പി.വി. അൻവറും, എം. സ്വരാജും  Source: Facebook/ PV ANVAR, M Swaraj
KERALA

"പിണറായി വിജയൻ കേരളം കണ്ട ഏറ്റവും വലിയ വഞ്ചകൻ"; മുഖ്യമന്ത്രിക്കെതിരെ വിമർശനശരങ്ങളുമായി പി.വി. അൻവർ

വി. എസ്. അച്യുതാനന്ദനെയും കമ്യൂണിസ്റ്റുകാരെയും പിണറായി വിജയൻ വഞ്ചിച്ചുവെന്നും അൻവർ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനശരങ്ങളുമായി പി.വി. അൻവർ. കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനാണ് മുഖ്യമന്ത്രി. വി.എസ് അച്യുതാനന്ദനെയും കമ്യൂണിസ്റ്റകാരെയും പിണറായി വിജയൻ വഞ്ചിച്ചുവെന്നും അൻവർ പറഞ്ഞു.

കമ്യൂണിസ്റ്റ് പാർട്ടി എന്തിനാണ് മത വിഷയങ്ങളിൽ ഇടപെടുന്നതെന്നും, സർക്കാരിനും പിണറായിക്കും എതിരെ താൻ ഉന്നയിച്ച വിഷയങ്ങൾ യുഡിഎഫ് ഏറ്റെടുത്തതിൽ സന്തോഷമെന്നും അൻവർ പ്രതികരിച്ചു.

അതേസമയം, നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിൽ വലിയ പ്രചരണം നടക്കുന്നുവെന്ന് എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടിയിൽ നിന്നുള്ള ആളുകൾ ഇടതുപക്ഷത്തേക്ക് കടന്നു വന്നുവെന്നും, അവരാണ് മാലയിട്ട് സ്വീകരിച്ചത്. അതൊന്നും സാധാരണ ഗതിയിൽ പതിവില്ലാത്തതാണെന്നും സ്വരാജ് പറഞ്ഞു.

മലപ്പുറം ജില്ല ഇടതുപക്ഷത്തിന്റെ സൃഷ്ടിയാണെന്നും, ഇഎംഎസ് മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് മലപ്പുറം ജില്ല രൂപീകരിക്കുന്നതെന്നും സ്വരാജ് ഓർമപ്പെടുത്തി. ജില്ലാ രൂപീകരണത്തിനെതിരായി അന്ന് സമരം ചെയ്ത രണ്ട് പാർട്ടികൾ ഒന്ന് ജനസംഘവും മറ്റൊന്ന് കോൺഗ്രസുമാണ്.

മലപ്പുറം ജില്ലാ രൂപീകരണ വിരുദ്ധ പ്രചരണ ജാഥ വരെ അന്ന് നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ ജില്ലക്കെതിരെ സമരം നടത്തിയതിന്റെ കുറ്റബോധം കോൺഗ്രസിനുണ്ടെന്നും സ്വരാജ് പറഞ്ഞു. ആ കുറ്റബോധത്തിൻ്റെ പുറത്താണ് ഇപ്പോൾ ഓരോന്ന് പറയുന്നത്. അത് ക്ഷമിച്ച് കളയാമെന്നും സ്വരാജ് കൂട്ടിച്ചേർത്തു.

ക്ഷേമപെൻഷൻ വിവാദത്തിലുണ്ടായത് ഹീനമായ പ്രസ്താവനയാണ്. അത് തിരുത്തണമെന്ന് സ്വരാജ് ആവശ്യപ്പെട്ടു. ക്ഷേമ പ്രവർത്തനം എന്നത് സാധാരണക്കാരായ മനുഷ്യർക്കുള്ള ആശ്വാസ നടപടിയാണ്. ദരിദ്രന്റെ അവകാശമാണ് ക്ഷേമ പദ്ധതികൾ. ഉത്തരവാദിത്തമുള്ള സർക്കാർ ദരിദ്രരെ സഹായിക്കും തുണക്കുമെന്ന് സ്വരാജ് അറിയിച്ചു.

പെൻഷൻ വാങ്ങുക എന്നത് അർഹതപ്പെട്ടവരുടെ അവകാശമാണ്. അവരെ കൈക്കൂലിക്കാരായി പരിഹസിക്കുന്നത് ആരായാലും അത് ശരിയല്ല, അത് തിരുത്തണം. പെൻഷൻ വാങ്ങുന്ന 60 ലക്ഷം ആളുകളും കൈക്കൂലിക്കാരാണെന്ന് എങ്ങനെ പറയുമെന്നും സ്വരാജ് ചോദ്യമുന്നയിച്ചു.

ചാറ്റ് ജിപിറ്റിയുടെ കാലത്ത് ഇത്തരം വാക്കുകൾക്ക് അതിൽ നിന്ന് കിട്ടുന്ന മറുപടി ജനക്ഷേമ നടപടികൾ, കേരള മോഡൽ വികസനം എന്നെല്ലാമാണ് പിണറായിസം എന്നതിൻ്റെ മറുപടിയായി ലഭിക്കുന്നത്. അതൊക്കെയാണ്‌ പിണറായിസം എങ്കിൽ അതിനെ ഈ നാട് സ്വീകരിക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നതെന്നും സ്വരാജ് അറിയിച്ചു.

നിലമ്പൂരിൽ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുന്നില്ലെന്ന് ഷോൺ ജോർജ് പ്രതികരിച്ചു. കുടിയേറ്റ കർഷകർ കഴിഞ്ഞകാലങ്ങളിൽ സിപിഐഎമ്മിനും കോൺഗ്രസിന് ഒപ്പമായിരുന്നു. എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ് കർഷക വിഭാഗത്തിൻ്റെ പ്രതിനിധിയാണ്. മോഹൻ ജോർജിൻ്റെ പേര് കൊണ്ട് ക്രിസ്ത്യാനിയായി ബ്രാൻഡ് ചെയ്യണമെന്ന് ബിജെപിയുടെ ലക്ഷ്യമെന്ന് നിങ്ങൾ വിചാരിച്ചാൽ അതിന് മറുപടിയില്ലെന്നും ഷോൺ ജോർജ് പ്രതികരിച്ചു.

മലയോര ജനത നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഇരു മുന്നണികൾക്കും കഴിയില്ലെന്നും, 2016 മുതൽ റബ്ബറിന് 260 നൽകാമെന്ന് എൽഡിഎഫ് മാനിഫെസ്റ്റോയിൽ പറഞ്ഞിരുന്നു, അത് നൽകിയില്ലെന്നും ഷോൺ ജോർജ് കുറ്റപ്പെടുത്തി.മോഹൻ ജോർജിനെ പോലെ ആയിരങ്ങൾ ബിജെപിയിലേക്ക് കടന്നുവരുമെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.

SCROLL FOR NEXT