കോൺഗ്രസ് പ്രതിഷേധം Source: News Malayalam 24x7
KERALA

ഷാഫി പറമ്പിലിനെതിരായ ആക്രമണം: പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും

കോഴിക്കോട് ഇന്നലെ രാത്രി വൈകി പ്രതിഷേധത്തിന് ഇറങ്ങിയ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: പേരാമ്പ്രയിൽ പൊലീസ് ലാത്തിച്ചാർജിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റതിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം. കോഴിക്കോട് ഇന്നലെ രാത്രി വൈകി പ്രതിഷേധത്തിന് ഇറങ്ങിയ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

കോഴിക്കോട് ഇന്ന് ഡിസിസിയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിക്കുന്നത്. രാവിലെ 9 മണിക്ക് ഐജി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടക്കും. ജില്ലയിലെ മുഴുവൻ കോൺഗ്രസ് നേതാക്കളെയും ഉൾക്കൊള്ളിച്ചാണ് പ്രതിഷേധം.

ഇടുക്കിയിലും മലപ്പുറത്തും പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൂക്കിലെ ശസ്ത്രക്രിയ അടിയന്തരമായി പൂർത്തിയായിട്ടുണ്ട്. ശബരിമല സ്വർണപ്പാളി വിവാദം മറയ്ക്കാനാണ് സർക്കാർ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ആരോപിച്ചു. എന്നാൽ പൊലീസ് ലാത്തി വീശിയിട്ടില്ലെന്നും ഷാഫിക്ക് പരിക്കേറ്റത് പ്രവർത്തകരെ മാറ്റാൻ ശ്രമിക്കുന്നതിനിടെ ആണെന്നും കോഴിക്കോട് റൂറൽ എസ്‌പി കെ.ഇ. ബൈജു ന്യൂസ് മലയാളത്തോട് പറഞ്ഞു.

പേരാമ്പ്രയിൽ യുഡിഎഫ് - സിപിഐഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ ഉണ്ടായ ലാത്തി ചാർജിനിടെയാണ് ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റത്. ഷാഫി പറമ്പിലിൻ്റെ മുഖത്താണ് പരിക്ക്. പേരാമ്പ്ര സികെജി കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധത്തിൽ പൊലീസ് ലാത്തി വീശുകയായിരുന്നു. ഈ ചോര കൊണ്ട് അയ്യപ്പൻ്റെ സ്വർണം കട്ടത് മറച്ചു പിടിക്കാൻ സിപിഐഎം ശ്രമിക്കേണ്ടെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു.

SCROLL FOR NEXT