തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പൂർണമായും തള്ളി രാജ്മോഹൻ ഉണ്ണിത്താൻ എംപി.ഇത്തരം വ്യക്തികളെ ഒരിക്കലും ആരും ന്യായീകരിക്കാൻ ആരും തയ്യാറാകരുതെന്നും "നാറിയവനെ ചുമന്നാൽ ചുമന്നവനും നാറും" എന്നും രൂക്ഷമായ ഭാഷയിൽ ഉണ്ണിത്താൻ പ്രതികരിച്ചു. കോൺഗ്രസിൻ്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാകാതിരിക്കാൻ പാർട്ടി സ്വീകരിച്ച നടപടിയെ ഒറ്റക്കെട്ടായി അംഗീകരിക്കാനും നടപടിയോടൊപ്പം നിൽക്കാനും കേരളത്തിലെ ഓരോ കോൺഗ്രസുകാരനും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസ് ഇക്കാര്യത്തിൽ ഒരു തെറ്റും ചെയ്തിട്ടില്ല. അതുകൊണ്ട് കോൺഗ്രസിന് ഇതിൽ പശ്ചാത്തപിക്കേണ്ട കാര്യവുമില്ല. പശ്ചാത്തപിക്കുകയും പ്രായശ്ചിത്തം ചെയ്യേണ്ടതും ഒരാളാണ്. അയാൾ ഇനിയെങ്കിലും അതിന് തയ്യാറാകണമെന്നും ഉണ്ണിത്താൻ പറഞ്ഞു.
രാഹുലിനെ അനുകൂലിച്ച മുൻ കെപിസിസി പ്രസിഡൻ്റ് കെ സുധാകൻ്റെ നിലപാടിനേയും ഉണ്ണിത്താൻ രൂക്ഷമായി വിമർശിച്ചു. കെ. സുധാകരൻ ഓരോ കാലത്തിനനുസരിച്ച് ഓരോന്ന് മാറി മാറി പറയുകയാണ്. എന്തുകൊണ്ടാണ് അദ്ദേഹത്തെ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തു നിന്നും മാറ്റിയതെന്ന് ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ. അദ്ദേഹം ഇപ്പോൾ പറയുന്നതല്ല പിന്നീട് പറയുന്നത്. ഈ കാര്യം അന്വേഷിക്കാൻ അദ്ദേഹത്തിന് എന്താണ് അധികാരം. അന്വേഷണം ആരംഭിക്കാൻ പോകുന്നത് ഇനിയല്ലേയെന്നും ഉണ്ണിത്താൻ ചോദിച്ചു.
അന്വേഷണത്തിൻ്റെ റിസൾട്ട് എന്തായാലും പാർട്ടിയുടെ കാര്യത്തിലാണ് ഞങ്ങൾക്ക് ആശങ്ക. പാർട്ടിക്കൊരു മൂല്യബോധമുണ്ട്. കോൺഗ്രസിന് കളങ്കം വരുത്താനും പ്രതിച്ഛായ തകർക്കാനും പൊതു ജനമധ്യത്തിൽ പ്രതിക്കൂട്ടിലാക്കാനുമാണ് ഈ ചെറുപ്പക്കാരൻ ശ്രമിച്ചത്.
കോൺഗ്രസ് പാർട്ടി ഇക്കാര്യത്തിൽ ആദ്യമെടുത്ത നിലപാടിൽ അടിയുറച്ച് നിൽക്കണം. ഇരയ്ക്കെതിരെ ഒരു തരത്തിലും ശബ്ദിക്കാൻ പാർട്ടിക്ക് അവകാശമില്ല. ഇത് വടികൊടുത്ത് അടി മേടിച്ചതാണ്. ഇപ്പോൾ ഇര പരാതി നൽകിയത് മാധ്യമങ്ങളിലൂടെ നിരന്തരം വെല്ലുവിളിച്ചതിൻ്റെ ഫലമായാണ്. ഇത് അനുകൂലിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരെ കോൺഗ്രസ് ആയി കാണാൻ തനിക്കാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുലിനെ രാജി ആവശ്യപ്പെടാൻ ഇടതുപക്ഷത്തിന് യോഗ്യതയൊന്നുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമാനതകളില്ലാത്ത പ്രവർത്തി മാർക്സിസ്റ്റ് പാർട്ടിയും ചെയ്തിട്ടുണ്ട്. ധാർമ്മികതയെക്കുറിച്ചൊന്നും മാർക്സിസ്റ്റ് പാർട്ടിയും ബിജെപിയും പറയണ്ടെന്നും ഉണ്ണിത്താൻ പറഞ്ഞു.