പാലക്കാട്: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പാലക്കാട് കെപിഎം ഹോട്ടലിൽ നിന്നാണ് രാഹുലിനെ പുലർച്ചെ 12.30ഓടെ എസ്ഐടി കസ്റ്റഡിയിലെടുത്തത്. രാഹുലിനെതിരായ പരാതിയുടെ വിവരങ്ങള്‍ രഹസ്യമാക്കി വെക്കണമെന്ന് ജി. പൂങ്കുഴലി ഐപിഎസ് നിര്‍ദേശം നല്‍കിയിരുന്നു. ഇത് മുൻനിർത്തിയുള്ള നീക്കമാണ് അന്വേഷണസംഘം നടത്തിയത്. കസ്റ്റഡിയിലെടുക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥർ രാഹുൽ താമസിച്ച അതേ ഹോട്ടലിൽ മുറിയെടുക്കുകയും ചെയ്തിരുന്നു.
ഗർഭച്ഛിദ്രം, നിർബന്ധിത ഗർഭച്ഛിദ്രം, ബലാത്സംഗം, പെൺകുട്ടിയുടെ പിതാവിനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തൽ, തുടങ്ങിയ പരാതികളാണ് പെൺകുട്ടി അയച്ച ഇമെയിലിൽ പറയുന്നത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു പെണ്‍കുട്ടിയുടെ മൊഴിയെടുത്തത്. നാട്ടിലെത്തിയാലുടന്‍ വീണ്ടും രഹസ്യമൊഴി രേഖപ്പെടുത്തും. അഞ്ച് ദിവസം മുമ്പായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി പരാതി നല്‍കിയത്. ഇതിനുമുമ്പ് രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസുകൾക്ക് സമാനമായ കേസാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കുടുംബപ്രശ്നങ്ങളാണ് യുവതിയെ രാഹുലുമായി സൗഹൃദത്തിലാക്കാൻ കാരണമായത്. സോഷ്യൽമീഡിയ വഴി പരിചയപ്പെട്ടതിന് പിന്നാലെ നേരിൽ കാണണമെന്ന് പറഞ്ഞ് രാഹുൽ ഹോട്ടൽ റൂമിലേക്ക് വിളിച്ചുവരുത്തുകയും പിന്നാലെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്നും യുവാതി നൽകിയ പരാതിയിൽ പറയുന്നു. രാഹുൽ ചതിച്ചുവെന്ന് മനസിലാക്കിയതോടെയാണ് യുവതി പരാതി നൽകിയത്. യുവതി മെഡിക്കൽ തെളിവുകൾ അടക്കം അന്വേഷണ സംഘത്തിന് കൈമാറിയെന്നാണ് സൂചന.
ചെരുപ്പ് വാങ്ങാനെന്ന പേരിൽ യുവതിയുടെ കൈയിൽ നിന്നും പതിനായിരം രൂപ വാങ്ങി. യുവതിയുടെ ആഢംബര വാച്ച് കൈവശപ്പെടുത്തി, സൗന്ദര്യവർധക വസ്തുക്കളടക്കം വാങ്ങിപ്പിക്കുകയും ചെയ്തു. പിന്നാലെ സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും, പീഡനത്തിന് ശേഷം ബ്ലാക്ക് മെയിലിങ് ചെയ്തുവെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്രൂരപീഡനം നേരിട്ടുവെന്നും, ദേഹോപദ്രവം ഏൽപ്പിച്ചു എന്നും യുവതി നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഗർഭിണി ആണെന്ന് പറഞ്ഞപ്പോൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ഭ്രൂണത്തിൻ്റെ ഡിഎൻഎ പരിശോധനയ്ക്ക് ഒരുങ്ങിയിട്ടും രാഹുൽ സഹകരിച്ചില്ലെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധമെന്ന് രാഹുൽ ആദ്യമൊഴി നൽകി. നടന്നത് പീഡനമല്ലെന്നും രാഹുൽ വ്യക്തമാക്കി.