകാരവും, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിനും കേസെടുക്കാം

Author : ന്യൂസ് ഡെസ്ക്

സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നും കേസെടുക്കാമെന്നും നിയമോപദേശം. അഴിമതി തടയൽ നിയമപ്രകാരവും, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിനും കേസെടുക്കാം. മൂന്നാം കക്ഷി വഴി പൊതുപ്രവർത്തകൻ പണം വാങ്ങിയാലും കുറ്റകരം എന്ന വകുപ്പ് ചുമത്താം. പിണറായി വിജയനൊപ്പം, വീണ ടി., പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്നുമാണ് നിയമോപദേശം. അഡ്വക്കേറ്റ് ജനറല്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയ നിയമോപദേശത്തിന്റെ വിശദ വിവരങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.

പിണറായി വിജയന്‍ കൈക്കൂലി വാങ്ങിയത് മൂന്നാം കക്ഷി വഴിയെന്നാണ് നിയമോപദേശം. കൈക്കൂലി നല്‍കിയതിനും, അത് വാങ്ങിയതിനു, ആര് കൊടുത്തു എന്നതിനും തെളിവുകളുണ്ട്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ മൊഴി ഇക്കാര്യം സ്ഥിരീകരിക്കുന്നു. ചെയ്യാത്ത സേവനത്തിനാണ് വീണ പണം വാങ്ങിയത്. ഇത് പിണറായിക്കുള്ള കൈക്കൂലി എന്ന് ഉദ്യോഗസ്ഥര്‍ അനുമാനിക്കണം. നിയമാനുസൃതം ആര്‍ജിച്ച പണമാണന്ന് വീണയ്ക്ക് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് ഇക്കാര്യം കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം വീണയോ, പിണറായിയോ കോടതിയില്‍ ചോദ്യം ചെയ്തിട്ടില്ല. പ്രോമിനനന്റ് പേഴ്സണ്‍ എന്നത് പിണറായി ആണെന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ടെന്നും നിയമോപദേശത്തില്‍ പറയുന്നു.

2018ലെ അഴിമതി നിരോധന നിയമഭേദഗതിക്ക് മുന്‍പും ശേഷവും പണമിടപാട് നടന്നിട്ടുണ്ട്. അതിനാല്‍ രണ്ടു കാലത്തെ വകുപ്പുകള്‍ പ്രകാരവും അന്വേഷണം നടത്താമെന്നാണ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുള്ള നിയമോപദേശം. ഇഡി ശുപാര്‍ശയില്‍ എന്ത് നടപടി വേണമെന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് തീരുമാനമെടുത്തേക്കുമെന്നാണ് സൂചന. നിയമോപദേശം ലഭിച്ച ശേഷം, മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി തീരുമാനം എടുക്കുമെന്നായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നത്.

SCROLL FOR NEXT