'ആത്മവിശ്വാസത്തിൻ്റെ ബലത്തിൽ സാമ്രാജ്യം പടുത്തുയര്‍ത്തി'; റോയിയുടെ മരണത്തിൻ്റെ ഞെട്ടലിൽ ബിസിനസ് ലോകം

'കടബാധ്യതകളില്ലാത്ത ബിസിനസ് മോഡല്‍' എന്ന തനതായ ശൈലി അദ്ദേഹം പങ്കുവെച്ചിരുന്നു.
CJ Roy
Published on
Updated on

ബെംഗളൂരു: സി.ജെ. റോയിയുടെ വിയോഗത്തിൻ്റെ ഞെട്ടലിലാണ് ബിസിനസ് ലോകം. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ മാത്രമല്ല, വിനോദ വ്യവസായ മേഖലയിലെയും സര്‍വ സ്വീകാര്യനായിരുന്നു റോയി. ദീര്‍ഘവീക്ഷണത്തിൻ്റെയും ചഞ്ചലമായ ആത്മവിശ്വാസത്തിൻ്റെയും ചിറകിലാണ് തൻ്റെ ബിസിനസ് സാമ്രാജ്യം റോയി പടുത്തുയര്‍ത്തിയത്. 'കടബാധ്യതകളില്ലാത്ത ബിസിനസ് മോഡല്‍' എന്ന തനതായ ശൈലി അദ്ദേഹം പങ്കുവച്ചിരുന്നു.

'ഞങ്ങള്‍ ജനങ്ങളുടെ ഒരു ആയുസിൻ്റെ സ്വപ്നങ്ങള്‍ വില്‍ക്കുന്നവരാണ്. അത്രമാത്രം ഉത്തരവാദിത്തത്തോടെയാണ് എൻ്റെ റിയല്‍ എസ്‌റ്റേറ് ബിസിനസിനെ സമീപിക്കാറ്.''റിയല്‍ എസ്റ്റേറ്റ് ഭീമനായ കോണ്‍ഫിഡൻ്റ് ഗ്രൂപ്പിൻ്റെ അമരക്കാരനായ സി.ജെ. റോയി ഒരു അഭിമുഖത്തില്‍ പറഞ്ഞു. ആ ഉത്തരവാദിത്തം തന്നെയാണ് രണ്ട് പതിറ്റാണ്ടിൻ്റെ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ കരുത്തനായി വളരാന്‍ സി.ജെ. റോയിക്ക് സഹായകമായത്. ദക്ഷിണേന്ത്യയിലെയും മിഡില്‍ ഈസ്റ്റിലെയും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ചുരുങ്ങിയ കാലം കൊണ്ടുതന്നെ വിപ്ലവം സൃഷ്ടിച്ചു.

CJ Roy
മൂന്ന് ദിവസമായി തുടരുന്ന റെയ്ഡ്; സി.ജെ. റോയ്‌യുടെ മരണത്തിന് കാരണം സമ്മര്‍ദമോ?

കൊച്ചിയില്‍ ജനിച്ച് ബംഗളുരുവില്‍ വളര്‍ന്ന സി.ജെ. റോയി ഫോര്‍ച്യൂണ്‍ 500 കമ്പനിയായ ഹ്യൂലറ്റ്-പാക്കാര്‍ഡിലെ (എച്ച്.പി) ജോലി ഉപേക്ഷിച്ചാണ് സംരംഭകത്വത്തിലേക്ക് കടന്നുവന്നത്. സിംഗപൂരിലെ എച്ച്. പിയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ ഡയറക്ടര്‍ സ്ഥാനം രാജിവെച്ച് കൊണ്ടായിരുന്നു ബിസിനസിലേക്കുള്ള ചുവടുവയ്പ്പ്. പക്ഷേ എച്ച്.പിയില്‍ ആയിരിക്കുമ്പോള്‍ തന്നെ 1994 മുതല്‍ സ്വരുക്കൂട്ടിയ മുതല്‍ വെച്ച് റിയല്‍ എസ്റ്റേറ്റ് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഈ ബിസിനസ് പരിചയത്തിൻ്റെ ബലത്തിലാണ് 2005ല്‍ കോണ്‍ഫിഡൻ്റ് ഗ്രൂപ്പ് സ്ഥാപിച്ചത്. എച്ച്.പിയില്‍ നിന്ന് ലഭിച്ച പ്രഫഷണല്‍ സമീപനം തൻ്റെ ബിസിനസിൻ്റെ വളര്‍ച്ചക്ക് ഉപകരിച്ചതായി റോയി പറഞ്ഞിരുന്നു.

CJ Roy
ചുരുങ്ങിയ കാലം കൊണ്ട് കരസ്ഥമാക്കിയ 'കോൺഫിഡൻ്റ്' വിജയം; ജനകീയ റിയാലിറ്റി ഷോകളുടെ ടൈറ്റിൽ സ്പോൺസറായിരുന്ന സി.ജെ. റോയ്

റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് കടക്കുമ്പോള്‍ ലോകം സാമ്പത്തിക മാന്ദ്യത്തിൻ്റെ പിടിയിലായിരുന്നു. എന്നാല്‍ 'കടബാധ്യതകളില്ലാത്ത ബിസിനസ് മോഡല്‍' എന്ന തനതായ ശൈലിയിലൂടെ അദ്ദേഹം ഗ്രൂപ്പിനെ വിജയപഥത്തിലെത്തിച്ചു. 165-ലധികം വന്‍കിട പദ്ധതികളും 15,000-ത്തിലധികം ഉപഭോക്താക്കളും ഇന്ന് കോണ്‍ഫിഡൻ്റ് ഗ്രൂപ്പിൻ്റെ കരുത്താണ്. റിയല്‍ എസ്റ്റേറ്റിന് പുറമെ ഹോസ്പിറ്റാലിറ്റി, വിനോദം, വിദ്യാഭ്യാസം, വ്യോമയാനം, അന്താരാഷ്ട്ര വ്യാപാരം എന്നീ മേഖലകളില്‍ ഗ്രൂപ്പ് സാന്നിധ്യമറിയിച്ചു.

ബെംഗളൂരുവിലെ സര്‍ജാപൂര്‍ ഒരു ഐടി ഹബ്ബാകുമെന്ന് 15 വര്‍ഷം മുന്‍പേ പ്രവചിച്ച അദ്ദേഹം, അവിടെ വലിയ തോതില്‍ ഭൂമി ഏറ്റെടുത്ത് വികസനത്തിൻ്റെ കേന്ദ്രബിന്ദുവാക്കി മാറ്റി. ദുബൈ വിപണിയില്‍ വായ്പകള്‍ക്കും ഡൗണ്‍ പേയ്മെൻ്റുകൾക്കും പുതിയ മാതൃകകള്‍ അവതരിപ്പിച്ച് റെക്കോര്‍ഡ് വില്‍പ്പന നടത്തി അദ്ദേഹം വിസ്മയിപ്പിച്ചു. 300 ഏക്കറോളം വരുന്ന ഗോള്‍ഫ് റിസോര്‍ട്ടും വില്ല പ്രോജക്ടും അദ്ദേഹത്തിൻ്റെ ബിസിനസ് മികവിൻ്റെ ഉദാഹരണമാണ്. വിജയങ്ങള്‍ക്ക് പിന്നില്‍ ഭാര്യ ലിനി റോയിയുടെയും മക്കളായ രോഹിത്, റിയ എന്നിവരുടെയും പിന്തുണയുണ്ടെന്ന് അദ്ദേഹം പങ്കുവെച്ചിരുന്നു.

CJ Roy
സി.ജെ. റോയ്: മലയാളിക്ക് സുപരിചിതമായ മുഖം

പ്രസിദ്ധമായ നിരവധി ടെലിവിഷന്‍ ഷോകള്‍ സ്‌പോണ്‍സര്‍ ചെയ്യുകയും, മരക്കാര്‍: സിംഹം ഓഫ് ദി അറേബ്യന്‍ സീ, അനോമി ഉള്‍പ്പെടെ ശ്രദ്ധേയമായ നിരവധി സിനിമകള്‍ നിര്‍മിക്കുകയും ചെയ്ത സി.ജെ. റോയ് കേരളത്തിലെ സമസ്ത മേഖലകളിലും തൻ്റേതായ സാന്നിധ്യം അറിയിച്ചു

കായിക രംഗത്തും സി.ജെ. റോയ് നിക്ഷേപങ്ങളും സ്‌പോണ്‍സര്‍ഷിപ്പുകളും നടത്തിയിരുന്നു. അങ്ങനെ കേരളമെങ്ങും അറിയുന്ന വലിയ പേരായി, കോണ്‍ഫിഡൻ്റ് ഗ്രൂപ്പും സി.ജെ. റോയിയും മാറി. വാഹനപ്രേമിയായ അദ്ദേഹത്തിൻ്റെ ബുഗാട്ടി വെയ്റോണും 12 റോള്‍സ് റോയ്സും ഉള്‍പ്പെടുന്ന ആഡംബര കാര്‍ ശേഖരവും വാര്‍ത്തകളില്‍ ഇടം പിടിച്ചു. തൻ്റെ ആദ്യ കാറായ 1994 മാരുതി 800 കണ്ടെത്തി തിരികെ വാങ്ങാന്‍ അദ്ദേഹം 10 ലക്ഷം നല്‍കി അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com