തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഭരണത്തെ തുലാസിലാക്കി ആർ.ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവച്ചു. പാർട്ടി മേയർ സ്ഥാനം നൽകാത്തതിലുള്ള അതൃപ്തിയാണ് രാജിയ്ക്ക് പിന്നിലെന്നാണ് വിവരം. ശ്രീലേഖ രാജിക്കത്ത് മേയർ വി.വി.രാജേഷിന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.
രാജി വ്യക്തിപരമായ കാരണങ്ങളാൽ എന്നാണ് ശ്രീലേഖ നൽകുന്ന വിശദീകരണം. ഒരു സീറ്റിൻ്റെ ഭൂരിപക്ഷത്തിൽ ഭരണത്തിലേറിയ ബിജെപിക്ക് ശ്രീലേഖയുടെ രാജി കനത്ത തിരിച്ചടിയാവും.
മേയർസ്ഥാനത്തേക്ക് പരിഗണിക്കാമെന്ന് പറഞ്ഞാണ് മത്സരിപ്പിച്ചിരുന്നതെന്ന് നേരത്തെ ശ്രീലേഖ പറഞ്ഞിരുന്നു. മേയർ സ്ഥാനത്ത് നിന്ന് തഴയപ്പെട്ടതിൽ അവർക്ക് അമർഷമുണ്ടായിരുന്നു. ഇത് പലപ്പോഴായി പരസ്യമായി തന്നെ ശ്രീലേഖ പ്രകടിപ്പിച്ചിട്ടുമുണ്ട്.
നിലവിൽ ബിജെപി കോർപ്പറേഷൻ ഭരിക്കുന്നത് സ്വതന്ത്ര പിന്തുണയോടെയാണ്. 101 അംഗ കൗൺസിലിൽ 50 സീറ്റുകളാണ് ബിജെപിയ്ക്ക് ഉള്ളത്. ഒരു സ്വതന്ത്രൻ്റെ പിന്തുണയോടെയാണ് ബിജെപി ഭരണം നടത്തുന്നത്. ശ്രീലേഖ രാജി വച്ചതോടെ 49 ലേക്ക് ചുരുങ്ങും. ഇതോടെ ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടമാകും.