വയനാട്: മലപ്പുറം ഒതായിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കല്യാണി അമ്മയുടെ വീട് സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എംപി. ഞായറാഴ്ച ഉച്ചയോടെ എത്തിയ പ്രിയങ്ക ഗാന്ധി ബന്ധുക്കളെ ആശ്വസിപ്പിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 21നാണ് കിഴക്കേ ചാത്തല്ലൂരിൽ കല്യാണിയെ ആന ആക്രമിച്ചത്.
അതേസമയം, ശ്രീനാരായണഗുരു സമാധി ദിനത്തിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഗുരുവിന് പുഷ്പാർച്ചന നടത്തി. കല്പറ്റയിലെ എസ്എൻഡിപി യൂണിയൻ ഓഫീസിൽ എത്തിയാണ് മൂവരും പുഷ്പാർച്ചന നടത്തിയത്.
കഴിഞ്ഞദിവസമാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും വയനാട്ടിലെത്തിയത്. പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ പര്യടനം തുടരുന്നതിനിടെയാണ് ഇരുവരും വയനാട്ടിലെത്തുന്നത്. വയനാട്ടിലെത്തിയ പ്രിയങ്ക സാമൂഹിക- മതസാമുദായിക നേതാക്കൻമാരെ സന്ദർശിച്ചിരുന്നു.
പാർട്ടിക്കുള്ളിലെ പോരിലും പ്രാദേശിക നേതാക്കളുടെ ആത്മഹത്യകളിലും വിവാദങ്ങളിലും കടുത്ത പ്രതിരോധത്തിലായിരിക്കെയാണ് പ്രിയങ്ക വയനാട്ടിലെത്തിയത്. വിവാദങ്ങളെ കുറിച്ച് പ്രിയങ്ക ഗാന്ധി നേതൃത്വത്തോട് വിവരം തേടിയതായും റിപ്പോർട്ടുണ്ട്.