Source: FB
KERALA

"മുസ്ലീം ലീഗിൻ്റേത് മനോഹരമായ പട്ടിക, താത്കാലിക ലാഭത്തിനായി വന്നവര്‍ക്ക് എളുപ്പത്തില്‍ വിട്ടുപോകാം"; വിമര്‍ശനവുമായി പി.വി. അബ്ദുള്‍ വഹാബ്

സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിക്കും, അത് അനുസരിക്കും എന്നതാണ് മുസ്ലീം ലീഗിന്റെ പാരമ്പര്യമെന്നും അബ്ദുള്‍ വഹാബ്...

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടിക ഏറെ മികച്ചതും സമൂഹം ഏറ്റെടുത്തതുമാണെന്ന് മുസ്ലീം ലീഗ് നേതാവും രാജ്യസഭാ എംപിയുമായ അബ്ദുള്‍ വഹാബ്. പി.വി. സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിക്കും, അത് അനുസരിക്കും എന്നതാണ് മുസ്ലീം ലീഗിന്റെ പാരമ്പര്യമെന്നും അബ്ദുള്‍ വഹാബ് എംപി പറഞ്ഞു. മുസ്ലീം ലീഗ് സ്ഥാനാര്‍ഥി പട്ടികയില്‍ പ്രതിഷേധിച്ച് അബ്ദുള്‍ റഹ്‌മാന്‍ രണ്ടത്താണിയും കുന്നത്ത് മുഹമ്മദും ഇടത് സ്ഥാനാര്‍ഥികളാകുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് അബ്ദുള്‍ വഹാബിന്റെ പ്രതികരണം.

പ്രഗത്ഭരും പുതുമുഖങ്ങളും ഉള്‍പ്പെട്ട മനോഹരമായ പട്ടികയാണ് ഇത്തവണ മുസ്ലീം ലീഗ് പ്രഖ്യാപിച്ചത്. ലീഗിന് അനുവദിച്ച 27 നിയോജക മണ്ഡലങ്ങളില്‍ എല്ലാ നേതാക്കളെയും ഉള്‍പ്പെടുത്തുക അപ്രായോഗികമാണ്. ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കില്‍ അടുത്ത അവസരത്തിനായി കാത്തിരിക്കാം. മുസ്ലീം ലീഗുകാരന്‍ എന്നാല്‍ ഒരു വികാരമാണെന്നും അബ്ദുള്‍ വഹാബ് പറഞ്ഞു.

താത്കാലിക ലാഭത്തിന് വേണ്ടി വന്നവര്‍ക്ക് എളുപ്പത്തില്‍ പാര്‍ട്ടി വിട്ട് പോകാം. എന്നാല്‍ മുസ്ലിം ലീഗുകാരന്‍ എന്ന വികാരമുള്ളവര്‍ക്ക് ഈ പ്രസ്ഥാനം വിട്ട് എങ്ങോട്ടും പോകാനാവില്ല. യുഡിഎഫിന്റെ വിജയത്തിന് വേണ്ടി ഒന്നിച്ചിറങ്ങാമെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് നേതൃത്വത്തോട് ഇടഞ്ഞ മുതിര്‍ന്ന നേതാവ് അബ്ദുറഹ്‌മാന്‍ രണ്ടത്താണി തിരൂരങ്ങാടിയിലും കുന്നത്ത് മുഹമ്മദ് മങ്കടയിലും സ്ഥാനാര്‍ഥിയാകുമെന്നാണ് വിവരം. നിര്‍ണായക തീരുമാനം മലപ്പുറം സിപിഐഎം ജില്ല സെക്രട്ടേറിയറ്റിലാണ് ഉണ്ടായത്. സീറ്റ് കിട്ടാത്തതോടെയാണ് രണ്ടത്താണി പരസ്യ കലാപം ഉയര്‍ത്തിയത്. സിപിഐഎമ്മുമായി എക്കാലത്തും നല്ല ബന്ധമെന്ന് രണ്ടത്താണി പറഞ്ഞു.

മുസ്ലിം ലീഗിലെ പ്രതിസന്ധി ഇടതുപക്ഷത്തിന് അനുകൂലമായി പ്രയോജനപ്പെടുത്തുമെന്നാണ് എ. വിജയരാഘവന്‍ പ്രതികരിച്ചത്. ഇടത് എംഎല്‍എമാരുടെ എണ്ണം കൂട്ടാന്‍ എന്തും ചെയ്യുമെന്നും വിജയരാഘവന്‍ പറഞ്ഞു.

അതേസമയം, രണ്ടത്താണിയെ അനുനയിപ്പിക്കാന്‍ മുസ്ലീം ലീഗില്‍ തിരക്കിട്ട നീക്കമാണ് നടക്കുന്നത്. ലീഗ് നേതാക്കള്‍ രണ്ടത്താണിയുമായി ചര്‍ച്ച നടത്തിയെന്നും മത്സരത്തിലേക്ക് പോകരുതെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.

പട്ടികയില്‍ കൊടുവള്ളിയില്‍ പി.കെ. ഫിറോസിനെ സ്ഥാനാര്‍ഥിയാക്കിയതിലും ഒരു വിഭാഗം സാദിഖലി തങ്ങളെ പ്രതിഷേധമറിയിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥി പട്ടികയില്‍ വനിതാ ലീഗിനെ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി നൂര്‍ബിന റഷീദും രംഗത്തെത്തിയിരുന്നു.

SCROLL FOR NEXT