KERALA

രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് എസ്ഐടി; തിരുവല്ലയിലെ ക്ലബ്ബ് സെവൻ ഹോട്ടലിൽ കനത്ത സുരക്ഷ

രണ്ടാം ദിനമായ ഇന്നും രാഹുലിനെ വിശദമായി എസ്ഐടി ചോദ്യം ചെയ്യും

Author : ലിൻ്റു ഗീത

പത്തനംതിട്ട: ബലാത്സംഗ കേസിൽ കസ്റ്റഡിയിലുള്ള എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിൽ എത്തിച്ച് ആദ്യ തെളിവെടുപ്പ്. മൂന്നാമത്തെ ബലാത്സംഗ കേസിൽ അതിജീവിതയെ പീഡനത്തിനിരയാക്കി എന്ന് പറയുന്ന ക്ലബ്ബ് സെവൻ ഹോട്ടലിലാണ് തെളിവെടുപ്പ് നടക്കുന്നത്. ഹോട്ടലിലെ തെളിവെടുപ്പിന് ശേഷം എആർ ക്യാമ്പിലേക്ക് മടക്കി കൊണ്ടു പോകുമെന്നാണ് വിവരം. കസ്റ്റഡിയിലുള്ള രണ്ടാം ദിനമായ ഇന്നും രാഹുലിനെ വിശദമായി എസ്ഐടി ചോദ്യം ചെയ്യും. മറ്റന്നാളാണ് രാഹുലിൻ്റെ ജാമ്യാക്ഷേ പരിഗണിക്കുന്നത്.

മൂന്ന് ദിവസത്തേക്കാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതി രാഹുലിനെ കസ്റ്റഡിയിൽ നൽകിയത്. പത്തനംതിട്ട എആർ ക്യാമ്പിൽ ഉള്ള പ്രതിയെ രണ്ടാം ദിനമായ ഇന്നും വിശദമായി ചോദ്യം ചെയ്യും. 15ന് വൈകിട്ടാണ് രാഹുലിനെ തിരികെ കോടതിയിൽ ഹാജരാക്കേണ്ടത്. തെളിവെടുപ്പിനിടെ യുവജന രാഷ്ടീയ സംഘടനകളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയിലാണ് തെളിവെടുപ്പിനെത്തിച്ചത്

പാലക്കാട് കെപിഎം റീജൻസിയിൽ നിന്ന് ഞായറാഴ്ചയാണ് മൂന്നാമത്തെ ബലാത്സംഗ പരാതിയില്‍ രാഹുലിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കെപിഎം ഹോട്ടലിൽ നടത്തിയ പരിശോധനയിൽ എസ്ഐടി ഫോൺ കണ്ടെത്തിയിരുന്നു. 2002 എന്ന മുറിയിൽ നിന്നാണ് മൊബൈൽ ഫോൺ കണ്ടെടുത്തത്. രാഹുലിൻ്റെ പേഴ്സണൽ ഫോണുകളിൽ ഒന്നാണ് പൊലീസ് കണ്ടെടുത്തത്. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.

SCROLL FOR NEXT