"ഷാഫി പറമ്പിലിനെ ആക്രമിച്ചത് സിപിഐഎം ക്രിമിനലുകളും സിപിഐഎമ്മിനു വേണ്ടി ഗുണ്ടാ പണി ചെയ്യുന്ന പൊലീസും ചേർന്ന്"

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധപ്രകടങ്ങൾ നടത്തുന്നുണ്ട്.
congress
കോൺഗ്രസ് നേതാക്കൾ Source: Facebook
Published on

തിരുവനന്തപുരം: കോഴിക്കോട് പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ. കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ യൂത്ത് കോൺഗ്രസ്-യുഡിഎഫ് നേതാക്കൾ പ്രതിഷേധ പ്രകടനം നടത്തി. വടകരയിലും കൽപ്പറ്റയിലും പാലക്കാടും തൃശൂരിലും പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. തൃശൂർ നഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പൊലീസിനെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ച പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെയും മുദ്രാവാക്യം വിളിച്ചു.

ഷാഫി പറമ്പിൽ എംപിയെ ആക്രമിച്ചത് സിപിഐഎം ക്രിമിനലുകളും സിപിഐഎമ്മിനു വേണ്ടി ഗുണ്ടാ പണി ചെയ്യുന്ന പൊലീസും ചേർന്നാണ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.നിരവധി യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്വർണക്കവർച്ചയും സ്വർണക്കടത്തും ഖജനാവ് കൊള്ളയടിക്കലുമാണ് ഭരണമെന്ന് കരുതുന്ന സർക്കാരിൻ്റെ അവസാനമാണ് ഇതെന്ന് മറക്കരുത്. സിപിഐഎമ്മിനു വേണ്ടി ലാത്തി എടുത്ത പൊലീസിലെ ക്രിമിനലുകൾ ശമ്പളം വാങ്ങുന്നത് എകെജി സെൻ്ററിൽ നിന്നല്ലെന്നത് ഓർക്കണമെന്നും സതീശൻ പറഞ്ഞു.

ഷാഫി പറമ്പിലിനെയും നേതാക്കളെയും പ്രവർത്തകരെയും ആക്രമിച്ച് ശബരിമലയിലെ സ്വർണ്ണ കൊള്ളയിൽ നിന്നും ശ്രദ്ധ തിരിക്കാമെന്ന് സർക്കാർ കരുതേണ്ട.പേരാമ്പ്ര സികെജി കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ നിങ്ങൾക്കുണ്ടായ പരാജയം ഒരു തുടക്കം മാത്രമാണ്. ഇതിലും വലിയ പരാജയമാണ് നിങ്ങളെ കാത്തിരിക്കുന്നതെന്ന് മറക്കരുത് എന്നും സതീശൻ കൂട്ടിച്ചേർത്തു.

ഷാഫി പറമ്പില്‍ എംപിക്കെതിരെ നടന്നത് കൊടിയ അക്രമമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു. സിപിഐഎമ്മും പൊലീസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഷാഫിക്കെതിരായ ആക്രമണം. എങ്ങനെയും കോണ്‍ഗ്രസ് നേതാക്കളെ തെരുവില്‍ ആക്രമിക്കുകയെന്ന ജനാധിപത്യ വിരുദ്ധതയ്ക്ക് സിപിഐഎം നേതൃത്വം നല്‍കുമ്പോള്‍, സംസ്ഥാന സര്‍ക്കാരിൻ്റെ സകല സംവിധാനങ്ങളും അതിന് കുട പിടിക്കുകയാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

ഭഗവാൻ്റെ സ്വര്‍ണത്തില്‍ പ്രതിക്കൂട്ടിലായ സര്‍ക്കാരിനാകെ ഹാലിളകിയിരിക്കുകയാണ്. ജനാധിപത്യത്തിലും മനുഷ്യാവകാശത്തിലും തെല്ലും വിശ്വാസവും പ്രതീക്ഷയുമില്ലാത്ത സിപിഎം നാടാകെ അക്രമം അഴിച്ചുവിടാന്‍ പൊലീസിനെ കയറൂരിവിടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഷാഫിക്കെതിരായ അക്രമത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു.

congress
ഈ ചോര കൊണ്ട് അയ്യപ്പൻ്റെ സ്വർണം കട്ടത് മറച്ചു പിടിക്കാൻ സിപിഐഎം ശ്രമിക്കേണ്ട: ഷാഫി പറമ്പിൽ എംപി

സിപിഐഎമ്മും പൊലീസും ചേര്‍ന്ന് നടത്തിയ അക്രമത്തില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന അക്രമരാഷ്ട്രീയത്തെ ശക്തമായി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ദേഹത്ത് പൊടിഞ്ഞ ചോരയക്ക് കോണ്‍ഗ്രസ് കണക്കു ചോദിക്കുമെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.

ഷാഫി പറമ്പിലിനും പ്രവര്‍ത്തകര്‍ക്കും എതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 11ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ബ്ലോക്ക് തലത്തില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പ്രസ്താവനയിലൂടെ അറിയിച്ചു. ഷാഫി പറമ്പിലിനെ ഏതുവിധേനയും രാഷ്ട്രീയമായും കായികമായും ഇല്ലാതാക്കുന്ന ശ്രമങ്ങള്‍ നേരത്തെ തന്നെ സിപിഐഎം നടത്തിയിരുന്നു എന്നും സണ്ണി ജോസഫ് പറഞ്ഞു.

കോൺഗ്രസ് പ്രവർത്തരെ മർദിക്കാൻ നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടിയെടുക്കണം എന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കിരാത നടപടിയെ ശക്തമായി അപലപിക്കുന്നു. ഷാഫിയുടെ പരിപാടികൾ കലക്കാൻ ഡിവൈഎഫ്ഐയും ബിജെപിയും കാലങ്ങളായി ശ്രമിച്ചുവരികയാണ്. അതിൻ്റെ തുടർച്ചയാണ് ഈ പൊലീസ് അതിക്രമമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com