KERALA

വളരെ വളരെ മോശമെന്ന് മന്ത്രി ശിവൻകുട്ടി; പുറത്താക്കിയ ആളിൻ്റെ കാര്യത്തിൽ പാർട്ടിക്ക് ബാധ്യതയില്ലെന്ന് ഡിസിസി പ്രസിഡൻ്റ്

കോൺഗ്രസിൽ നിന്നുള്ള പിന്തുണ ഇപ്പോഴും രാഹുലിന് ലഭിക്കുന്നുവെന്ന് ശിവൻകുട്ടി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മൂന്നാം ബലാത്സംഗക്കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് മന്ത്രി വി. ശിവൻകുട്ടി. രാഹുലിനെതിരെ ഒന്നു രണ്ടുമല്ല, ഡസൻ കണക്കിന് പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരമെന്ന് മന്ത്രി പറഞ്ഞു. ഇപ്പോഴുണ്ടായത് വളരെ വളരെ മോശമായ കാര്യമാണ്. എംഎൽഎ സ്ഥാനം മറയാക്കി ഇത്തരം കാര്യം ചെയ്യരുതെന്നും, കോൺഗ്രസിൽ നിന്നുള്ള പിന്തുണ ഇപ്പോഴും രാഹുലിന് ലഭിക്കുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു.

കേസിൽ നിയമപരാമയി മുന്നോട്ട് പോകും. എത്ര വലിയ സ്വാധീനമുള്ള വ്യക്തിയാണെങ്കിലും കൃത്യമായ നടപടി എടുക്കും. പിണറായി വിജയൻ സർക്കാർ മുന്നോട്ട് വയ്ക്കുന്ന നിലപാട് അതാണെന്നും ശിവൻകുട്ടി പറഞ്ഞു. മറ്റേതെങ്കിലും സംസ്ഥാനത്ത് ഇതുപോലെ നടപടി എടുക്കുന്നതായി കാണാൻ കഴിയില്ല. വികസന പ്രവർത്തനങ്ങൾക്ക് നൽകുന്ന അതേ മുൻഗണന കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ ശിക്ഷിക്കുന്ന കാര്യത്തിലും നൽകുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഫ്രാങ്കോ മുളയ്ക്കലിൻ്റെ അറസ്റ്റ് മുതൽ തന്ത്രിയുടെ അറസ്റ്റ് വരെ അതിന് ഉദാഹരണമാണ് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കോൺഗ്രസ്‌ ഉന്നത നേതാക്കളും രാഹുലുമായി ഇപ്പോഴും പരസ്പര ധാരണയുണ്ട്. അതാണ് എംഎൽഎ സ്ഥാനം രാജി വയ്ക്കാത്തത്. നിലവിലെ കേസിൽ അഹങ്കാരത്തോടെയാണ് കുറ്റം ചെയ്തിരിക്കുന്നത്. എല്ലാരേയും വെല്ലുവിളിക്കുന്ന തരത്തിലാണ് രാഹുലിൻ്റെ നടപടി. ഈ കാര്യത്തിൽ എന്തുകൊണ്ടാണ് കോൺഗ്രസ് മെല്ലപ്പോക്ക് സ്വീകരിക്കുന്നതെന്നും മന്ത്രി ആരാഞ്ഞു.

എന്നാൽ പുറത്താക്കിയ ആളിൻ്റെ കാര്യത്തിൽ പാർട്ടിക്ക് ബാധ്യതയില്ലെന്ന് ആയിരുന്നു പാലക്കാട് ഡിസിസി പ്രസിഡൻ്റ് എ.തങ്കപ്പൻ്റെ പ്രതികരണം. രാഹുൽ ചെയ്തതിന് രാഹുൽ തന്നെ അനുഭവിക്കണമെന്നും തങ്കപ്പൻ പറഞ്ഞു. രാഹുലിൻ്റെ കേസിൽ അഭിപ്രായം പറയേണ്ട കാര്യം കോൺഗ്രസിനില്ല. എംഎൽഎ സ്ഥാനം രാജിവയ്ക്കണോ എന്ന് അദ്ദേഹം സ്വയം തീരുമാനിക്കേണ്ട കാര്യമാണെന്നും തങ്കപ്പൻ വ്യക്തമാക്കി. സംഘടനാ മര്യാദയുടെ ഭാഗമായി ആദ്യം സസ്പെൻഡും പിന്നീട് ഡിസ്‌മിസും ചെയ്തു. ഇനിയെല്ലാം അയാൾ സ്വയം അനുഭവിക്കണമെന്നും തങ്കപ്പൻ കൂട്ടിച്ചേർത്തു.

SCROLL FOR NEXT