KERALA

നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി. മുരളീധരൻ, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ; നിയമസഭാ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർഥി ചിത്രം തെളിയുന്നു

വട്ടിയൂർകാവ്, തിരുവനന്തപുരം എന്നിവിടങ്ങളിൽ അപ്രതീക്ഷ സ്ഥാനാർഥി വന്നേക്കും.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: 15 നിയമസഭാ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർഥി ചിത്രം തെളിയുന്നു. സ്ഥാനാർഥി പട്ടികയിൽ ധാരണയായി എന്ന വിവരമാണ് പുറത്തുവരുന്നത്. രാജീവ് ചന്ദ്രശേഖർ നേമത്തും വി. മുരളീധരൻ കഴക്കൂട്ടത്തും മത്സരിക്കും. എം.ടി. രമേശ് തൃശൂരിൽ നിന്നും കെ. സുരേന്ദ്രൻ മഞ്ചേശ്വരത്ത് നിന്നും ജനവിധി തേടും. അതേസമയം, ചെങ്ങന്നൂർ, കായകുളം, പാലക്കാട് സീറ്റുകളിൽ ശോഭ സുരേന്ദ്രൻ്റെ പേരാണ് ഉയർന്നുകേൾക്കുന്നത്. പാലക്കാട്ടെ പട്ടികയിൽ സി. കൃഷ്ണകുമാറിൻ്റെ പേരില്ല. എ.എൻ. രാധാകൃഷ്ണന് സീറ്റ് നൽകിയേക്കില്ലെന്നും സൂചനയുണ്ട്.

കാട്ടക്കടയിൽ പി.കെ. കൃഷ്ണദാസിന് പകരം പുതുമുഖം മത്സരിക്കുമെന്നാണ് റിപ്പോർട്ട്. വട്ടിയൂർകാവ്, തിരുവനന്തപുരം എന്നിവിടങ്ങളിൽ അപ്രതീക്ഷ സ്ഥാനാർഥി വന്നേക്കും. ബിഡിജെഎസിന് 5 ഇടത്ത് സീറ്റ് നൽകാൻ തീരുമാനമായിട്ടുണ്ട്. ട്വൻ്റി 20 രണ്ടിടങ്ങളിൽ മത്സരിക്കും. കുന്നത്തുനാടിന് പുറമേ മൂവാറ്റുപുഴയിലാണ് ട്വൻ്റി 20 മത്സരിക്കുക. വിഷ്ണുപുരം ചന്ദ്രശേഖർ പാറശാലയിൽ എൻഡിഎ സ്ഥാനാർഥിയാകുമെന്നാണ് ലഭ്യമാകുന്ന വിവരം.

അതേസമയം, തൃപ്പൂണിത്തുറ സീറ്റിൽ മത്സരിക്കാൻ അവകാശവാദമുന്നയിച്ച് കൂടുതൽ ബിജെപി നേതാക്കളും അനുഭാവികളും രംഗത്തെത്തിയിട്ടുണ്ട്. ബിജെപി നേതാവായ ശിവശങ്കർ, മേജർരവി, പ്രാദേശിക നേതാവ് ശ്രീകുട്ടൻ, സംസ്ഥാന നേതാവ് സിന്ധുമോൾ എന്നിവരാണ് സീറ്റിനായി രംഗത്തെത്തിയത്. വിജയ സാധ്യതയുള എ ക്ലാസ് മണ്ഡലമായാണ് തൃപ്പൂണിത്തുറയെ ബിജെപി നേതൃത്വം വിലയിരുത്തുന്നത്.

SCROLL FOR NEXT