KERALA

"അല്‍പ്പന് അര്‍ഥം കിട്ടിയാല്‍ അര്‍ധരാത്രിയും കുട പിടിക്കും"; ലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

"മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് അഭിപ്രായം പറയാന്‍ ലീഗ് ഉള്‍പ്പടെ എല്ലാവര്‍ക്കും അവകാശം ഉണ്ട്"

Author : ന്യൂസ് ഡെസ്ക്

കാസര്‍ഗോഡ്: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ മുസ്ലീം ലീഗ് അഭിപ്രായം പറയേണ്ടെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ലീഗിന് മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ഇടപെടാമെന്നും വ്യക്തിയല്ല പാര്‍ട്ടിയാണ് പ്രധാനമെന്നും കുഴല്‍നാടന്‍ സംഘടനാ മര്യാദ പാലിക്കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് അഭിപ്രായം പറയാന്‍ ലീഗ് ഉള്‍പ്പടെ എല്ലാവര്‍ക്കും അവകാശം ഉണ്ട്. അവകാശമില്ല എന്ന് ഒരു നേതാവിനും പറയാനാവില്ല. അങ്ങനെ പറഞ്ഞവരുടെ പാരമ്പര്യം എല്ലാവര്‍ക്കും അറിയാം. അല്‍പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ധ രാത്രിയും കുട പിടിക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി കാഞ്ഞങ്ങാട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

യുഡിഎഫിന്റെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ വി.ഡി. സതീശന് പിന്തുണ അറിയിച്ച് മുസ്ലീം ലീഗ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി മാത്യു കുഴല്‍നാടന്‍ രംഗത്തെത്തിയത്. മുസ്ലീം ലീഗിലെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടാറില്ലെന്നും ലക്ഷ്മണ രേഖ മറികടക്കാറില്ലെന്നും അങ്ങോട്ടും ഇങ്ങോട്ടും അങ്ങനെ തന്നെ വേണമെന്നുമായിരുന്നു മാത്യു കുഴല്‍നാടന്റെ വിമര്‍ശനം.

ലീഗിനെതിരെ രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടായപ്പോള്‍ കോണ്‍ഗ്രസ്സാണ് പ്രതിരോധിച്ചതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതയില്ല. സതീശനെ കണ്ടത് പിന്തുണ ഉറപ്പാക്കാന്‍ അല്ല. പാര്‍ട്ടി തീരുമാനിക്കുന്ന ആള് മുഖ്യമന്ത്രിയാകുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

അതേസമയം, പ്രതിപക്ഷത്തെ നയിച്ചത് വി.ഡി. സതീശനാണ് അതുകൊണ്ട് തന്നെ വി.ഡി. സതീശനെ പിന്തുണയ്ക്കാമെന്നാണ് ലീഗ് നിലപാട്. അതേസമയം മറ്റൊരാളെ ഹൈക്കമാന്‍ഡ് നിശ്ചയിച്ചാല്‍ എതിര്‍ക്കേണ്ടതില്ലെന്നുമാണ് ലീഗിനുള്ളിലെ അഭിപ്രായം.

SCROLL FOR NEXT