കണ്ണൂർ: രാജീവ് ചന്ദ്രശേഖർ അവസര വാദ രാഷ്ട്രീയത്തിന്റെ ഭാഗമായി നേതാവായ ആളാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേരളത്തിലെ സിപിഐ എം, കോൺഗ്രസ് നേതാക്കളാരും മുതലാളിമാരല്ല. ഈ നിലയ്ക്ക് മാറ്റം കൊണ്ടു വന്നത് ബിജെപിയാണ്. രാജീവ് ചന്ദ്രശേഖർ ബി ജെ പി നേതാവല്ല, അവസര വാദ രാഷ്ട്രീയത്തിന്റെ ഭാഗമായി നേതാവായതാണ്. രാജീവ് ചന്ദ്രശേഖറിൻ്റെ ഫൈവ് സ്റ്റാർ രീതികളോട് ബി ജെ പി -ആർ എസ് എസ് നേതാക്കൾക്ക് ഉൾപ്പെടെ എതിർപ്പുണ്ടെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു. എൻജിഒ യൂണിയൻ ഇരിട്ടി ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയായിരുന്നു എം.വി ഗോവിന്ദൻ്റെ പരാമർശം.
500 കോടിയുടെ കൊള്ള നടത്തിയ ആളാണ് കേരളത്തെ മാറ്റാൻ വന്നിരിക്കുന്നതെന്നും എം.വി .ഗോവിന്ദൻ കുറ്റപ്പെടുത്തി. വിഷയത്തിൽ എസ് ഐ ടി അന്വേഷണം വേണമെന്നും എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു. അതി ദാരിദ്ര്യമുക്ത സംസ്ഥാന പ്രഖ്യാപനം കേന്ദ്ര ഇടപെടലിൻ്റെ ഭാഗമെന്ന രാജീവ് ചന്ദ്രശേഖറിന്റെ പരാമർശത്തിന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പിലാക്കാൻ കഴിയാത്തതെന്നും എം.വി. ഗോവിന്ദൻ ചോദിച്ചു.
പിഎം ശ്രീ വിഷയത്തിൽ സിപിഐമ്മുമായി അഭിപ്രായ ഭിന്നതയിലായി സിപിഐയ്ക്കും അദ്ദേഹം പരോക്ഷ മറുപടി നൽകി. വർഗീയതയോട് വിട്ടുവീഴ്ച ചെയ്യുന്ന പാരമ്പര്യം കേരളത്തിലെ ഇടത്പക്ഷത്തിന് പ്രത്യേകിച്ച് സിപിഐഎമ്മിന് ഇല്ല,അത് ഉറപ്പിച്ച് പറയുന്നത് ചില കാര്യങ്ങൾ കൂടി ഉള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.ഒരു തെറ്റായ നിലപാടും വർഗീയതയുടെ ഭാഗമായി കേരളത്തിൽ അനുവദിക്കില്ലെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.