കിഴിശ്ശേരി: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുടെ വസതിയിൽ സൗഹൃദ സന്ദർശനം നടത്തി വയനാട് എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. മലപ്പുറം കിഴിശ്ശേരിയിലുള്ള വീട്ടിൽ അരമണിക്കൂറോളം സമയം ചിലവഴിച്ചാണ് കോൺഗ്രസ് ദേശീയ നേതാവ് മടങ്ങിയത്.
ദേശീയതലത്തിൽ മതേതരത്വം നിലനിർത്താൻ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് പ്രിയങ്കയോട് താൻ ആവശ്യപ്പെട്ടുവെന്നും കൂടിക്കാഴ്ചയിൽ പ്രതീക്ഷയുണ്ടെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.
മതേതരത്വം കാത്ത് സൂക്ഷിക്കാനുള്ള നടപടികൾ കോൺഗ്രസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നാണ് താൻ ആവശ്യപ്പെട്ടതെന്ന് തങ്ങൾ വിശദീകരിച്ചു. അതേസമയം, തൻ്റെ കുടുംബം തന്നെ നിലനിൽക്കുന്നത് മതേതരത്വം കാത്തുസൂക്ഷിക്കാനെന്ന് പ്രിയങ്ക മറുപടി പറഞ്ഞതായും ജിഫ്രി തങ്ങൾ പ്രതികരിച്ചു.