നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജിനെതിരെ പി.വി. അന്‍വര്‍. സ്വന്തം നാടായ നിലമ്പൂരില്‍ പ്രളയമുണ്ടായപ്പോള്‍ സ്വരാജ് എവിടെയായിരുന്നു എന്ന് പി.വി. അന്‍വര്‍ ചോദിച്ചു. ലോകത്തെ വിഷയങ്ങള്‍ മുഴുവന്‍ സംസാരിക്കുന്ന സ്വരാജ് എന്തുകൊണ്ട് നിലമ്പൂരിലെ വിഷയങ്ങളില്‍ സംസാരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
''സ്വരാജ് വ്യക്തിപരമായി എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. പക്ഷെ പിണറായിസത്തെ താലോലിക്കുന്നതില്‍ മുന്‍പന്തിയിലാണ് സ്വരാജ്. നിലമ്പൂരുകാരന്‍ ആണെന്ന് സ്വരാജ് പറയുന്നുണ്ടല്ലോ. ഈ വന്യമൃഗ പ്രശ്‌നങ്ങള്‍ ഒക്കെ ഉണ്ടായിട്ട്, നിലമ്പൂരിലേക്ക് വന്ന് സര്‍ക്കാരിന്റെ അടുത്ത് പോരായ്മ ഉണ്ടെന്ന് സൂചിപ്പിക്കാനെങ്കിലും എം. സ്വരാജ് തയ്യാറിയിട്ടുണ്ടോ? നിലമ്പൂരിലെ ജനങ്ങള്‍ പറയട്ടെ,'' പി.വി. അന്‍വര്‍ പറഞ്ഞു.
ജില്ലാ പൊലീസ് സൂപ്രണ്ട് ഒരു ജനവിഭാഗത്തെ മുഴുവന്‍ വക്രീകരിച്ച് സംസാരിച്ചപ്പോള്‍ ലോകത്തിലെ വിഷയങ്ങള്‍ മുഴുവന്‍ സംസാരിക്കുന്ന സ്വരാജ് ഒരു വട്ടം, ഒരു ഫേസ്ബുക്ക് പോസ്‌റ്റെങ്കിലും പൊലീസ് നടപടി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് പങ്കുവെച്ചിരുന്നോ? സ്വരാജ് പലസ്തീനിലെ മുസ്ലീങ്ങള്‍ക്ക് വേണ്ടി സംസാരിക്കും. അതിന് മുടക്കൊന്നുമില്ലല്ലോ. ലോകത്ത് ഉണ്ടെന്ന് പറയുന്ന ഇസ്ലാമോ ഫോബിയയ്‌ക്കെതിരെ സംസാരിക്കും. അല്ലാതെ ഇന്ത്യയില്‍ നടക്കുന്ന, മലപ്പുറത്ത് നടക്കുന്ന, മൂക്കിന്റെ താഴെ നടക്കുന്ന നിലമ്പൂരിലെ വിഷയത്തില്‍ പോലും അദ്ദേഹം സംസാരിക്കില്ല.
നിലമ്പൂരില്‍ ഒരു പ്രളയമുണ്ടായല്ലോ. അപ്പോള്‍ സ്വരാജിനെ നിങ്ങള്‍ ആരെങ്കിലും കണ്ടിരുന്നോ? പോത്തുകല്ല് അദ്ദേഹത്തിന്റെ പഞ്ചായത്താണ്. ഒരു ഫോട്ടോയിലോ വീഡിയോയിലോ എങ്കിലും സ്വരാജിനെ കാണിച്ചു തരാന്‍ കഴിയുമോ? പക്ഷെ ആ ദുരന്തത്തെ താന്‍ എങ്ങനെയാണ് നേരിട്ടത്? ഒരാള്‍ക്കെങ്കിലും പ്രശ്‌നം ഉണ്ടായോ എന്നും അന്‍വര്‍ ചോദിച്ചു. ആറ് മാസം കൊണ്ട് എല്ലാ പ്രശ്‌നവും തീര്‍ത്തെന്നും അന്‍വര്‍ പറഞ്ഞു.
ഇനി യുഡിഎഫിന്റെ ഭാഗമാകാന്‍ ഇല്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ പി.വി. അന്‍വര്‍ പറഞ്ഞു. തനിക്ക് നിലമ്പൂരില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും കൈയ്യില്‍ പണമില്ലെന്നും അതിനാല്‍ മത്സരിക്കുന്നില്ലെന്നും അന്‍വര്‍ കൂട്ടിച്ചേർത്തു.