കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിലുള്ള അതിജീവിതയുടെ പ്രതികരണം രേഖപ്പെടുത്തിയ കുറിപ്പ് പങ്കുവെച്ച് പൃഥ്വിരാജ്. അതിജീവിത തൻ്റെ സമൂഹ്യമാധ്യമ അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പാണ് പൃഥ്വിരാജ് പങ്കുവെച്ചത്. താൻ അതിജീവിതയ്‌ക്കൊപ്പം എന്ന നിലപാടായിരുന്നു തുടക്കം മുതലേ പൃഥ്വിരാജ് സ്വീകരിച്ചത്.
കേസിൽ വിധി വന്നതിന് ശേഷം ആദ്യമായാണ് അതിജീവിത ഇത്തരത്തിലൊരു പ്രതികരണം നടത്തിയത്. ഈ വിധി പലരേയും ഒരുപക്ഷേ, നിരാശപ്പെടുത്തിയിരിക്കാം, എന്നാൽ, എനിക്ക് ഇതിൽ അത്ഭുതമില്ലെന്നായിരുന്നു അവരുടെ പ്രതികരണം. ഈ യാത്രയിലത്രയും കൂടെ നിന്ന മനുഷ്യത്വമുള്ള സകല മനുഷ്യരേയും നന്ദിയോടെ ചേർത്തുപിടിക്കുന്നു എന്നായിരുന്നു അതിജീവിതയുടെ പോസ്റ്റ്.
നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരല്ല എന്ന് തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് നൽകിയതിന് നന്ദി. കേസിൽ തൻ്റെ അടിസ്ഥാന അവകാശം സംരക്ഷിക്കപ്പെട്ടില്ല. കോടതിയിൽ നിന്ന് നീതി പ്രതീക്ഷിക്കേണ്ട എന്ന് രാജിവെച്ച പ്രോസിക്യൂട്ടർമാർ പറഞ്ഞു. നിതീപൂർവമായ വിചാരണയ്ക്കായി ജഡ്ജിയെ മാറ്റണമെന്ന് നിരന്തരം ആവശ്യപ്പെട്ടു. എന്നാൽ പ്രതിഭാഗം ജഡ്ജിക്കായി രംഗത്ത് വന്നതോടെ എല്ലാം വ്യക്തമായെന്നും പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനുപിന്നാലെ അതിജീവിതയെ പിന്തുണച്ച് കൊണ്ട് മഞ്ജു വാര്യരും സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചു. കുറ്റം ചെയ്തവർ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത്, ആസൂത്രണം ചെയ്തവർ, അത് ആരായാലും,അവർ പുറത്ത് പകൽ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ് എന്നായിരുന്നു മഞ്ജുവിൻ്റെ പ്രതികരണം.
അവൾക്ക് വേണ്ടി മാത്രമല്ല, ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണിത്. അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുടർത്തി പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കണം. ഉണ്ടായേ തീരൂ...അന്നും, ഇന്നും, എന്നും അവൾക്കൊപ്പം"; മഞ്ജു വാര്യർ കുറിച്ചു.