പ്രധാനമന്ത്രി നരേന്ദ്ര മോദി Source: Files
KERALA

പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ; മൂന്നു മാസത്തിനിടെ കേരളത്തിലെത്തുന്നത് രണ്ടാം തവണ

രാവിലെ 11-45ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്റർ മാർഗം ഉച്ചയ്ക്ക് 12:15ന് കൊച്ചി നാവിക ആസ്ഥാനത്ത് എത്തും

Author : ന്യൂസ് ഡെസ്ക്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎയുടെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. മധ്യകേരളം കേന്ദ്രീകരിച്ച് വലിയ മുന്നേറ്റം ലക്ഷ്യമിട്ടുള്ള വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 11-45ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്റർ മാർഗം ഉച്ചയ്ക്ക് 12:15ന് കൊച്ചി നാവിക ആസ്ഥാനത്ത് എത്തും. അവിടെനിന്ന് റോഡ് മാർഗം മറൈൻ ഡ്രൈവിലേക്ക് തിരിക്കും.

മറൈൻഡ്രൈവിൽ നടക്കുന്ന ധീവരസഭയുടെ പൊതുസമ്മേളനത്തിൽ മോദി പങ്കെടുക്കും. തുടർന്ന് കലൂർ സ്റ്റേഡിയത്തിലേക്ക് എൻഡിഎ പ്രവർത്തകരുടെ റോഡ് ഷോ നടക്കും. സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് എൻഡിഎ സമ്മേളനത്തിലും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

5500 കോടിയിലധികം രൂപ ചെലവിൽ ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പലിൻ യൂണിറ്റിന്റെ ഉദ്ഘാടനവും, കൊല്ലം വെസ്റ്റ് കല്ലടയിൽ സ്ഥാപിക്കുന്ന 50 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതിയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും. കാസർകോട്, കണ്ണൂർ ജില്ലകളിലെ യാത്ര സൗകര്യം മെച്ചപ്പെടുത്തുന്നതിനായി 2,650 കോടി രൂപ ചിലവിൽ നിർമിച്ച എൻഎച്ച്-66ലെ മുംബൈ-കന്യാകുമാരി ഇക്കണോമിക് കോറിഡോറിന്റെ ഭാഗമായുള്ള തലപ്പാടി - ചെങ്കള സെക്ഷൻ ആറുവരിപ്പാത, 2,140 കോടി രൂപ ചെലവിൽ വെങ്ങളം മുതൽ രാമനാട്ടുകര വരെ ആറുവരിപ്പാതയായി നവീകരിച്ച കോഴിക്കോട് ബൈപ്പാസ്, പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരം നിർമിച്ച 23 ഗ്രാമീണ റോഡുകൾ തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.

ഇതിനൊപ്പം അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഷൊർണൂർ ജംഗ്ഷൻ, കുറ്റിപ്പുറം, ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകളുടെയും ഷൊർണൂർ-നിലമ്പൂർ റോഡ് റെയിൽവേ ലൈൻ വൈദ്യുതീകരണ പദ്ധതിയുടെയും ഉദ്ഘാടനവും പാലക്കാട് - പൊള്ളാച്ചി റൂട്ടിലെ പുതിയ ട്രെയിൻ സർവീസിന്റെ ഫ്ലാഗ് ഓഫും അദ്ദേഹം നിർവഹിക്കും. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ഉച്ചയ്ക്ക് 2:15 മുതൽ 3:15 വരെ കലൂർ സ്റ്റേഡിയത്തിന് പൊതുസമ്മേളനത്തിൽ പങ്കെടുക്കും. ശേഷം വൈകുന്നേരം 3:20-ഓടെ പ്രധാനമന്ത്രി തിരികെ നാവിക ആസ്ഥാനത്ത് നിന്ന് നെടുമ്പാശേരിക്ക് പോകും.

SCROLL FOR NEXT