നിലമ്പൂർ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഒരു റോളുമില്ലെന്ന് പി.വി. അൻവർ. പ്രതിപക്ഷ നേതാവിന് ഒരു റോളും ഇല്ല. കൂടാതെ പിണറായി വിജയനെയും ആര്യാടൻ ഷൗക്കത്തിനെയും ജനങ്ങൾ തോൽപ്പിക്കുമെന്നും അൻവർ പറഞ്ഞു.
തൻ്റെ നാമനിർദേശ പത്രിക തള്ളിയത് തിരിച്ചടിയല്ലെന്നും, ജനങ്ങളുടെ തിരിച്ചടി മാത്രമേ ഭയക്കേണ്ടൂ എന്നും അൻവർ ന്യൂസ് മലയാളത്തോട് പറഞ്ഞു.
ടിഎംസി സ്ഥാനാർഥിയാവാൻ സമർപ്പിച്ച പത്രികയിൽ പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പി.വി. അൻവറിൻ്റെ പത്രിക തള്ളിയത്. ടിഎംസി ദേശീയ പാർട്ടി അല്ലാത്തതിനാൽ നോമിനേഷനിൽ 10 പേർ ഒപ്പ് ഇടണമായിരുന്നു. അത് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയതെന്നാണ് ലഭ്യമാകുന്ന വിവരം.
എന്നാൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനുള്ള അൻവറിൻ്റെ പത്രിക വരണാധികാരി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ പാർട്ടി സ്ഥാനാർഥിയായി മത്സരിക്കാൻ പറ്റില്ലെന്ന വിവരം പുറത്തുവന്നതോടെ ആംആദ്മി പാർട്ടി പി. വി. അൻവറിനെ നൽകിയ പിന്തുണ പിൻവലിച്ചിട്ടുണ്ട്.
അതേസമയം, നിലമ്പൂരിൽ പ്രചരണച്ചൂട് ഏറുകയാണ്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് വോട്ടർമാരെ നേരിൽ കാണാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർഥികൾ. ആരോപണ-പ്രത്യാരോപണങ്ങളുമായി യുഡിഎഫും എൽഡിഎഫും പ്രചാരണം കൊഴുപ്പിക്കുകയാണ്.
പ്രധാന നേതാക്കൾ സ്ഥാനാർഥികൾക്ക് വോട്ട് തേടാനായി ഇന്നും മണ്ഡലത്തിലെത്തും. യുഡിഎഫിലെ അനൈക്യവും അഭിപ്രായ ഭിന്നതയും എൽഡിഎഫ് ആയുധമാക്കുമ്പോൾ,ദേശീയപാത അടക്കമുള്ള ജനകീയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രതിപക്ഷം പ്രചരണം കൊഴുപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപിയും സജീവമായി രംഗത്തുണ്ട്.ജൂൺ 19നാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 23ന് ഫലപ്രഖ്യാപനവും നടക്കും.
സിപിഐഎമ്മിൽ നിന്ന് എം. സ്വരാജ്, കോൺഗ്രസിൽ നിന്ന് ആര്യാടൻ ഷൗക്കത്ത്, ബിജെപിയിൽ നിന്ന് മോഹൻ ജോർജ്, പി.വി. അൻവർ എന്നിവരാണ് മത്സര രംഗത്തുള്ള പ്രമുഖർ. നിലമ്പൂരിൽ ത്രികോണ മത്സരത്തിനുള്ള ചിത്രം തെളിഞ്ഞതോടെ തൃണമൂൽ പി.വി. അൻവറിനെ അവഗണിച്ച് പ്രചരണം നടത്താനാണ് എൽഡിഎഫ്-യുഡിഎഫ് മുന്നണികളുടെ ശ്രമം. പി.വി. അൻവർ ഉന്നയിക്കുന്ന വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും മറുപടി പറഞ്ഞ് കൂടുതൽ ചർച്ചയ്ക്ക് വഴി തുറക്കേണ്ടെന്ന് ഇരുമുന്നണികളും ഒരുപോലെ പറയുന്നു.