നവാസ് - ഹിറ ഹറീറ  Source; News Malayalam 24X7
KERALA

മരണം മഞ്ഞപിത്തം ബാധിച്ചെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്; മലപ്പുറത്തെ ഒരു വയസുകാരന്റെ മരണത്തിൽ പൊലീസ് തുടർനടപടികളിലേക്ക്

അക്യുപങ്ചർ ചികിത്സ നടത്തുന്ന വ്യക്തിയാണ് ഹിറ അറീറ. ഇവർ വീട്ടിലെ പ്രസവവും പ്രോത്സാഹിപ്പിച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്

മലപ്പുറത്തെ ഒരു വയസുകാരന്റെ മരണം മഞ്ഞപിത്തം ബാധിച്ചതിനെ തുടർന്നെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. സാമ്പിൾ രാസപരിശോധന ഫലത്തിന് ശേഷം തുടർനടപടികളിലേക്ക് പൊലീസ് കടക്കും. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാടാമ്പുഴയിൽ നവാസ് - ഹിറ ഹറീറ ദമ്പതിമാരുടെ മകൻ മരിച്ചത്. സംഭവത്തിൽ കാടാമ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

കുഞ്ഞിന്റെ മരണത്തിൽ ദുരൂഹത നില നിൽക്കുന്നതിനാൽ മൃതദേഹം പ്രാഥമിക പോസ്റ്റ്‌മാർട്ടം ചെയ്യേണ്ടി വരുമെന്ന് ഡിഎംഒ നേരത്തേ അറിയിച്ചിരുന്നു.ആരോഗ്യപ്രവർത്തകരും കുഞ്ഞിന്റെ വീട്ടിൽ എത്തി പരിശോധന നടത്തിയിരുന്നു. നേരത്തെ മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള രോഗങ്ങൾ കുട്ടിക്ക് സ്ഥിരീകരിച്ചിരുന്നു. 2024 ഏപ്രിൽ 14ന് ഭർതൃവീട്ടിൽ നിന്നായിരുന്നു ഹിറയുടെ പ്രസവം. കുഞ്ഞിന് ഇതുവരെ ഒരു പ്രതിരോധ കുത്തിവെപ്പുകളും എടുത്തിട്ടില്ല.

അശാസ്ത്രീയ ചികിത്സ രീതികളെ പ്രോത്സാഹിപ്പിക്കുന്നവരാണ് കുട്ടിയുടെ മാതാപിതാക്കളെന്നാണ് റിപ്പോർട്ട്. അമ്മ ഹിറ അറീറ സമൂഹമാധ്യമങ്ങളിലടക്കം അശാസ്ത്രീയ ചികിത്സാരീതികളെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. അക്യുപങ്ചർ ചികിത്സ നടത്തുന്ന വ്യക്തിയാണ് ഹിറ അറീറ. ഇവർ വീട്ടിലെ പ്രസവവും പ്രോത്സാഹിപ്പിച്ചിരുന്നു.

അതേസമയം കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും പാല് കുടിക്കുന്നതിനിടെ കുഴഞ്ഞുപോവുകയായിരുന്നു എന്നുമാണ് കുടുംബത്തിൻ്റെ പക്ഷം. ഡോക്ടർ വീട്ടിലെത്തി മരണം സ്ഥിരീകരിച്ചു എന്നും ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ കാടാമ്പുഴ പൊലീസ് കുഞ്ഞിന്റെ പിതാവിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

SCROLL FOR NEXT