ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് സ്വകാര്യ ബസ് മേഖല  
KERALA

ഡീസൽ സബ്‌സിഡി, നികുതി ഇളവ്; ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് സ്വകാര്യ ബസ് മേഖല

കെഎസ്ആർടിസിയിൽ സൗജന്യ യാത്ര പ്രഖ്യാപിച്ചതോടെ സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിലായെന്ന് ആരോപണം.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: സംസ്ഥാന സർക്കാരിൻ്റെ ബജറ്റിൽ അനുകൂല പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും. പ്രിയദർശിനി പദ്ധതി സർക്കാർ നടപ്പാക്കിയതോടെ സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിലാണ്. സർക്കാർ അനുഭാവപൂർണമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥന്‍ പറഞ്ഞു.

സ്വകാര്യ ബസുകളിൽ യാത്ര ചെയ്തിരുന്നതിൽ 70 ശതമാനത്തോളം പേർ സ്ത്രീകൾ ആയിരുന്നു. എന്നാൽ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിച്ചതോടെ ഇവരെല്ലാം സ്വകാര്യ ബസുകളെ ആശ്രയിക്കാതെയായി. കെഎസ്ആർടിസിയിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രയിലെ ആദ്യദിനത്തിൽ 13,29,938 സ്ത്രീ യാത്രികരാണ് ബസിനെ ആശ്രയിച്ചത്.

കെഎസ്ആർടിസിയിൽ 81 ശതമാനം സ്ത്രീ യാത്രക്കാരുടെ വർധനവും ഉണ്ടായി. പ്രിയദർശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകളിലെ കളക്ഷനും കാര്യമായി ഇടിഞ്ഞിട്ടുണ്ട്. 15 വർഷമായി വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കാത്തതും തിരിച്ചടിയാണെന്നാണ് ബസ് ഉടമകളുടെ വാദം.

വിദ്യാർഥികളുടെ മിനിമം കൺസെഷൻ നിരക്ക് അഞ്ച് രൂപയാക്കി വർധിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഡീസൽ സബ്‌സിഡി, നികുതി ഇളവ്, ബസ് ചാർജ് വർധന അടക്കം ബജറ്റിൽ പ്രഖ്യാപിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. സ്വകാര്യ ബസ് മേഖലയെ താങ്ങി നിർത്താനാകുന്ന പാക്കേജ് ഉണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകാനാണ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകളുടെ തീരുമാനം.

SCROLL FOR NEXT