തിരുവനന്തപുരം: തനിക്കെതിരായ ലൈംഗിക വിവാദത്തിലെ നിര്‍ണായക ഫോണ്‍ സംഭാഷണം പുറത്തുവന്നതിൽ പ്രതികരിച്ച് പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിൽ. തൻ്റെ പേരിൽ ഒരു ശബ്ദരേഖാ പുറത്തുവിടുമ്പോൾ മാധ്യമ പ്രവർത്തകർ എന്തുകൊണ്ടാണ് തന്നോട് ചോദിക്കാത്തതെന്നും അത് ശരിയായ മാധ്യമ പ്രവർത്തനം അല്ലെന്നും രാഹുൽ. തൻ്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം ആദ്യമേ പറഞ്ഞിരുന്നു. അന്വേഷണം മുന്നോട്ട് പോകുകയാണ്. തനിക്ക് അതിൽ ഇടപെടണം എന്നു തോന്നുമ്പോൾ ഇടപെടും. നിയമപരമായി മുന്നോട്ട് പോകും. രാജ്യത്തെ നിയമത്തിനെതിരായി ഒന്നും ചെയ്തിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തിൽ പറഞ്ഞു.
"രാജ്യത്തെ നിയമത്തിനെതിരായി ഈ ദിവസം വരെ ഒന്നും ചെയ്തിട്ടില്ല. നിയമപരമായി മുന്നോട്ട് പോകാൻ എനിക്ക് ആവകാശമുണ്ട്. അതുമായി മുന്നോട്ട് പോകും. അന്വേഷണം നടക്കുകയാണ്. നിയമപോരാട്ടം എപ്പോൾ വേണമെന്ന് ഞാൻ തീരുമാനിക്കും. മാധ്യമങ്ങൾ ഒരേ കാര്യം തിരിച്ചും മറിച്ചും കൊടുക്കുന്നു. എൻ്റെ നിരപരാധിത്വം ബോധ്യപ്പെടുത്തേണ്ടത് കോടതിയിലാണ്. അവിടെ അത് ബോധ്യപ്പെടുത്തും. മാധ്യമങ്ങളുടെ കോടതിയിൽ അത് വിശദീകരിക്കേണ്ട കാര്യമില്ല", രാഹുല്‍ മാങ്കൂട്ടത്തിൽ
എന്നാൽ ഓഡിയോയും ചാറ്റും നിങ്ങളുടേതല്ലേ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി രാഹുല്‍ മാങ്കൂട്ടത്തില്‍ നൽകിയില്ല. തൻ്റെ ശബ്ദരേഖ ആണോ എന്ന് കൃത്യസമയത്ത് പറയാമെന്ന് മാത്രം മറുപടി. അന്വേഷണം നടക്കുകയല്ലേ എന്നും പൊലീസിന് സ്വയം കേസെടുക്കാൻ കഴിയുമെങ്കിൽ കേസെടുക്കട്ടെ എന്നും രാഹുൽ പ്രതികരണം.