വൈപ്പിൻ കാളമുക്ക് ഹാർബറിലെ ബോട്ടുച്ചാൽ അടച്ച് സ്വകാര്യ ഷിപ്പ് യാർഡുകളുടെ കയ്യേറ്റം 
KERALA

വൈപ്പിൻ കാളമുക്ക് ഹാർബറിലെ ബോട്ടുച്ചാൽ അടച്ച് സ്വകാര്യ ഷിപ്പ് യാർഡുകളുടെ കയ്യേറ്റം; മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ

സ്വകാര്യ ഷിപ്പ് യാർഡുകൾ കായലിലെ ബോട്ടുചാലിൽ കുറ്റിയടിച്ചതോടെയാണ് വള്ളങ്ങളുടെ പ്രവേശനം തടസ്സപ്പെട്ടത്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: വൈപ്പിൻ കാളമുക്ക് ഹാർബറിലേക്ക് പരമ്പരാഗത മത്സ്യത്തൊഴിലാളികൾളുടെ ചെറു വള്ളങ്ങൾക്കും, യമഹ വള്ളങ്ങൾക്കും കടക്കാൻ കഴിയാത്ത സാഹചര്യമെന്ന് പരാതി. വൈപ്പിനിൽ പ്രവർത്തിക്കുന്ന രണ്ട് സ്വകാര്യ ഷിപ്പ് യാർഡുകൾ കായലിലെ ബോട്ടുചാലിൽ കുറ്റിയടിച്ചതോടെയാണ് വള്ളങ്ങളുടെ പ്രവേശനം തടസ്സപ്പെട്ടത്.

കായൽ കയ്യേറ്റം അടക്കം നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് ഈ സ്വകാര്യ ഷിപ്പ് യാർഡുകൾ ചെയ്യുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. അഴിമുഖത്ത് നിന്നും വൈപ്പിൻ കാളമുക്ക് ഹാർബറിലേക്ക് പ്രവേശിക്കുന്ന ഇടത്താണ് സ്വകാര്യ ഷിപ്പ് യാർഡ് കായലിലേക്ക് ഇറക്കി കോൺക്രീറ്റ് കുറ്റികൾ സ്ഥാപിച്ചിരിക്കുന്നത്.

കായലിൻ്റെ പകുതിയോളം ഇവർ ഇത്തരത്തിൽ കുറ്റിയടിച്ചു. ഈ കുറ്റികൾ നിൽക്കുന്ന ഭാഗമാണ് ബോട്ട് ചാൽ. ഈ ചാലിലൂടെയാണ് നൂറുകണക്കിന് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ചെറുവള്ളങ്ങളും യമഹ ഘടിപ്പിച്ച വലിയ വള്ളങ്ങളും ഹാർബറിലേക്ക് എത്തിയിരുന്നത്. വൈപ്പിൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ ഷിപ്പ് യാർഡ് ആണ് ഈ രീതിയിൽ കായലിലേക്ക് കോൺക്രീറ്റ് കുറ്റികൾ സ്ഥാപിച്ചത്.

ഇതിനപ്പുറത്തുള്ള ഭാഗത്ത് കായലിൽ മണൽത്തിട്ടയാണ്. ഈ ഭാഗത്തേക്ക് വള്ളങ്ങൾ പോയാൽ തിട്ടയിൽ ഇടിച്ച് വഞ്ചി ഉറച്ചുപോകുന്ന സാഹചര്യമാണുള്ളതെന്നും തൊഴിലാളി പറഞ്ഞു. ഇതുമൂലം നൂറുകണക്കിന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. സ്വകാര്യ ഷിപ്പ് യാർഡ് നടത്തുന്നത് അനധികൃത കയ്യേറ്റം ആണെന്നും നാട്ടുകാർ ആരോപിച്ചു.

അടുത്തടുത്തായി പ്രവർത്തിക്കുന്ന രണ്ട് സ്വകാര്യ ഷിപ്പ് യാർഡുകളും ഒരു വ്യക്തിയുടേതാണെന്നും അടുത്തിടയ്ക്ക് കപ്പലിന് തീപിടിച്ചത് ഇവിടെ വച്ചായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. കമ്പനിയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകിയെങ്കിലും നീതി ലഭിക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.

SCROLL FOR NEXT