കോട്ടയം: ആർഎസ്എസ് ശാഖയിൽ വെച്ച് ക്രൂര ലൈംഗിക പീഡനങ്ങൾ ഏറ്റുവാങ്ങിയെന്ന് വെളിപ്പെടുത്തി യുവാവ് ജീവനൊടുക്കിയതിൽ പ്രതിഷേധം ശക്തമാകുന്നു. അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎമ്മും ഡിവൈഎഫ്ഐയും പൊലീസിൽ പരാതി നൽകി. പീഡിപ്പിച്ച ശാഖാ പ്രമുഖിനെ അടക്കം നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
കോട്ടയം വഞ്ചിമല സ്വദേശിയായ യുവാവാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജില്‍ വച്ച് ആത്മഹത്യ ചെയ്തത്. നാല് വയസു മുതല്‍ ആര്‍എസ്എസുകാര്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നതടക്കം ഗുരുതരമായ ആരോപണങ്ങളാണ് യുവാവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
ശാഖയിൽ എന്താണ് നടക്കുന്നതെന്ന് എത്രയോ കാലമായി പറയുന്നുവെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ചൂണ്ടിക്കാട്ടി. ആർഎസ്എസ് ശാഖയിലേക്ക് തെറ്റിധാരണ മൂലം പോയവർക്കുള്ള മുന്നറിയിപ്പാണ് ഇതെന്ന് സനോജ് പറയുന്നു. പീഡിപ്പിച്ച ശാഖാ പ്രമുഖിനെ അടക്കം നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നും വി.കെ. സനോജ് ആവശ്യപ്പെട്ടു.
സംഭവത്തില്‍ തമ്പാനൂര്‍ പൊലീസ് കേസെടുത്തിരുന്നു. മുമ്പ് താമസിച്ച വീടിനടുത്തുള്ള ആള്‍ക്കെതിരെയാണ് പ്രധാനമായും ആരോപണം. ഇയാള്‍ തന്നെ മാത്രമല്ല മറ്റു പലരെയും ഇതുപോലെ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും യുവാവ് കുറിപ്പില്‍ പറയുന്നു.
തന്റെ മരണമൊഴിയാണ് ഇത്. പ്രണയമോ കടമോ ഒന്നുമല്ല തന്റെ മരണത്തിന് കാരണം. അത് ഒരു വ്യക്തിയും ഒരു സംഘടനയുമാണ് എന്നാണ് യുവാവ് കുറിപ്പില്‍ പറയുന്നത്. സംഘടന ആര്‍എസ്എസ് ആണെന്നും കുറിപ്പില്‍ പറയുന്നു.
തനിക്ക് നാല് വയസുള്ളപ്പോള്‍ മുതല്‍ ഒരാള്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്നും അയാള്‍ കാരണമാണ് തനിക്ക് ഒസിഡി അടക്കമുള്ള പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നും യുവാവ് കുറിപ്പില്‍ ആരോപിക്കുന്നു. മുന്‍പ് താമസിച്ച വീടിന് സമീപമുള്ള ആളാണിതെന്നും സഹോദരനെ പോലെയായിരുന്നയാള്‍ തന്നോട് മോശമായി പെരുമാറിയെന്നും പോസ്റ്റില്‍ പറയുന്നു.
ആര്‍എസ്എസ് ക്യാംപില്‍ വെച്ചും താന്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടു. തനിക്ക് ഇത്രയധികം വെറുപ്പുള്ള സംഘടനയില്ല. താന്‍ അതില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നതുകൊണ്ട് തന്നെ എല്ലാം നന്നായി അറിയാമെന്നും ജീവിതത്തില്‍ ഒരിക്കലും ആര്‍എസ്എസുകാരനെ സുഹൃത്താക്കരുത് എന്നും യുവാവ് പറയുന്നു.
ആര്‍എസ്എസ് ക്യാംപില്‍ നിരവധി പേര്‍ ഇപ്പോഴും ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ട്. ഇപ്പോഴും അവരുടെ ക്യാംപുകളില്‍ നടക്കുന്നത് ഇത്തരം കാര്യങ്ങളാണ്. താന്‍ പുറത്തുവന്നതുകൊണ്ട് മാത്രമാണ് ഇത് പറയാന്‍ കഴിയുന്നത്. തന്റെ കൈയ്യില്‍ ഇതിന് മറ്റു തെളിവുകളല്ലെന്നും തന്റെ ജീവിതം തന്നെയാണ് ഇതിന് തെളിവെന്നും അദ്ദേഹം പറഞ്ഞു.