പ്രതിപക്ഷം ബഹളം  Source: News Malayalam 24x7
KERALA

രാഹുൽ ഗാന്ധിക്കെതിരായ വധഭീഷണിയിൽ സഭ പ്രക്ഷുബ്‌ധം; പിന്നാലെ വാക്കൗട്ട് നടത്തി പ്രതിപക്ഷം

പിണറായിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധിച്ചാൽ അപ്പോൾ തന്നെ കേസെടുത്ത് അറസ്റ്റ് ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നേതാവ് വധഭീഷണി മുഴക്കിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം. ബിജെപി നേതാവിനെതിരെ സർക്കാർ നടപടി എടുക്കാത്തത് ബിജെപി-സിപിഐഎം ബാന്ധവത്തിൻ്റെ ഉദാഹരണമാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ സഭയിൽ പറഞ്ഞു.

രാഹുൽ ഗാന്ധിക്ക് വധഭീഷണി മുഴക്കിയത് നിസ്സാര വിഷയം എന്നാണ് സർക്കാർ പറയുന്നത്. രാഹുൽ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുണ്ട പായിക്കും എന്ന് പറഞ്ഞ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യാൻ പോലും തയ്യാറല്ല. ബിജെപി യെ ഭയന്നാണ് ഇയാളെ അറസ്റ്റ് ചെയ്യാത്തത്. പിണറായിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധിച്ചാൽ അപ്പോൾ തന്നെ കേസെടുത്ത് അറസ്റ്റ് ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

ബിജെപി വക്താവിനെതിരെ നിയമനടപടികൾ സ്വീകരിക്കാത്ത സർക്കാരിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് അടിയന്തര പ്രമേയത്തിന് അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ അവതരിപ്പിക്കാൻ തക്ക പ്രാധാന്യമില്ലെന്ന് സ്പീക്കർ പറഞ്ഞതോടെ പ്രതിപക്ഷം സഭയിൽ ബഹളം ഉണ്ടാക്കുകയും സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.

ഇന്നലെയും മിനിഞ്ഞാന്നും സംസ്ഥാനത്തുടനീളം പ്രതിഷേധം നടന്നു. ഇന്നലെയും നിയമസഭയിൽ ഇക്കാര്യം ഉയർത്തിയിരുന്നു. ബിജെപിക്ക് അനുകൂലമായ കേസുകൾ കേരളത്തിൽ ഒതുക്കി തീർക്കുകയാണ്. രാഹുൽഗാന്ധിയുടെ നെഞ്ചിൽ നിറയൊഴിക്കും എന്ന് പറഞ്ഞത് ഒരു നിസ്സാര സംഭവമാണോ? അതിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

രാഹുലിനെതിരായ വധഭീഷണി നിസാര സംഭവം എന്ന മറുപടി വിചിത്രമാണെന്ന് പി. കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. പ്രതിഷേധമാണ് വേണ്ടതെങ്കിൽ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. തിരുത്തുന്നതിന് പകരം ബിജെപി വക്താവ് ഭീഷണി ആവർത്തിക്കുകയാണ് ചെയ്തത്.

ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. ബിജെപി പോലും ഇക്കാര്യം പരസ്യമായി ന്യായീകരിക്കാൻ വന്നില്ല.പക്ഷേ സർക്കാർ സംരക്ഷണം നൽകുന്നുവെന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞത്. സ്പീക്കർ സ്വീകരിച്ച നിലപാട് ഞെട്ടിപ്പിക്കുന്നതാണ്. രാഹുൽ ഗാന്ധിയുടെ പേര് പോലും പറയാൻ തയ്യാറായില്ല. ആരാണ് രാഹുൽ ഗാന്ധി എന്ന സ്പീക്കർക്ക് ഞങ്ങൾ പഠിപ്പിക്കുന്നുണ്ട് എന്നും സണ്ണി ജോസഫ് പറഞ്ഞു.

അതേസമയം, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നേതാവ് നടത്തിയ അഭിപ്രായപ്രകടനം ഒരു തരത്തിലും നീതികരിക്കാൻ കഴിയാത്തതാണ് എന്ന് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. സർക്കാർ അതിനെ അതിശക്തമായി അപലപിക്കുന്നു. ഒരുതരത്തിലും ഉണ്ടാകാൻ പാടില്ലാത്ത അഭിപ്രായപ്രകടനമാണ് നടന്നത് എന്നും എം. ബി. രാജേഷ് വ്യക്തമാക്കി.

ഇന്നലെ പരാതി വന്നതിന് പിന്നാലെ ബിജെപി നേതാവ് പ്രിൻ്റു മഹാദേവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതാണ്. ഇന്ന് പ്രതിപക്ഷം സഭയിൽ നടത്തിയത് ഒരു നാടകം മാത്രമാണ്. ഗൗരവമായി പ്രതിപക്ഷം ഈ വിഷയം കണ്ടിരുന്നെങ്കിൽ ഇന്നലെ അടിയന്തരപ്രമേയമായി ഉന്നയിക്കാമായിരുന്നു.

എന്തുകൊണ്ട് പരാതി നൽകുന്നില്ലെന്ന് എംഎൽഎ യു. പ്രതിഭ ഇന്നലെ സഭയിൽ ചോദിച്ച ശേഷമാണ് പരാതി നൽകിയതെന്നും മന്ത്രി പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെ ഒരു പരാമർശം നടത്തിയിട്ടു പോലും പ്രതികരിക്കാൻ നാലുദിവസം വേണ്ടിവന്നുവെന്നും മന്ത്രി പറഞ്ഞു.

SCROLL FOR NEXT