കേരളാ പൊലീസ് ആസ്ഥാനമന്ദിരം Source: News Malayalam 24x7
KERALA

സംസ്ഥാന പൊലീസ് മേധാവിയാകാന്‍ ഐപിഎസ് തലപ്പത്ത് തമ്മിലടി; പ്രാഥമിക പട്ടികയിലുള്ളവർക്കെതിരെ പരാതികളുടെ പ്രളയം

മനോജ് എബ്രഹാമിനെ പട്ടികയിലേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തിയാണ് ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചത്

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ പൊലീസ് മേധാവിയാകാനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം പിടിക്കാനായി ഐപിഎസ് തലപ്പത്ത് തമ്മിലടി. പ്രാഥമിക പട്ടികയിലുള്ളവർക്കെതിരെ യുപിഎസ്‌സിയിലേക്ക് പരാതികളുടെ പ്രളയമാണ്. രണ്ടാഴ്ചയ്ക്കുള്ളിലാകും അന്തിമ പട്ടിക തയ്യാറാകുക.

നിധിന്‍ അഗര്‍വാള്‍, രവാഡാ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം.ആര്‍. അജിത്കുമാര്‍ എന്നിവരുടെ പട്ടികയാണ് സംസ്ഥാനം കേന്ദ്രത്തിന് അയച്ചിരിക്കുന്നത്. യുപിഎസ്‌സിയുടെ ചുരുക്കപ്പട്ടികയിൽ ഇടം പിടിക്കാൻ പലരും ചരടുവലികൾ തുടങ്ങിക്കഴിഞ്ഞു. മുന്നിലുള്ളവരെ പട്ടികയില്‍ നിന്നൊഴിവാക്കാന്‍ ആരോപണങ്ങളുടെയും പരാതികളുടെയും കെട്ടഴിക്കുകയാണ് ഉദ്യോഗസ്ഥർ.

മനോജ് എബ്രഹാമിനെ പട്ടികയിലേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തിയാണ് ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചത്. എന്നാല്‍ ഹർജി നിലനിൽക്കുന്നതാണോ എന്ന് ഹൈക്കോടതി ചോദിച്ചു. ഇത് സർവീസ്  വിഷയമല്ലേയെന്നും ഹർജിക്കാരനെ നേരിട്ട് ബാധിക്കുന്നതല്ലല്ലോ എന്നുമായിരുന്നു ഹർജി പരിഗണിച്ച   ജസ്റ്റിസ് എൻ. നഗരേഷിന്റെ ചോദ്യം. നിയമനം നടന്നിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയ കോടതി മാധ്യമ പ്രവർത്തകൻ എം.ആർ. അജയൻ സമർപ്പിച്ച പൊതുതാല്‍പ്പര്യ ഹർജി ഈ മാസം 11ലേക്ക് മാറ്റി.

മനോജ് എബ്രഹാം ഡിജിപി ആയാൽ പൊലീസ് സേനയുടെ നിഷ്പക്ഷതയും വിശ്വാസ്യതയും നഷ്ടപ്പെടുമെന്നാണ് ഹർജിയിലെ ആരോപണം. മനോജ് എബ്രഹാം ഉള്‍പ്പെടെ പട്ടികയിലെ മൂന്ന് പേരെ അയോഗ്യരാക്കിയാല്‍ മാത്രമേ ആറാം സ്ഥാനത്തുള്ള അജിത്കുമാറിന് സാധ്യതയുള്ളൂ. നിഥിന്‍ അഗര്‍വാളിനെതിരെ മൂന്ന് പരാതികളാണ് യുപിഎസ്‌സിക്ക് ലഭിച്ചത്. ഇതുകൂടാതെ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള രവാഡയേയും പുരോഹിതിനേയും പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടും അജ്ഞാത പരാതികളെത്തി.

അന്തിമപട്ടിക തയാറാക്കാനുള്ള യുപിഎസ്‌സി യോഗം 20-ാം തീയതിക്ക് മുന്‍പ് നടക്കും. യുപിഎസ്‌സി ചുരുക്കപ്പട്ടികയിലെത്തുന്ന മൂന്ന് പേരില്‍ നിന്നൊരാളെ മന്ത്രിസഭയ്ക്ക് സംസ്ഥാന പൊലീസ് സേനയുടെ ഡിജിപിയായി തെരഞ്ഞെടുക്കാം.

SCROLL FOR NEXT