തിരുവനന്തപുരം: രാഹുൽ ഈശ്വറിന് ജാമ്യം കിട്ടാനും കോടതിക്ക് മനസ്സലിവ് തോന്നാനും വേണ്ടി പ്രതിഭാഗം അഭിഭാഷകൻ നടത്തിയ വിചിത്രവാദം ഏറ്റെടുത്ത് സോഷ്യൽ മീഡിയ. തൻ്റെ കക്ഷി ബുദ്ധിയില്ലാത്ത ആളാണെന്നാണ് രാഹുൽ ഈശ്വറിൻ്റെ അഭിഭാഷകൻ തിരുവനന്തപുരം നാലാം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചത്. ഇത് മാധ്യമങ്ങളിൽ വാർത്തയായതോടെ രാഹുൽ ഈശ്വറിനെതിരെ വ്യാപക പരിഹാസങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പീഡനക്കേസിലെ അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചിരുന്നു. നിയമ സംവിധാനത്തെ വെല്ലുവിളിക്കുന്നതും അന്വേഷണത്തോട് സഹകരിക്കാത്തതുമായ വ്യക്തിക്ക് ജാമ്യം നൽകുന്നത് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന നിരീക്ഷണത്തോടെയാണ് കോടതി രാഹുൽ ഈശ്വറിന് ജാമ്യം നിഷേധിച്ചത്.
ഇത് രണ്ടാം തവണയാണ് രാഹുലിൻ്റെ ജാമ്യം തള്ളുന്നത്. കഴിഞ്ഞ ഒൻപത് ദിവസമായി രാഹുൽ ഈശ്വർ ജയിലിലാണ്. ശനിയാഴ്ച നിരാഹാരം അവസാനിപ്പിച്ച രാഹുലിനെ തിങ്കളാഴ്ചയോടെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഒരു അഭിഭാഷകനെ കൊണ്ടും അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ മറ്റൊരു അഭിഭാഷകനെ കൊണ്ടും ജാമ്യഹർജി ഫയൽ ചെയ്തത് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ജില്ലാ കോടതിയിലെ ഹർജി പിൻവലിച്ച് അതിൻ്റെ രേഖകൾ ഹാജരാക്കിയ ശേഷമാണ് മജിസ്ട്രേറ്റ് കോടതി വാദം കേട്ടത്. ഇക്കാര്യത്തിൽ രാഹുൽ ഈശ്വർ കോടതിയിൽ ക്ഷമ ചോദിക്കുകയും ചെയ്തു.
ലൈംഗിക പീഡനക്കേസിലെ എഫ്ഐആർ പൊതുരേഖയായി കണക്കാക്കാനാകില്ലല്ലോ എന്ന് കോടതി ചോദിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ കേസിൻ്റെ എഫ്ഐആർ വീഡിയോയിൽ വായിക്കുക മാത്രമാണ് ചെയ്തതെന്നും അതിജീവിതയെ മോശപ്പെടുത്തുന്ന കാര്യങ്ങൾ പറഞ്ഞിട്ടില്ലെന്നുമാണ് രാഹുലിൻ്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. എഫ്ഐആർ വായിച്ചതിൽ തെറ്റുപറ്റിപ്പോയെന്നും വീഡിയോ പിൻവലിക്കാൻ തയാറാണെന്നും പ്രതിഭാഗം അറിയിച്ചു.
തൻ്റെ കക്ഷി ബുദ്ധിയില്ലാത്ത ആളാണെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ പരാമർശിച്ചു. എന്നാൽ ബുദ്ധിയുള്ള നീക്കങ്ങളാണ് പ്രതി നടത്തുന്നതെന്നും പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ സഹായിക്കുകയാണ് രാഹുൽ ഈശ്വർ ചെയ്തതെന്നും പ്രോസിക്യൂഷന് വേണ്ടി എപിപി അരുൺ വാദിച്ചു. മോശപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ച ശേഷം പിൻവലിക്കുന്നതിൽ കാര്യമുണ്ടോയെന്നും പ്രോസിക്യൂഷൻ ചോദിച്ചു. ജാമ്യ ഹർജി പോലും നിയമവിരുദ്ധമായ സാഹചര്യത്തിൽ അത് പരിഗണിക്കരുത് എന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്.
അന്വേഷണവുമായി പ്രതി ഒരു തരത്തിലും സഹകരിക്കുന്നില്ലെന്നും കണ്ടെടുത്ത ലാപ്ടോപ്പിൻ്റെ പാസ്‌വേഡ് നൽകാൻ കൂട്ടാക്കുന്നില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഇത് അന്വേഷണത്തെ സാരമായി ബാധിക്കുന്നുണ്ട്. പ്രതി സഹകരിക്കുന്നു എന്നത് അഭിഭാഷകൻ കോടതിയിൽ പറയുന്ന വാക്കുകൾ മാത്രമാണെന്നും യാഥാർഥ്യം മറ്റൊന്നാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഏഴു ദിവസമായി ജയിലിൽ തുടരുന്ന രാഹുലിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന ആവശ്യവുമായി പൊലീസും രംഗത്തെത്തിയിട്ടുണ്ട്.
ഇതിനിടെ ജയിലിൽ വെള്ളം മാത്രം കുടിച്ച് നിരാഹാര സമരത്തിലിരിക്കുന്ന രാഹുലിൻ്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കായി ഇന്നലെ ഉച്ചയോടെയാണ് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് അഡ്മിറ്റ് ചെയ്യാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ. തുടർന്ന് ജയിലിൽ നിന്ന് ആഹാരം കഴിക്കാമെന്നും ജയിൽ അധികൃതരെ അറിയിച്ചു.
ഡിസംബർ 10ന് രാഹുലിനെ കോടതിയിൽ ഹാജരാക്കണമെന്നും നിർദേശമുണ്ട്. ഇതുവരെ അന്വേഷണം നടന്നില്ലെന്നും പ്രതിയുടെ നിസഹകരണവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിജീവിതയെ അധിക്ഷേപിച്ചിട്ടില്ല എന്നുമാണ് രാഹുൽ കോടതിയെ അറിയിച്ചത്. ഇനി കുറ്റകൃത്യം ആവർത്തിക്കില്ലെന്നും അതിജീവിതകൾക്ക് എതിരെ ഇനി പോസ്റ്റ് ഇടില്ലെന്നും ഇട്ടതെല്ലാം പിൻവലിച്ചുവെന്നും രാഹുൽ ഈശ്വർ കോടതിയെ അറിയിച്ചിട്ടുണ്ട്. ക്ലൗഡിൽ നിന്ന് പിൻവലിക്കാമെന്നും രാഹുൽ അറിയിച്ചു.