തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ചെന്ന് റെയിൽവേ. ആർപിഎഫ് അസിസ്റ്റൻ്റ് സെക്യൂരിറ്റി കമ്മീഷണറും അഡീഷണൽ ചീഫ് മെഡിക്കൽ സൂപ്രണ്ടും സ്ഥിതിഗതികൾ പരിശോധിക്കും. ഡിവിഷണൽ റെയിൽവേ മാനേജരുടെ നേതൃത്വത്തിൽ വിഷയം ഇന്ന് ചർച്ച ചെയ്യുമെന്നും റെയിൽവേ വ്യക്തമാക്കി.
പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ആദ്യ പരിഗണന യുവതിയുടെ ആരോഗ്യനിലയ്ക്ക് ആണ്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയിൽ നിന്നും അറിയിച്ചത്. തുടർ ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും റെയിൽവേ നൽകുമെന്നും വ്യക്തമാക്കി.
അതേസമയം, 19കാരിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. വഴി മാറി കൊടുക്കാത്തതാണ് പ്രകോപനമായതിന് കാരണം. കൂടിയുണ്ടായിരുന്ന സഹയാത്രികയെയും ചവിട്ടിയിടാൻ ശ്രമിച്ചെന്നും എഫ്ഐആറിൽ പൊലീസ് പറയുന്നു. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് എറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്നും പൊലീസ് എഫ്ഐആറിൽ പറയുന്നു.