രാഹുൽ മാങ്കൂട്ടത്തിൽ Source: Files
KERALA

ബലാത്സംഗക്കേസിൽ രാഹുൽ അഴിക്കുള്ളിൽ തന്നെ; ജാമ്യാപേക്ഷ തള്ളി

തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്.

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷ തള്ളി. തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. തിരുവല്ല സ്വദേശിയാണ് രാഹുലിനെതിരെ ബലാത്സംഗ പരാതി നൽകിയത്. ഈ മാസം 11ന് രാവിലെയോടെയായിരുന്നു രാഹുലിനെ എസ്ഐടി അറസ്റ്റ് ചെയ്തത്. അന്ന് പുലർച്ചെ 12.30ഓടെ പാലക്കാട് കെപിഎം ഹോട്ടലിൽ നിന്നും രാഹുലിനെ കസ്റ്റഡിയിലെടുത്തത്.

ഗർഭച്ഛിദ്രം, നിർബന്ധിത ഗർഭച്ഛിദ്രം, ബലാത്സംഗം, പെൺകുട്ടിയുടെ പിതാവിനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തൽ, തുടങ്ങിയ പരാതികളാണ് പെൺകുട്ടി അയച്ച ഇമെയിലിൽ പറയുന്നത്. അതീവ രഹസ്യമായി സൂക്ഷിച്ച പരാതിയിൽമേൽ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.

രാഹുൽ ചതിച്ചുവെന്ന് മനസിലാക്കിയതോടെയാണ് യുവതി പരാതി നൽകിയത്. യുവതി മെഡിക്കൽ തെളിവുകൾ അടക്കം അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. രാഹുലിന് സൗന്ദര്യ വസ്തുക്കൾ അടക്കം വാങ്ങി നൽകിയിരുന്നു. പിന്നാലെ സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും, പീഡനത്തിന് ശേഷം ബ്ലാക്ക് മെയിലിങ് ചെയ്തുവെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

സംസാരിക്കാൻ എന്ന് പറഞ്ഞ് തന്നെ കൊണ്ട് ഹോട്ടലിൽ മുറി എടുപ്പിച്ചെന്നും, നേരിൽ കണ്ടയുടനെ കടന്നുപിടിക്കുകയും, ക്രൂരബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തുവെന്ന് യുവതി പരാതിയിൽ പറയുന്നു. ചെരിപ്പ് വാങ്ങാനായി 10000 രൂപ നൽകിയെന്നും, പീന്നീട് തൻ്റെ പക്കലുള്ള ആഡംബര വാച്ച് കൈക്കലാക്കിയെന്നും യുവതി പരാതിയിൽ പറയുന്നു. ഗർഭിണി ആണെന്ന് അറിഞ്ഞതിന് ശേഷം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ലെന്നും, തുടർന്ന് പറ്റിക്കപ്പെടുകയാണ് എന്ന് മനസിലായി എന്നും യുവതി പറഞ്ഞു.

അതേസമയം, പരാതിക്കാരിയെ അറിയാമെന്നും, യുവതിയുമൊത്ത് പത്തനംതിട്ടയിലെ ക്ലബ് സെവൻ ഹോട്ടലിൽ എത്തിയിരുന്നു എന്നും രാഹുൽ അന്വേഷണസംഘത്തോട് സമ്മതിച്ചിരുന്നു. തെളിവെടുപ്പ് നടത്താൻ എത്തിച്ചപ്പോഴും, കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴും വലിയ പ്രതിഷേധമാണ് രാഹുലിനെതിരെ ഉണ്ടായത്. രാഹുലിന് നേരെ ചീമുട്ട എറിയുകയും, ഡിവൈഎഫ്ഐ പ്രവർത്തകർ പൊതിച്ചോറ് ഉയർത്തുകയും ചെയ്‌തിരുന്നു. രാഹുലുമായി പുറത്ത് ഉള്ളപ്പോഴൊക്കെ വലിയ തോതിലുള്ള ജനരോഷവും പ്രതിഷേധ പ്രകടനങ്ങളും മറികടന്നാണ് പൊലീസുകാർ യഥാസ്ഥലങ്ങളിൽ എത്തിച്ചിരുന്നത്.

SCROLL FOR NEXT