Source: Files
KERALA

ആസൂത്രണ ബോര്‍ഡിലെ പിഎസ്‌സി പരീക്ഷാ ക്രമക്കേട്: സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും

അഡ്വക്കേറ്റ് ജനറലിനോട് സർക്കാർ നിയമോപദേശം തേടി...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളിൽ സർക്കാർ നേരിട്ടുള്ള അന്വേഷണം പ്രഖ്യാപിച്ചേക്കും. പിഎസ്‌സി പ്രഖ്യാപിച്ച ആഭ്യന്തര വിജിലൻസ് അന്വേഷണം കൊണ്ട് സ്ഥാപനത്തിന്റെ വിശ്വാസ്യത തിരിച്ചുപിടിക്കാൻ സാധിക്കില്ലെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി. മൂല്യനിര്‍ണയിലെ പിഴവും ഇതിന് പിന്നിലെ ഗൂഢാലോചനയും പുറത്തുകൊണ്ടുവരാൻ ആഭ്യന്തര അന്വേഷണത്തിന് പരിമിതിയുണ്ടെന്നാണ് പ്രധാന വിലയിരുത്തൽ.

ഒരു സ്ഥാപനത്തിലെ ആഭ്യന്തര വിജിലൻസ് അത്തരത്തിലൊരു കുറ്റകൃത്യം അന്വേഷിക്കുന്നത് സുപ്രീം കോടതിയുടെ ഉത്തരവുകളുടെ ലംഘനമാണെന്നും അത്തരത്തിലൊരു റിപ്പോർട്ട് വരുമ്പോൾ സ്വാഭാവികമായും പ്രതികൾ രക്ഷപ്പെടുമെന്നും ഇൻ്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ആഭ്യന്തര വിജിലൻസിൻ്റെ അന്വേഷണം വേണ്ടവിധം ഫലപ്രാപ്തിയിൽ എത്തിയേക്കില്ലെന്ന നിരീക്ഷണവും സർക്കാർ കാണുന്നു. കാരണം ഇത്തരമൊരു അന്വേഷണം നടക്കുമ്പോൾ പിഎസ്‌സി ചെയർമാൻ്റെ അനുമതിയോടെ മാത്രമാകും ഓരോ സെക്ഷനിലേക്കും അന്വേഷണം എത്തുകയുള്ളൂ.

കൂടാതെ കഴിഞ്ഞ ദിവസം പിഎസ്‌സിയുടെ പത്രക്കുറിപ്പിൽ ഉണ്ടായിരുന്നത് ആഭ്യന്തര വിജിലൻസ് എസ്പി അന്വേഷിക്കും എന്നതായിരുന്നു. എന്നാൽ, നിലവിൽ പിഎസ്‌സി എസ്പി ഇല്ല, ഡിവൈഎസ്പിക്കാണ് എസ്‌പിയുടെ ചുമതല. ഡിവൈഎസ്പി ഈ കേസ് അന്വേഷിച്ചാൽ വേണ്ടത്ര കുറ്റമറ്റതായിരിക്കില്ല എന്ന നിഗമനം കൂടിയുണ്ട്. കാരണം, ഈ തട്ടിപ്പ് നടന്നിരിക്കുന്നത് ഉന്നതരുടെ അറിവോടെയാണെന്ന കണ്ടെത്തൽ കൂടി സർക്കാരിനുണ്ട്.

SCROLL FOR NEXT