പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ മൂന്നാം ബലാത്സംഗക്കേസിൽ നിർണായക തെളിവുകൾ കൈമാറി യുവതി. ക്രൂര ബലാത്സംഗം നേരിട്ടുവെന്നും, ശേഷം ബ്ലാക്ക് മെയിലിങ് ചെയ്ത് ജീവിതം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു. ഗർഭച്ഛിദ്രം, നിർബന്ധിത ഗർഭച്ഛിദ്രം, ബലാത്സംഗം, തുടങ്ങിയവയാണ് യുവതി പൊലീസിന് അയച്ച ഇമെയിലിൽ പ്രധാനമായും വ്യക്തമാക്കിയിട്ടുള്ളത്.
രാഹുൽ ചതിച്ചുവെന്ന് മനസിലാക്കിയതോടെയാണ് യുവതി പരാതി നൽകിയത്. യുവതി മെഡിക്കൽ തെളിവുകൾ അടക്കം അന്വേഷണ സംഘത്തിന് കൈമാറിയെന്നാണ് സൂചന. രാഹുൽ സൗന്ദര്യ വസ്തുക്കൾ അടക്കം വാങ്ങി നൽകിയിരുന്നു. പിന്നാലെ സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും, പീഡനത്തിന് ശേഷം ബ്ലാക്ക് മെയിലിങ് ചെയ്തുവെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സഹോദരിയുടെ വിവാഹം മുടക്കും എന്നും, പിതാവിനെ അപായപ്പെടുത്തുമെന്നും യുവതിയുടെ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
മുഖത്ത് അടിക്കുകയും ദേഹത്ത് തുപ്പുകയും ചെയ്തു. ഗർഭിണി ആണെന്ന് പറഞ്ഞപ്പോൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ഭ്രൂണത്തിൻ്റെ ഡിഎൻഎ പരിശോധനയ്ക്ക് ഒരുങ്ങിയിട്ടും രാഹുൽ സഹകരിച്ചില്ല. നിലവിൽ വിദേശത്തുള്ള യുവതി വീഡിയോ കോൾ വഴിയാണ് മൊഴി നൽകിയത്. കേസുമായി ബന്ധപ്പെട്ട നിർണായക ഡിജിറ്റൽ തെളിവുകളും യുവതി കൈമാറിയിട്ടുണ്ട്.
ചെരുപ്പ് വാങ്ങാനെന്ന പേരിൽ യുവതിയുടെ കൈയിൽ നിന്നും പതിനായിരം രൂപ വാങ്ങി. യുവതിയുടെ ആഢംബര വാച്ച് കൈവശപ്പെടുത്തി, സൗന്ദര്യവർധക വസ്തുക്കളടക്കം വാങ്ങിപ്പിക്കുകയും ചെയ്തു. വിവാഹബന്ധത്തിൽ പ്രശ്‌നങ്ങൾ ഉണ്ടായ സമയത്താണ് രാഹുലുമായി സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയം സ്ഥാപിച്ച രാഹുൽ, ഹോട്ടൽ മുറിയിൽ വച്ച് ക്രൂരബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്ന് യുവതി പരാതിയിൽ പറയുന്നു.
ഇന്ന് പുലർച്ചെ 12.30ഓടു കൂടിയാണ് രാഹുലിനെ പാലക്കാട് കെപിഎം ഹോട്ടലിൽ നിന്നും തിരുവനന്തപുരം എസ്‌ഐടി അറസ്റ്റ് ചെയ്തത്. രാഹുലിനെ നിരീക്ഷിക്കാൻ പൊലീസുകാർ കസ്റ്റഡിയിലെടുത്ത അതേ ഹോട്ടലിൽ താമസിച്ചിരുന്നു. ക്യത്യായ നീക്കങ്ങൾക്കൊടുവിലാണ് പൊലീസ് രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അതീവ രഹസ്യമായി നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്യാൻ പോയ ഉദ്യോഗസ്ഥരോട് പോലും എന്തിനാണ് അറസ്റ്റ് എന്ന വിവരം കൈമാറിയില്ല. പരാതിയുടെ വിവരങ്ങൾ രഹസ്യമാക്കി വെക്കണമെന്ന് ജി. പൂങ്കുഴലി ഐപിഎസ് നിർദേശം നൽകിയിരുന്നു. അഞ്ചു ദിവസം മുമ്പാണ് അന്വേഷണസംഘത്തിന് മുമ്പാകെ പരാതി നൽകിയത്. ഭ്രൂണത്തിൻ്റെ സാമ്പിൾ പോലും തെളിവായി ലഭിച്ചിരിക്കുന്ന കേസിലാണ് ഇപ്പോൾ രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.