പാലക്കാട്: പാലക്കാട് - കോഴിക്കോട് ദേശീയ പാതയിലെ മൈലമ്പുള്ളിയിൽ ടോൾ പ്ലാസ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. യാത്രാ സൗകര്യ പരിമിതിയുള്ള രണ്ടുവരി പാതയിൽ ടോൾ പിരിവ് നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ ഉള്ളത്. നാട്ടുകാർക്ക് പിന്തുണയുമായി യൂത്ത് ലീഗും സമര രംഗത്തെത്തിയിട്ടുണ്ട്.
റോഡിന് മതിയായ വീതിയോ, യാത്ര സുരക്ഷിതമാക്കാനുള്ള സംവിധാനങ്ങളോ ഇല്ല. മറ്റു ദേശീയപാതകളെപ്പോലെ നാലുവരിപ്പാതയല്ല, മറിച്ച് രണ്ടുവരിപ്പാതയാണ് ഉള്ളത്. ദിവസവും നിരവധി അപകടങ്ങൾ സംഭവിക്കുന്ന പാലക്കാട്–കോഴിക്കോട് ദേശീയപാതയിലാണ് ദേശീയപാത അതോറിറ്റി ടോൾ പിരിവിന് ഒരുങ്ങുന്നത്.
എന്നാൽ അശാസ്ത്രീയമായി ടോൾ പിരിവ് നടത്താൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. ദേശീയ പാതയിലെ പൊരിയാനിയിൽ ടോൾ ബൂത്ത് സ്ഥാപിക്കാനായിരുന്നു ദേശീയപാത അതോറിറ്റിയുടെ ആദ്യ നീക്കം. പ്രതിഷേധം ശക്തമായതോടെ ടോൾ ബൂത്ത് മുണ്ടൂർ മൈലമ്പുള്ളിയിലേക്ക് മാറ്റി.
മൈലമ്പുള്ളിയിൽ ടോൾ ബൂത്തിൻ്റെ നിർമാണം അന്തിമഘട്ടത്തിലാണ്. നിലവിൽ ഫാബ്രിക്കേഷൻ പ്രവൃത്തികൾ നടക്കുന്ന ടവറുകളുടെ നിർമാണം മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാകും. ജനവാസ മേഖലയും ആരാധനാലയങ്ങളുമുള്ള മൈലമ്പുള്ളിയിൽ ടോൾ ബൂത്ത് വരുന്നത്, ഗതാഗതക്കുരുക്കിന് കാരണമാകുമെന്ന് നാട്ടുകാർ ആരോപിക്കുന്നു.