KERALA

''പ്രണയം ചാറ്റിങ്ങും ചീറ്റിങ്ങുമായി മാറി, മാംസക്കൊതിയന്മാരുടെ കാമവെറികള്‍ക്ക് കീഴടങ്ങുന്നു''; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി രാഹുലിന്റെ ലേഖനം

''മിസ്ഡ് കോളില്‍ നിന്ന് വിരിയുന്ന പ്രണയങ്ങള്‍ പരിധിക്ക് പുറത്താകുമ്പോള്‍ താനേ കട്ടാകുന്നതും ഇന്ന് പതിവ് കാഴ്ചയാണ്'' എന്നും ലേഖനം

Author : ന്യൂസ് ഡെസ്ക്

ലൈംഗിക വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നാലെ ചര്‍ച്ചയായി കാതോലിക്കേറ്റ് കോളേജിലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ലേഖനം. പ്രണയത്തെക്കുറിച്ച് രാഹുല്‍ എഴുതിയ ലേഖനമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ ആയി മാറിയിരിക്കുന്നത്.

'ഇന്ന് പ്രണയമെന്ന വാക്ക് ഡേറ്റിങ്ങ് എന്നും ചാറ്റിങ്ങെന്നും ചീറ്റിങ്ങെന്നുമൊക്കെയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. പ്രണയം പലപ്പോഴും അതിരുകള്‍ വിട്ട്, മാംസക്കൊതിയന്മാരുടെ കാമവെറികള്‍ക്കും കാമറക്കണ്ണുകള്‍ക്കും കീഴടങ്ങിയിരിക്കുന്നു. വസ്ത്രം മാറുന്നത് പോലെ പ്രണയം മാറുന്നത് ക്യാംപസിന്റെ പുതിയ ട്രെന്‍ഡാണ്. ക്യാംപസ് പ്രണയങ്ങള്‍ക്ക് മുന്നില്‍ ദാമ്പത്യത്തിന്റെ വാതായനങ്ങള്‍ ഇന്ന് കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നു. ഒരു മൊബൈലില്‍ നിന്ന് ഒരുപാട് കാമുകന്മാരെയും കാമുകിമാരെയും സമ്പാദിച്ച് രസിക്കുകയാണ് പലരും. മിസ്ഡ് കോളില്‍ നിന്ന് വിരിയുന്ന പ്രണയങ്ങള്‍ പരിധിക്ക് പുറത്താകുമ്പോള്‍ താനേ കട്ടാകുന്നതും ഇന്ന് പതിവ് കാഴ്ചയാണ്,' എന്നിങ്ങനെ പോകുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്.

'ലൈബ്രറിയുടെ അരണ്ട വെളിച്ചത്തില്‍ പുസ്തകങ്ങള്‍ക്കിടയില്‍ പ്രണയലേഖനമൊളിപ്പിച്ച് നടന്നകന്ന റസിയയുടെയും ആ പ്രണയ ലേഖനത്തിലെ കവിതകള്‍ക്കുള്ളിലെ വരികള്‍ക്കിടയില്‍ റസിയ ഒളിപ്പിച്ചുവെച്ച ജീവിതത്തെ വായിച്ചറിയുവാന്‍ ഓടിയെത്തിയ പാട്ടുകാരന്‍ മുരളിയുടെയും പ്രതിരൂപങ്ങളാണ് ആദ്യം മനിസിലൂടെ കടന്നു പോയത്. റസിയമാരുടെ ചുണ്ടിലെ പുഞ്ചിരിപ്പാലിനുള്ളിലെ പഞ്ചസാരയാകുവാന്‍ കാത്തുനിന്ന മുരളിമാര്‍ കലാലയങ്ങള്‍ക്ക് അന്യമാകുന്നുവോ?,' എന്നും ലേഖനത്തിലെ വരികള്‍.

കാതോലിക്കേറ്റ് കോളേജിലെ 2009-10 വര്‍ഷത്തെ മാഗസിനിലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എഴുതിയ ലേഖനമാണ് ചര്‍ച്ചയാകുന്നത്. രാഹുലിനെതിരെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്നതടക്കമുള്ള കോള്‍ റെക്കോര്‍ഡിങ്ങുകള്‍ ഉള്‍പ്പെടെ നിരവധി പരാതികളാണ് വന്നത്. അതില്‍ വാട്‌സാപ്പ് ചാറ്റിലൂടെ അശ്ലീല മെസേജുകള്‍ അയച്ചു എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്.

വിവാദങ്ങള്‍ക്ക് പിന്നാലെ രാഹുലിനെ ആദ്യം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ ഇന്ന് രാഹുലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. രാഹുലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് മാഗസിനില്‍ രാഹുലെഴുതിയ വരികള്‍ ചര്‍ച്ചയാകുന്നത്.

SCROLL FOR NEXT