Source: News Malayalam 24x7
KERALA

അതിജീവിതയ്ക്ക് നേരെ സൈബർ ലിഞ്ചിംഗ് നടത്തി രാഹുൽ അനുകൂലികൾ; വഴിമരുന്നിട്ട് രാഹുൽ ഈശ്വറും സന്ദീപ് വാര്യരും

അതിജീവിതയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തുന്ന പോസ്റ്റുകളിട്ട രാഹുല്‍ ഈശ്വറിനും സന്ദീപ് വാര്യര്‍ക്കുമെതിരെ പ്രതിഷേധം ശക്തം

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ബലാത്സംഗക്കേസിലെ പരാതിക്കാരിയെ അപമാനിക്കാന്‍ സംഘടിതശ്രമം. അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന പോസ്റ്റുകളിട്ട രാഹുല്‍ ഈശ്വറിനും സന്ദീപ് വാര്യര്‍ക്കും എതിരെ പ്രതിഷേധം ശക്തമാകുന്നു. ഇരയിലേക്ക് സൂചന നല്‍കുന്ന വിവരങ്ങളുമായി രാഹുല്‍ ഈശ്വര്‍ വീഡിയോ ചെയ്തിരുന്നു. രാഹുല്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയെന്ന് കാണിച്ച് സന്ദീപ് വാര്യര്‍ പിന്നാലെ പോസ്റ്റിട്ടു. ഈ പോസ്റ്റുകളിലെ വിവരങ്ങള്‍ എടുത്താണ് രാഹുൽ അനുകൂല ഗ്രൂപ്പുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. സൈബർ ആക്രമണത്തിന് വഴിയൊരുക്കിയ ശേഷം സന്ദീപ് വാര്യർ പോസ്റ്റ് പിൻവലിക്കുകയും ചെയ്തിരുന്നു.

അതേസമയം, ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ തിരയാൻ പല വഴി തേടുകയാണ് പൊലീസ്. രാഹുലിന്റെ മൊബൈൽ ഫോണുകൾ സ്റ്റാഫ് അംഗങ്ങളുടെ കൈവശമാണെന്നാണ് സംശയം. ഇടയ്ക്ക് ഫോൺ ഓണാക്കുന്നത് തെറ്റിദ്ധരിപ്പിക്കാനെന്നും പൊലീസിൻ്റെ നിഗമനം. രാഹുൽ ഇന്നലെയും ഇന്നുമായി മൂന്ന് തവണ വാഹനം മാറി സഞ്ചരിച്ചെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് വിട്ടതിന് ശേഷം തിരികെ എത്തിയോ എന്നതിൽ അവ്യക്തത തുടരുകയാണ്.

രാഹുലിൻ്റെ വിവരങ്ങൾ തേടാൻ സ്പെഷ്യൽ ബ്രാഞ്ച്, ഷാഡോ സംഘങ്ങൾക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്‌ച രാവിലെ കുറച്ചുസമയം മൊബൈൽ ഓൺ ആയിരുന്നു. രാഹുലിൻ്റെ ഡ്രൈവറും പേഴ്സണൽ അസിസ്റ്റൻ്റ് ഫസലും ഇന്ന് എംഎൽഎ ഓഫീസിലെത്തിയിട്ടുണ്ട്.

അതേസമയം കേസിൽ തിരുവനന്തപുരം സെഷൻസ് കോടതിയിൽ രേഖകൾ സമർപ്പിച്ചെന്ന് രാഹുലിന്റെ അഭിഭാഷകൻ അറിയിച്ചു. മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് നീക്കം.

SCROLL FOR NEXT