KERALA

ദേവസ്വം ബോർഡിന് രാഷ്ട്രീയമില്ല, ലക്ഷ്യം ശബരിമലയുടെ വികസനം; പ്രതിപക്ഷത്തിൻ്റെ വിയോജിപ്പ് എന്തിനാണെന്ന് അറിയില്ല: പി.എസ്. പ്രശാന്ത്

"സം​ഗമത്തിനെത്തുന്ന അയ്യപ്പ ഭക്തർക്ക് മുന്നിൽ ശബരിമല മാസ്റ്റർ പ്ലാൻ അവതരിപ്പിക്കും"

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം ലക്ഷ്യമിടുന്നത് ലോകത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തരെയാണെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്. സം​ഗമത്തിൽ പങ്കെടുക്കുന്നവർ വിഐപിയോ, മന്ത്രിമാരോ ആകണമെന്നില്ല. സം​ഗമത്തിനെത്തുന്ന അയ്യപ്പ ഭക്തർക്ക് മുന്നിൽ ശബരിമല മാസ്റ്റർ പ്ലാൻ അവതരിപ്പിക്കും. അതിൽ അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും എടുക്കുകയാണ് ലക്ഷ്യമെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.

"പ്രതിപക്ഷം കൂടി സഹകരിച്ചാൽ കുറച്ചുകൂടി നന്നാവുമായിരുന്നു. എന്നാൽ അവർക്ക് അവരുടേതായ രാഷ്ട്രീയമുണ്ട്. അതിനെ അങ്ങനെ തന്നെയാണ് കാണുന്നത്. ആഗോള അയ്യപ്പ സംഗമത്തിന് രാഷ്ട്രീയമില്ല. എല്ലാവരെയും ഉൾപ്പെടുത്തി മുന്നോട്ട് പോകാനാണ് ശ്രമിച്ചത്. പലകാരണങ്ങൾ കൊണ്ടും പ്രതിപക്ഷം സഹകരിച്ചില്ല. അവരുടേതായ കാര്യങ്ങളേ ചോദ്യം ചെയ്യാനില്ല. ശബരിമലയുടെ അടിസ്ഥാനമായ വികസനമാണ് ലക്ഷ്യം. പ്രതിപക്ഷത്തിൻ്റെ വിയോജിപ്പ് എന്തിനാണെന്ന് അറിയില്ല. ദേവസ്വം ബോർഡിന് ഇതിൽ രാഷ്ട്രീയമില്ല", പി.എസ്. പ്രശാന്ത്.

ഇന്നാണ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. രാവിലെ ഒമ്പതരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സം​ഗമം ഉദ്ഘാടനം ചെയ്യും. വിദേശ പ്രതിനിധികൾ ഉൾപ്പെടെ 3500 പേരാണ് സം​​ഗമത്തിൽ പങ്കെടുക്കുക. സംസ്ഥാന മന്ത്രിമാർക്കു പുറമെ തമിഴ്നാട് മന്ത്രിമാരായ പളനി വേൽ ത്യാഗരാജനും പി.കെ. ശേഖർബാബുവും പങ്കെടുക്കും. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എൻഎസ്എസ് വൈസ് പ്രസിഡൻ്റ് എം. സംഗീത് കുമാർ എന്നിവരും സംഗമത്തിൽ പങ്കെടുക്കും.

മൂന്ന് വേദികളിലായാണ് ചർച്ചകൾ നടക്കുക. മൂന്ന് സെഷനുകളിലായി ശബരിമല മാസ്റ്റർ പ്ലാൻ, ആത്മീയ തീർത്ഥാടന സർക്കിറ്റ്, തിരക്ക് നിയന്ത്രണവും മുന്നൊരുക്കങ്ങളും എന്നീ വിഷയങ്ങളിൽ ചർച്ച നടക്കും. സം​ഗമത്തിൻ്റെ ​ഭാ​ഗമായി പമ്പയിലും പരിസരപ്രദേശത്തും അതീവ സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 1000 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. ദർശനത്തിന് എത്തുന്ന തീർത്ഥാടകർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് പൊലീസ് അറിയിച്ചു.

SCROLL FOR NEXT