Source: Social media
KERALA

രാമന്തളിയിലെ കൂട്ടമരണം: മരിച്ച 6 വയസുകാരി ലൈംഗിക അതിക്രമത്തിന് ഇരയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഫേസ്ബുക്ക് പോസ്റ്റ്

കുട്ടികളുടെ അമ്മയുമായി നടത്തിയ സംഭാഷണത്തിൽ നിന്നുള്ള വിവരങ്ങളാണ് ഫേസ്ബുക്ക് പോസ്റ്റിൽ

Author : വിന്നി പ്രകാശ്

രാമന്തളിയിലെ കൂട്ടമരണ കേസിൽ മരണപ്പെട്ട കുട്ടികളുടെ അമ്മയുമായി നടത്തിയ സംഭാഷണത്തിൽ നിന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങളുമായി ഫേസ്ബുക്ക് പോസ്റ്റ്. ശരണ്യ എം.ചാരു പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് മരിച്ച കുട്ടികളുടെ അമ്മ ഗാർഹിക പീഡനത്തിന് ഇരയായിരുന്നതായും 6 വയസുള്ള കുഞ്ഞ് ലൈംഗിക അതിക്രമത്തിന് വിധേയയായിരുന്നുവെന്നതായുമുള്ള വെളിപ്പെടുത്തൽ.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം..

സത്യം ചെരുപ്പിടുമ്പോഴേക്കും കള്ളം ലോകം ചുറ്റുമെന്ന് നിങ്ങൾ കേട്ടിട്ടല്ലേ ഉള്ളൂ, എന്നെ സംബന്ധിച്ചിടത്തോളം അത് നേരിട്ട് കണ്ട, അനുഭവിച്ച ദിവസങ്ങളാണ് കടന്ന് പോയത്. ഇത് രാമന്തളിയിലെ കൂട്ട മരണങ്ങളെ കുറിച്ചുള്ള പോസ്റ്റാണ്. കേരളം കേൾക്കാത്ത, അറിയാത്ത മറ്റൊരു കഥയാണ്‌ എഴുതാനുള്ളത്. തീർച്ചയായും ഇതൊരു നീണ്ട പോസ്റ്റാണ്. മരണം ഒരു മനുഷ്യനേയും വിശുദ്ധനാക്കുന്നില്ലെന്ന് വിശ്വസിക്കുന്നത് കൊണ്ട് അവിടെ മരണപ്പെട്ട രണ്ട് മുതിർന്ന മനുഷ്യരെ കുറിച്ചുള്ള അപ്രിയ സത്യങ്ങൾ മറച്ചു വയ്ക്കാൻ ഉദ്ദേശിക്കുന്നില്ല. താത്പര്യമുള്ളവർ മാത്രം തുടർന്ന് വായിക്കുക.

മരണപ്പെട്ട കുഞ്ഞുങ്ങളുടെ അമ്മയെ ഞാൻ നേരിട്ട് പോയി കണ്ടു സംസാരിച്ചിരുന്നു. ഒന്നിൽ കൂടുതൽ തവണ നേരിൽ പോയും, ഫോണിലൂടേയും അവളോട് സംസാരിക്കുമ്പോൾ ഒരു മരത്തിനോടൊ, കല്ലിനോടോ സംസാരിക്കുന്ന ഫീൽ ആണെനിക്ക്. 28 വയസ്സ് മാത്രം പ്രായമുള്ള, ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട ഒരുവൾ. വയറു കീറി പ്രാണൻ പോകുന്ന വേദനയിൽ പ്രസവിച്ച രണ്ട് കുഞ്ഞുങ്ങൾ കൊലചെയ്യപ്പെട്ടെന്ന സത്യത്തെ പോലും അംഗീകരിച്ചിട്ടില്ലെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. ഒഴുക്കി വിട്ടൊരു പുഴപോലെയാണ് അവളവളുടെ 7 വർഷത്തെ ദാമ്പത്യ ജീവിതത്തെ കുറിച്ചെന്നോട് സംസാരിച്ചത്. ഈ കാലയാളവിനിടയിൽ അവൾ അനുഭവിച്ചും കടന്ന് പോയതുമായ സകലതും അവളെന്നോട് പറഞ്ഞു. ഒരു വട്ടം പോലും ഒന്ന് കരയാതെ, സ്വന്തം കുഞ്ഞുങ്ങളെ കൊന്ന അവളുടെ ഭർത്താവിനെ ഒരു വട്ടം പോലും കുറ്റപ്പെടുത്താതെ! അയാളെ ഇപ്പഴും പ്രണയിച്ചു കൊണ്ട്, സ്നേഹിച്ചു കൊണ്ട്!

ഇന്നലെ ജനുവരി ഒന്നിന്, അവളുടെ രണ്ട് കുട്ടികളിൽ ചെറിയവന് രണ്ട് വയസ് തികയുന്ന ദിവസമായിരുന്നു. ഇന്നലെ പോസ്റ്റ് ചെയ്യാൻ വേണ്ടി നേരത്തെ എടുത്തു വച്ച ഫോട്ടോകൾ ഇപ്പോഴും അന്നത്തെ ഫോട്ടോഗ്രാഫറിന്റെ കയ്യിലുണ്ട്. കേക്ക് മുറിച്ചൊരു കുഞ്ഞു പിറന്നാൾ ആഘോഷമൊക്കെ പ്ലാൻ ചെയ്തിരുന്നതാണ് ആ അമ്മ. അതിന് മുന്നേ അവൾക്ക് അവളുടെ രണ്ട് മക്കളെയും നഷ്ടപ്പെട്ടു. അവരുടെ അച്ഛൻ തന്നെ അവരെ വിഷം കൊടുത്തു കൊന്നു. എന്നിട്ടും ലോകത്തിന് മുന്നിൽ മൊത്തം കുറ്റക്കാരി അവളായി. അവളെ ആളുകൾ മാനസീക രോഗിയും, കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന അമ്മയും, വാശിക്കാരിയും, പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുന്നവളുമാക്കി. കുട്ടികളുടെ അച്ഛാച്ചനെതിരെ വ്യാജ പോക്സോ കേസ് കൊടുത്തവളാക്കി. സൈബർ സ്പെയ്സിൽ വലിച്ചു കീറി, സമാനതകൾ ഇല്ലാത്ത ബുള്ളീയിങ് നടത്തി, എന്നെങ്കിലും ഇനി ഒന്ന് പുറത്തേക്കിറങ്ങി നടന്നാൽ ആളുകൾ കല്ലെറിഞ്ഞു കൊല്ലുന്ന അവസ്ഥയിലെത്തിച്ചു.

അതിനൊന്നും മറുപടി പറയാൻ പക്ഷെ ഞാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. മരിച്ചു കിടന്നുന്നൊരു പെണ്ണിനെ ചവിട്ടി കൊല്ലാൻ നോക്കുന്നവർക്ക് മറുപടി കൊടുക്കൽ എന്റെ ജോലിയുമല്ല.

അവളുടെ 19 മത്തെ വയസ്സിലാണ് അവളും കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത കലാധരനും തമ്മിലുള്ള വിവാഹം നടക്കുന്നത്. മദ്യപാനികളായ രണ്ട് അച്ഛൻന്മാർ തമ്മിൽ ഒരു കള്ള് കുടി സദസിൽ വച്ചു തീരുമാനിച്ചുറപ്പിച്ച വിവാഹം. അവളുടെ അച്ഛൻ നോക്കുമ്പോൾ കലാധരൻ മിടുക്കനാണ്. ചെറിയ പ്രായത്തിൽ തന്നെ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുത്ത, ഉയർന്ന ശമ്പളത്തിൽ ഷെഫ് ആയി ജോലി ചെയ്ത, ഇടയ്ക്കിടെ വിദേശത്തൊക്കെ പോകുന്ന, നാട്ടിൽ സ്വന്തമായി വീട് ഉള്ള, സ്വന്തമായി കാറ്ററിങ് ജോലി ചെയ്യുന്ന, നാട്ടുകാർക്ക് മുന്നിൽ മാന്യനും സൽസ്വഭാവിയുമായ ചെറുപ്പക്കാരൻ. മകളുടെ ജീവിതം അവന്റെ കൂടെ സേഫ് ആണെന്ന് കരുതി ആവണം അന്ന് പയ്യന്നൂർ കോളേജിൽ ഡിഗ്രിക്ക് പഠിപ്പിക്കുന്ന മകളുടെ ഇപ്പൊ വിവാഹം വേണ്ടെന്ന ആവശ്യം പോലും പരിഗണിക്കാതെ അയാൾ ആ വിവാഹം നടത്തിയത്. 50 പവന്റെ സ്വർണ്ണവും കൊണ്ടാണ് അവളാ വീട്ടിലേക്ക് പോയത്. വിവാഹം കഴിഞ്ഞാലും പഠിത്തം മുടക്കില്ലെന്നും, ഡിഗ്രി കഴിഞ്ഞ ശേഷം അവൾക്ക് ഇഷ്ടമുള്ള പോലെ ഡാൻസ് ക്ലാസിന് പോകാൻ അവസരം ഉണ്ടാക്കാം എന്നുമുള്ള വാഗ്ദാനങ്ങൾക്കും ഉറപ്പ് നൽകലുകൾക്കും ശേഷം നടന്ന ആർഭാടമായ വിവാഹം. വിവാഹ ശേഷം പക്ഷെ വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ല. അവൾക്ക് വിവാഹത്തിന് വീട്ടുകാർ നൽകിയ മുഴുവൻ സ്വർണ്ണവും ആദ്യ ദിവസങ്ങളിൽ തന്നെ അവന്റെ അച്ഛനും അമ്മയും വാങ്ങി സൂക്ഷിച്ചു. മാസം ഒന്ന് തികയും മുന്നേ, കാറ്ററിംഗ് ജോലിക്ക് കാലധരനെ സഹായിച്ചിരുന്ന ആളിനെ പറഞ്ഞു വിട്ടിട്ട് അവളെ അയാൾ പാചകത്തിന് കയ്യാൾ ആയി കൂടെ കൂട്ടി.

20 കളിൽ ജീവിക്കുന്നൊരു പെണ്ണ് രാവും പകലും അവനൊപ്പം അധ്വാനിച്ചു. അഞ്ഞൂറും ആയിരവും പേർക്ക് അവൻ ഭക്ഷണം ഉണ്ടാക്കുമ്പോൾ കറിക്കരിഞ്ഞും പച്ചക്കറി മുറിച്ചും പാത്രം കഴുകിയും അവൾ കൂടെ നിന്നു. എന്നിട്ടും പക്ഷെ സുഖകരമായില്ല അവളുടെ ജീവിതം. നാട്ടുകാർക്കും വീട്ടുകാർക്കും പ്രിയങ്കരനായ അവളുടെ ഭർത്താവിന്റെ യഥാർത്ഥ സ്വഭാവം തല്ലുകളായി അവൾ തിരിച്ചറിഞ്ഞു കൊണ്ടേ ഇരുന്നു. അമ്മയും ബന്ധുക്കളും പറഞ്ഞു കൊടുക്കുന്ന എന്തിനും ഏതിനും അവൻ അവളെ തല്ലി തല്ലി പഥംവരുത്തി. ചട്ടുകം കൊണ്ടും അടുപ്പ് കത്തിക്കുന്ന വിറക് കൊണ്ട് പോലും അവളുടെ ദേഹത്തവൻ തല്ലിയിട്ടുണ്ട്. ഒരാളിന്റെ അച്ഛൻ, അമ്മ, അമ്മാവൻ, അമ്മാവന്റെ മകൻ എന്തിന് അനിയന്റെ ഭാര്യ പോലും ഇരുപത് കഴിഞ്ഞൊരു പെണ്ണിന്റെ ദേഹത്ത് കൈവയ്‌ന്നത് ചിന്തിക്കാൻ പറ്റുമോ നിങ്ങൾക്ക്. ഇതൊക്കെ എന്നോട് പറയുമ്പോൾ പോലും ആ കുട്ടി ഒരിടത്തു പോലും കരഞ്ഞിട്ടില്ല. ഏട്ടന് ദേഷ്യം ഇത്തിരി കൂടുതൽ ആണ്, അതോണ്ട് ആണ് ഇങ്ങനെ ഒക്കെ എന്നവൾ ന്യായീകരിക്കയാണ് അവനെ.

വിവാഹ ശേഷം അതികം താമസീയാതെ, 2 വർഷം തികയും മുന്നേ തന്നെ അവൾക്ക് ആദ്യത്തെ കുഞ്ഞു ജനിച്ചു. അന്നത്തെ 21 കാരിക്ക് അവളുടെ കുഞ്ഞിനെ മര്യാദയ്ക്ക് ഒന്ന് എടുക്കാനോ, പാല് കൊടുക്കാനോ അറിയില്ലെന്നത് സത്യമായിരുന്നു. അതും പക്ഷെ ആ വീട്ടിൽ വലിയ തെറ്റായിരുന്നു. 3 മാസം പ്രായമുള്ള കുഞ്ഞിനെ അവളിൽ നിന്ന് മാറ്റി കിടത്തിക്കൊണ്ടാണ് അവരതിനെ പ്രതിരോധിച്ചത്. കുഞ്ഞിന് കുപ്പിപ്പാൽ കൊടുത്ത് അച്ഛച്ഛനും അമ്മമ്മയും ആ കുഞ്ഞിനെ കൂടെ കിടത്തി. 6 വയസ്സ് വരെയും അവളോട് ആ കുട്ടിക്ക് അടുപ്പം തോന്നാതിരിക്കാൻ പറ്റാവുന്നതെല്ലാം അവര് ചെയ്തു. പക്ഷെ ചോരയ്ക്ക് ചോരയെ തിരിച്ചറിയുമെന്നാണല്ലോ, ആ കുഞ്ഞിന് അവളുടെ അമ്മയോട് സ്നേഹമായിരുന്നു എന്നതിന്റെ തെളിവുകൾ എത്ര വേണമെങ്കിലും ഇപ്പോഴും അവളുടെ കയ്യിലുണ്ട്.

കുഞ്ഞു ജനിച്ചിട്ടും അവരുടെ ജീവിതം നന്നായിട്ടല്ല മുന്നോട്ട് പോയത്. അവൾക്ക് നേരെയുള്ള അക്രമം നിരുപാധികം അവര് തുടർന്നു. അവളുടെ അച്ഛൻ മരിച്ചു കിടക്കുമ്പോൾ അവളുടെ വീട്ടിലേക്ക് വന്ന ബന്ധുക്കളെ അവൾ നല്ല രീതിയിൽ ട്രീറ്റ് ചെയ്തില്ലെന്ന് പറഞ്ഞു കൊണ്ട് അച്ഛൻ മരിച്ച രണ്ടാം ദിവസം അവൻ അവളെ ആളുകൾ നോക്കി നിൽക്കെ പരസ്യമായി തല്ലി. ഒരു വയസ്സ് കഴിഞ്ഞ മുലകുടി മാറാത്ത കുഞ്ഞിനെ അവർ അവൾക്ക് നൽകാതെ കൂടെ കൊണ്ടു പോയി. മുലകളിൽ പാല് നിറഞ്ഞു വീർത്ത് അവൾ പനിച്ചു കിടന്നു.

ഈ ഘട്ടത്തിലാണ് അവർക്കിടയിൽ ആദ്യത്തെ കൗൺസിലിംഗ് നടക്കുന്നത്. അവനെ കൂടെ ഇരുത്തി തന്നെ അവൾ അവളുടെ പ്രശ്നങ്ങൾ എല്ലാം കൗൺസിലറോട് പറഞ്ഞു. അവനതൊന്നും നിഷേധിച്ചില്ല. കാരണം അവന്റെ യാഥാസ്ഥിതിക മനസ്സിൽ അവൻ അവളോട് ചെയ്യുന്നതും പറയുന്നതുമൊക്കെ ശെരിയായ കാര്യങ്ങളായിരുന്നു. അയാൾക്ക് ഭാര്യയായാൽ ഭർത്താവിനേയും അവന്റെ വീട്ടുകാരേയും അനുസരിക്കേണ്ടവളും അവർ രണ്ട് തല്ലിയാൽ അത് കൊള്ളേണ്ടവളും ആയിരുന്നു. ഒരു കാരണവശാലും നിങ്ങളോ നിങ്ങളുടെ വീട്ടുകാരോ ഇനി അവളുടെ ദേഹത്ത് കൈ വയ്ക്കരുതെന്ന് പറഞ്ഞ അന്നത്തെ കൗൺസിലറോട് അന്നവൻ പറഞ്ഞത്, ഞാനും എന്റെ വീട്ടുകാരും പറയുന്നത് കേട്ടും സഹിച്ചും ജീവിക്കാമെങ്കിൽ അവള് കൂടെ നിന്നാ മതി എന്നാണ്. അത് ശെരിയല്ലെന്ന് തീർത്തും പറഞ്ഞ കൗൺസിലർക്ക് മുന്നിലേക്ക് പിന്നെ അയാൾ വന്നതേ ഇല്ല. അവരിന്നും ഓർക്കുന്നുണ്ട് അന്നത്തെ അവന്റെ സംസാരവും രീതികളും. അവരതൊക്കെ ആർക്ക് മുന്നിലും പറയാൻ തയ്യാറാണെന്നിരിക്കെ, അവൻ പറഞ്ഞു നടന്നത് അവൾ മാനസീക രോഗി ആണെന്ന് കൗൺസിലർ പറഞ്ഞെന്നാണ്.

അങ്ങനെയിരിക്കെ 2022 ൽ അവൾ അവനെതിരെ നിയമപരമായി തന്നെ പരാതി നൽകി. ഗാർഹിക പീഡനത്തിന്. അവളെ നിരന്തരം അക്രമിച്ച അയാളുടെ അച്ഛനും അമ്മയും കൂടി ആ കേസിൽ പ്രതിയായി. കേസിൽ അവര് ശിക്ഷിക്കപ്പെടുമെന്ന ഘട്ടമെത്തിയപ്പോൾ അവൻ വീണ്ടും അവൾക്ക് മുന്നിലേക്ക് പോയി. അന്ന് ഡാൻസ് ക്ലാസിന് പോയിക്കൊണ്ടിരുന്ന അവളെ അവൻ ദിവസേന പോയി കണ്ടു. സങ്കടം അഭിനയിച്ചും, അവളും കുഞ്ഞുമില്ലാതെ പറ്റില്ലെന്ന് പറഞ്ഞും അവളെ മാനിപ്പുലേറ്റ് ചെയ്തു വശത്താക്കി. അപ്പോഴും ഇപ്പോഴും അയാളോട് പ്രണയം മാത്രമുള്ള ആ കുട്ടി അതിൽ കൃത്യമായി ചെന്ന് വീഴുകയും അതുവരെ അവളുടെ കൂടെ നിന്ന മനുഷ്യരെ എല്ലാം തള്ളി പറഞ്ഞിട്ട് അവന്റെ കൂടെ പോവുകയും ചെയ്തു. രണ്ടാം വരവിൽ അവൾക്ക് പക്ഷെ ആ വീട്ടിൽ കിട്ടിയത് ഗംഭീരമായ സ്വീകരണമായിരുന്നു. കേസ് ഹൈക്കോടതി വഴി ക്വാഷ് ചെയ്യുന്ന സമയം വരെ അവരവളോട് നന്നായി തന്നെ പെരുമാറി. ആ കാലയളവിൽ അവൾ രണ്ടാമതും ഗർഭിണി ആയി. കേസ് തേച്ചു മായ്ച്ചു കളഞ്ഞതും അവസ്ഥകൾ പഴയ പോലെ ആയി. കൂടെ നിന്ന വീട്ടുകാരെ തള്ളി കളഞ്ഞിട്ട് അവന്റെ കൂടെ പോയവൾക്ക് രണ്ടാം പ്രസവത്തിന് പോലും സ്വന്തം വീട്ടിലേക്ക് വരാനുള്ള സാഹചര്യം കിട്ടിയില്ല. സിസേറിയൻ ആയിരുന്നു അവളുടെ രണ്ട് പ്രസവങ്ങളും. രണ്ടാം പ്രസവത്തിന് ശേഷം ഒരുമാസം ഹോം നേഴ്‌സിനെ വീട്ടിൽ നിർത്തിയെങ്കിലും അവര് പോയ ഉടനെ അവള് വീട്ടു ജോലികളും, അവനെ സഹായിക്കുന്ന ജോലികളും, കുഞ്ഞിന്റെ കാര്യങ്ങളും ചെയ്തു തുടങ്ങി. അത് കഴിഞ്ഞ ഏപ്രിൽ വരെ തുടർന്നു.

ഈ ഘട്ടത്തിലൊക്കെയും അവളുടെ മൂത്ത കുട്ടി അച്ഛച്ഛനും അമ്മമ്മയ്ക്കുമൊപ്പമാണ് കിടന്നിരുന്നത്. മരണപ്പെട്ട ഉഷ, അതായത് ആ കുട്ടികളുടെ അമ്മമ്മ ഇളയ മകന്റെ ഭാര്യയുടെ പ്രസവം നോക്കാൻ ഗൾഫിൽ പോയ ദിവസങ്ങളിൽ ഒന്നിലാണ് പോക്സോ കേസിന് ആസ്പദമായ വിഷയങ്ങൾ ഉണ്ടാകുന്നത്. കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടയിൽ സ്വകാര്യ ഭാഗങ്ങളിൽ സോപ്പ് കൊണ്ട് കുട്ടി കരയുകയും അവൾ ചോദിച്ചപ്പോൾ സ്വകാര്യ ഭാഗങ്ങളിൽ വേദനിക്കുന്നതായി കുട്ടി പറയുകയും ചെയ്തതാണ് തുടക്കം. പിന്നീട് ഒരു മാസം അവൾ ആ വിഷയത്തിൽ ഒരു കൺഫമേഷൻ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തി. കുട്ടിയുടെ ശരീരത്തിലുള്ള മാറ്റങ്ങൾ ഓരോന്നും തിരിച്ചറിഞ്ഞു. നിരന്തരം കുഞ്ഞിനോട് സംസാരിച്ചു. സംശയം സത്യമാണെന്ന് ഉറപ്പിച്ചു. ഒടുക്കം സത്യം പൂർണ്ണമായും തിരച്ചറിഞ്ഞ ദിവസം രാത്രി കുഞ്ഞുങ്ങളെയും വാരി എടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അന്ന് രാത്രി പക്ഷെ അവൾ പിടിക്കപ്പെട്ടു. ഒരുപാട് തല്ല് വാങ്ങിച്ചു കൂട്ടി. പിറ്റേ ദിവസം പക്ഷെ അവളാ വീട്ടിൽ നിന്ന് രക്ഷപ്പെട്ടു. ഇറങ്ങുമ്പോ കഴുത്തിൽ ഉണ്ടായിരുന്ന താലിയും ഒരു വളയും ആ വീട്ടിൽ വച്ചിട്ടാണ് അവൾ ഇറങ്ങിയത്. അവൾക്ക് വിവാഹത്തിന് വീട്ടുകാർ നൽകിയ സ്വർണ്ണമൊക്കെ അതിനും എത്രയോ മുന്നേ വീടിന്റെ രണ്ടാം നിലയ്ക്ക് വേണ്ടി ഭർത്താവ് തന്നെ നഷ്ടപ്പെടുത്തിയിട്ടുണ്ട്.

കുഞ്ഞുങ്ങളെയും കൊണ്ട് അവൾ നേരെ പോയത് പയ്യന്നൂരിലെ ഒരു പ്രശസ്തമായൊരു ആശുപത്രിയിലേക്കാണ്. അവർക്ക് പക്ഷെ ഇത്തരമൊരു കേസിൽ അവളെ സഹായിക്കാൻ സാധിക്കുമായിരുന്നില്ല. അവിടുന്ന് പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ എത്തിയ അവളെ അവരും നിരുത്സാഹപ്പെടുത്തി, "വേണമെങ്കിൽ" പയ്യന്നൂർ താലൂക്ക് ആശുപത്രിയിലേക്ക് പൊക്കോ എന്ന് അവരിൽ ആരോ പറഞ്ഞൊരു വാക്കിൽ പിടിച്ചാണ് അവൾ അങ്ങോട്ട് പോകുന്നത്. അപ്പോൾ പോലും ഇത്തരമൊരു വിഷയത്തിൽ എന്താണ് ചെയ്യേണ്ടതെന്നൊന്നും ആ കുട്ടിക്ക് അറിയില്ലായിരുന്നു. അവിടെ കുഞ്ഞിനെ പരിശോധിച്ച ഡോക്ടർ കുട്ടി സെക്ഷ്വൽ വയലൻസിന് ഇരയായതായി സർട്ടിഫൈ ചെയ്തു. സ്റ്റേഷനിലേക്ക് നേരിട്ട് ഇന്റിമേഷൻ പോയി. നിവൃത്തിയില്ലാതെ പയ്യന്നൂർ പൊലീസിന് കേസ് രജിസ്റ്റർ ചെയ്യേണ്ടി വന്നു. അതായത്, പ്രതികാര ദാഹിയായ ആ 'അമ്മ കൊടുത്ത വ്യാജ പോക്സോ കേസ് അല്ല നിലവിലെ കേസ്". കുഞ്ഞിനെ ചികിത്സിച്ച ഡോക്ടർ കണ്ടെത്തിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഗവണ്മെന്റ് ആശുപത്രിയിൽ നിന്ന് പോലീസ് സ്റ്റേഷനിലേക്ക് പോയ ഇന്റിമേഷൻ പ്രകാരം, കൃത്യമായ മെഡിക്കൽ രേഖ പ്രകാരം റജിസ്റ്റർ ചെയ്യപ്പെട്ട ഒന്നാണത്. കഴിഞ്ഞ ദിവസങ്ങളിൽ ഞാനതൊക്കെ വായിച്ചതാണ്. കുഞ്ഞിന്റെ മൊഴി വായിച്ചും, പോലീസ് ആ കേസിൽ ഇട്ട വകുപ്പുകൾ കണ്ടും ഞെട്ടിയതാണ്.

കേസ് രജിസ്റ്റർ ചെയ്തു, ഗതികെട്ട് പൊലീസിന് രജിസ്റ്റർ ചെയ്യേണ്ടി വന്നു എന്ന് പറയുന്നതാണ് കുറെ കൂടി ശെരി. പക്ഷെ ഒരു പോക്സോ കേസിൽ പാലിക്കേണ്ട ഒരു നിയമവും ഈ കേസിൽ ആദ്യ ഘട്ടം മുതൽ പാലിക്കപ്പെട്ടില്ല. പ്രതിയെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തില്ലെന്ന് മാത്രമല്ല അയാൾക്ക് വിവരങ്ങൾ ചോർത്തി നൽകി മുൻകൂർ ജാമ്യത്തിന് അപേക്ഷിക്കാനുള്ള നിർദേശവും നൽകി. ശേഷം മൂന്ന് തവണകളിലായി കുഞ്ഞിന് മുന്നിൽ കൗൺസിലർ എത്തി. ആദ്യ രണ്ട് റിപ്പോർട്ടിലും കുട്ടിയുടെ മൊഴി കൃത്യമായി രേഖപ്പെടുത്തിയ അതേ ആൾ, മൂന്നാം റിപ്പോർട്ടിൽ കുട്ടി പറയുന്ന കാര്യങ്ങളിൽ വ്യക്തത കുറവുണ്ടെന്ന് എഴുതി വച്ചു. അവസാനം വന്നപ്പോൾ അച്ഛനൊപ്പം പോയില്ലെങ്കിൽ അമ്മയെ ജയിലിൽ ഇടുമെന്ന് കുഞ്ഞിനെ പേടിപ്പിക്കുക കൂടി ചെയ്തിരിക്കുന്നു. ആ കുഞ്ഞത് പറഞ്ഞു കരയുന്ന ഓഡിയോ ഇപ്പോഴും ആ അമ്മയുടെ കയ്യിലുണ്ട്. "അമ്മ പോണ്ട, എനിക്ക് അമ്മയെ വേണം, ഞാൻ അച്ഛന്റെ കൂടെ പോയില്ലെങ്കിൽ അമ്മയെ പോലീസ് പിടിക്കുമെന്ന് ആ ആന്റി പറഞ്ഞു. എനിക്ക് പോണ്ട അമ്മേന്ന്" ആ കുട്ടി കരയുന്നത് ഞാനും കേട്ടു.

ദിവസങ്ങൾ കഴിഞ്ഞിട്ടും പോക്സോ കേസിൽ അറസ്റ്റ് ഉണ്ടാകാതായപ്പോൾ പയ്യന്നൂർ സ്റ്റേഷനിൽ നിന്ന് കേസ് മാറ്റണമെന്ന അപേക്ഷയുമായി ആഅമ്മ എസ്പി ഓഫീസിൽ പോയി. ഒന്നാലോചിച്ചു നോക്കൂ, ഒരാൾ പോയി സ്വന്തം സ്റ്റേഷൻ പരിധിയിൽ ഉള്ളവരെ വിശ്വാസം ഇല്ലെന്ന് പറഞ്ഞ ഉടൻ ശെരി എന്ന് പറയുന്നവരാണോ ഇന്നാട്ടിലെ പോലീസ്. അവരുടെ അന്വേഷണത്തിൽ അവളുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ശേഷമായിരിക്കില്ലേ ആ പോക്സോ കേസ് ക്രൈം ബ്രാഞ്ചിലെ ഒരു പ്രത്യേക സംഘത്തെ ഏൽപ്പിച്ചിരിക്കുക. ആ കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. കുഞ്ഞിന്റെ മൊഴി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരും, മജിസ്‌ട്രേറ്റ് പോലും രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാജ കേസ് ആണെങ്കിൽ കുഞ്ഞിനെ കൊണ്ട് സത്യം പറയിപ്പിക്കാൻ കഴിവില്ലാത്തവരാണോ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ എന്നാണോ നിങ്ങളൊക്കെ കരുതുന്നത്. 6 വയസ്സുള്ളൊരു കുട്ടിയിൽ നിന്ന് വെറും മൂന്ന് ചോദ്യത്തിൽ പോലീസിന് സത്യം മനസ്സിലാകും. അങ്ങനെ ഉള്ളപ്പോൾ എന്തടിസ്ഥാനത്തിൽ ആണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ച കേസ് വ്യാജമാണെന്ന് ചിലർ പ്രചരിപ്പിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.

പിന്നെന്ത് കൊണ്ട് അയാളെ അറസ്റ്റ് ചെയ്തില്ലെന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് ആദ്യം കേസ് രജിസ്റ്റർ ചെയ്ത പൊലീസാണ്. അവളല്ല. കോടതിയിൽ ജാമ്യം കിട്ടിയതുമായി ബന്ധപ്പെട്ട് ഒന്ന് രണ്ട് കാര്യങ്ങൾ പറയാം, ഒന്ന് ഹൈക്കോടതി നിയമിച്ച പബ്ലിക്ക് പ്രോസിക്യൂട്ടറുടെ അലംഭാവം ആയിരുന്നു. അദ്ദേഹത്തിന് ഈ കേസിനെ കുറിച്ച് കാര്യമായൊന്നും അറിയില്ലായിരുന്നു എന്നത് വലിയ പ്രശ്നമായിട്ടുണ്ട്, രണ്ട് നേരത്തെ പറഞ്ഞ കൗൺസിലറുടെ മൂന്നാമത്തെ റിപ്പോർട്ട് കോടതി പരിഗണിച്ചു എന്നതാണ്. ഇതിനൊക്കെ പുറമെ അന്ന് ആ കുഞ്ഞിന് വേണ്ടി ഹൈക്കോടതിയിൽ അയാൾക്കെതിരെ വാദിച്ചത് ആ അമ്മ തന്നെയായിരുന്നു എന്നതാണ്. കോടതി വ്യവഹാരങ്ങളെ കുറിച്ചൊന്നും ഒരു ധാരണയുമില്ലാത്ത ആ കുട്ടിക്ക് സ്വന്തം ഭാഗം കോടതിക്ക് മുന്നിൽ വാദിച്ചു ജയിക്കാൻ കഴിഞ്ഞില്ല. പ്രതിയുടെ ഭാഗത്തു നിന്നുമുണ്ടായ മറ്റ് ചില കാര്യങ്ങൾ പക്ഷെ ഇവിടെ ഇപ്പോൾ പരസ്യമായി പറയാൻ സാധിക്കില്ല. സമയമാകുമ്പോൾ അതൊക്കെയും അവൾ വഴി തന്നെ ലോകം കേൾക്കും. അങ്ങനെയാണ് ഒന്നരലക്ഷം രൂപ കോടതിയിൽ കെട്ടി വച്ചിട്ട് അയാൾക്ക് ജാമ്യം കിട്ടുന്നത്. അപ്പോഴും പക്ഷെ ഏപ്രിൽ മാസം മുതൽ കുഞ്ഞുങ്ങൾ അവൾക്കൊപ്പം വാടക വീട്ടിൽ തന്നെ ഉണ്ടായിരുന്നു എന്ന് മറക്കരുത്.

ഇതേ കുഞ്ഞിനെ കുറിച്ചാണ് അച്ഛന്റെ കൂടെ പോകാൻ നിർബന്ധം പിടിച്ചിട്ടും കോടതി സമ്മതിച്ചില്ലെന്നൊക്കെ പലരും എഴുതി കണ്ടത്. അവരോടാണ്, മൂത്ത കുട്ടിയുടെ കേസ് മാത്രമാണ് കോടതിയിൽ ഉണ്ടായിരുന്നത്. ചെറിയ കുട്ടി ഈ കേസുകളിൽ ഒന്നും ഭാഗമല്ല. കഴിഞ്ഞ ഏപ്രിൽ മുതൽ കുട്ടികൾ രണ്ടുപേരും അവൾക്കൊപ്പം തന്നെയായിരുന്നു. മൂത്ത കുഞ്ഞിനെ മാസങ്ങൾക്ക് മുന്നേ കോടതി അവൾക്കൊപ്പം വിട്ടത്തിന് കാരണം ആ കുട്ടി ഒരു പോക്സോ കേസ് വിക്ടിം ആയത് കൊണ്ട് മാത്രമല്ല, ക്രൈംബ്രാഞ്ച് അന്വേഷിച്ചു പോക്സോ കോടതിയിൽ മാസങ്ങൾക്ക് മുന്നേ സമർപ്പിച്ച റിപ്പോർട്ടിലെ പ്രതിക്കൊപ്പമുള്ള ജീവിതം ആ കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണി ആണെന്ന് തിരിച്ചറിഞ്ഞിട്ട് കൂടിയാണ്. പിന്നെ കുട്ടി അച്ഛന്റെ കൂടെ പോകാൻ കരഞ്ഞ കാര്യം, അത് സത്യമാണ്. കഴിഞ്ഞ ഡിസംബർ 20 ന് കോടതിയിൽ അങ്ങനൊരു സീൻ ഉണ്ടായിട്ടുണ്ട്. ആ കുട്ടിക്ക് 6 വയസ്സാണ് പ്രായം, എന്നുവച്ചാൽ അമ്മയുടെ സ്നേഹവും കരുതലും സംരക്ഷണവും വേണോ അച്ഛന്റെ വീട്ടിലെ സുഖ സൗകര്യമുള്ള ജീവിതം വേണോ എന്ന് ചിന്തിച്ചു മനസ്സിലാക്കാൻ പറ്റാത്ത പ്രായം. ആ കുട്ടി ജനിച്ചതും വളർന്നതും, അവളുടെ കൂട്ടുകാരും കളിപ്പാട്ടങ്ങളും ഒക്കെ ഉള്ള ഇടത്തേക്ക് പോകാനേ ആ പ്രായത്തിലുള്ള കുട്ടി ശ്രമിക്കൂ. എന്റെയോ നിങ്ങളുടെയോ കുഞ്ഞാണെങ്കിൽ പോലും അതങ്ങനെയാണ്. അല്ലാതെ വാടക വീട്ടിലെ സൗകര്യക്കുറവിലും അമ്മയുടെ സ്നേഹം തിരിച്ചറിയുകയും മറ്റേ വീട്ടിൽ വച്ചു കുട്ടിക്കുണ്ടായ ഉപദ്രവം തിരിച്ചറിയുകയും ചെയ്യുന്ന പ്രായമായിരുന്നില്ല അതിന്റേതെന്ന മിനിമം ബോധത്തിൽ സംസാരിക്കാൻ ശ്രമിച്ചാൽ ആ കാര്യത്തിൽ വ്യക്തത വരും.

പിന്നൊന്ന് ഈ കുട്ടികളെ അമ്മയും അമ്മമ്മയും നിരന്തരം ഉപദ്രവിക്കുമായിരുന്നു എന്നതാണ്. നോക്കൂ, ഇതേ കുട്ടി അമ്മയെ വേണമെന്ന് പറഞ്ഞു കരയുന്ന, അവളുടെ അനിയന്റെ തോളിൽ ഇരുന്ന് കളിക്കുന്ന, അവനെ മാറി മാറി ഉമ്മ വയ്ക്കുന്ന, അമ്മാമ്മയുടെ കൂടെ നടക്കുന്ന, കളിക്കുന്ന ചിരിക്കുന്ന എത്ര വീഡിയോകൾ നിങ്ങൾക്ക് കാണണം. ഞാൻ കാണിച്ചു തരാം. അവൾക്കൊപ്പം ഡാൻസ് ചെയ്യുന്ന, പാട്ട് പാടുന്ന ഹാപ്പി ആയിട്ട് ഇരിക്കുന്ന ഒരു ഡസൻ വീഡിയോകളും ഫോട്ടോകളും അവളിപ്പോഴും കണ്ടു കൊണ്ടിരിക്കുന്നുണ്ട്. അതവളെ ജീവിപ്പിക്കുന്നുണ്ട്. ഞാൻ കണ്ടിട്ടുണ്ട് ഇതിൽ പലതും. സങ്കടം കൊണ്ട് കരഞ്ഞു പോയിട്ടുണ്ട് ചിലത് കണ്ടിട്ട്.

പിന്നെ ഉപദ്രവം, എന്റെ വീട്ടിലുമുണ്ട് കുട്ടികൾ. എത്ര ശ്രദ്ദിച്ചാലും കളിക്കുന്നതിനിടയിൽ ആ കുട്ടികളിടെ പ്രായത്തിലുള്ള പിള്ളേര് വീഴുന്നതും, മുറിയുന്നതും, ചിലപ്പോ കയ്യോ കാലോ പൊട്ടുന്നതുമൊക്കെ സ്വഭാവികമല്ലേ? നിങ്ങളുടെ വീട്ടിലെ കുട്ടികൾക്ക് ഒന്നും അത്തരം അപകടങ്ങൾ പറ്റിയിട്ടെ ഇല്ലേ? അതുപോലെ ഒരപകടമാണ് നവംബറിൽ ആ കുട്ടിക്കും പറ്റിയത്. രാത്രി കിടക്കാൻ നേരം ലൈറ്റ് ഒക്കെ ഓഫ് ആക്കിയ ശേഷം വാതിൽ അടച്ചപ്പോൾ കൈ വാതിലിനിടയിൽ കുടുങ്ങി പോയി. അപ്പൊ തന്നെ ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന് രാത്രി സ്റ്റിച്ചിടാൻ പറ്റാത്ത കൊണ്ട് സഡേറ്റ് ചെയ്ത് രാവിലെ സ്റ്റിച്ചിട്ടു. ഇതാണ് നാട്ടിൽ മൊത്തം പറഞ്ഞു പരത്തിയ ഉപദ്രവ കഥയുടെ സത്യം. കോടതി അമ്മയ്ക്കൊപ്പം വിട്ട കുഞ്ഞിന്റെ ജീവന് ഭീഷണി ഉണ്ടെന്ന് പറഞ്ഞ് ആ കുട്ടികളെ കൊന്ന അച്ഛൻ പോലീസ് സ്റ്റേഷനിൽ പോവുകയും, അച്ഛച്ഛൻ തൽക്കാലം മാറി നിൽക്കാൻ പോലീസ് വഴി തീരുമാനം ആക്കുകയും, അയാളെ വീട്ടിൽ നിന്ന് മാറ്റി എന്ന് പറഞ്ഞു അവൻ കുഞ്ഞിനെ കൊണ്ടു പോവുകയും ചെയ്യുന്നു. നോക്കൂ, അത് കോടതി അലക്ഷ്യമായ കാര്യമാണ്. കോടതി അമ്മയ്ക്ക് കൊടുത്ത പോക്സോ കേസിലെ വിക്ടിം ആയൊരു കുഞ്ഞിനെ അങ്ങനെ സ്വന്തം ഇഷ്ടത്തിന് കൊണ്ട് പോകാൻ ഒന്നും അയാൾക്ക് റൈറ്റ് ഇല്ല. ഏത് പോലീസ് പറഞ്ഞാലും. എന്നിട്ടും അയാൾ അത് ചെയ്തു. അതിനെയാണ് ഇവിടെ ചില ആളുകൾ അന്ധമായി ന്യായീകരിക്കുന്നത്.

ഇതിന് ശേഷമാണ് കുഞ്ഞിനെ തിരികെ കിട്ടാൻ അവൾ വീണ്ടും കോടതി കയറുന്നത്. ഡിസംബർ 20 ന് കേസ് വിളിച്ച ദിവസം അവൾക്കെതിരെ ഒരു ഫയല് നിറയെ എന്തൊക്കെയോ തെളിവും കൊണ്ട് കുഞ്ഞിനേയും കൂട്ടി കോടതിയിൽ എത്തിയ അവനെ കോടതി കണക്കിന് ശകാരിച്ചു. കോടതി വിധി മറികടന്ന് കുഞ്ഞിനെ കൊണ്ടു പോയതിനാണ് അയാൾക്ക് ചീത്ത കേൾക്കേണ്ടി വന്നത്. ആ കുഞ്ഞൊരു പോക്സോ കേസിലെ വിക്‌ടിം ആണെന്ന് കോടതി അയാളെ ഓർമ്മിപ്പിക്കേണ്ട സഹചര്യമുണ്ടായി. കുഞ്ഞിനെ എടുത്തു പുറത്തേക്ക് നിൽക്കാൻ അവളോട് പറഞ്ഞിട്ടാണ് ഇതൊക്കെ അവിടെ നടന്നത്‌. സ്വാഭാവികമായും കുറെ ദിവസങ്ങൾ അച്ഛനൊപ്പമായിരുന്ന കുട്ടി കരയില്ലേ. അവളും കരഞ്ഞു. കോടതി അവൾക്കൊപ്പം വീണ്ടും കുഞ്ഞിനെ വിട്ടെങ്കിലും കുഞ്ഞിന്റെ കരച്ചിലിൽ ആ അമ്മ വീണു.

ഇനി നടന്നതൊക്കെയാണ് ഈ കേസിലെ ഏറ്റവും പ്രധാന ഭാഗം.അധികം ആർക്കും അറിയാത്ത കാര്യങ്ങൾ.

കോടതിയിലെ സംഭവങ്ങൾക്കെല്ലാം ശേഷം തിരിച്ചിറങ്ങിയ അവൾ ബസ്സിലിരുന്ന് കുഞ്ഞിനൊപ്പം വീണ്ടും അവനെ ഫോണിൽ വിളിച്ചു. പയ്യന്നൂരിൽ വച്ചു കാണാം എന്നും, കുഞ്ഞൊന്നും കഴിച്ചില്ലല്ലോ എന്നും, നിങ്ങള് വന്നാൽ കുഞ്ഞി ഭക്ഷണം കഴിക്കുമെന്നും പറഞ്ഞു. അവൻ വന്നു. അവർ തമ്മിൽ കണ്ടു. പയ്യന്നൂരിലെ ഒരു ഹോട്ടലിൽ കയറി ബിരിയാണി വാങ്ങി ഇരുവരും ചേർന്ന് കുഞ്ഞിനെ കഴിപ്പിച്ചു. ബാക്കി ബിരിയാണി പാഴ്‌സൽ ചെയ്യാൻ പറഞ്ഞു. കുഞ്ഞ് അയാൾക്കൊപ്പം ബൈക്കിലും അവൾ ഓട്ടോയിലും അവളുടെ വാടക വീട്ടിലേക്ക് വന്നു. വീട്ടിലെത്തിയ കുട്ടി അച്ഛനൊപ്പം തന്നെ പോകാൻ വാശി പിടിച്ചപ്പോൾ രണ്ട് കുട്ടികളെയും അയാൾക്കൊപ്പം വിടാൻ തയ്യാറായവളാണ് അവൾ. കോടതി അവനിൽ നിന്ന് കുഞ്ഞിനെ അവൾക്ക് കൊടുത്ത ശേഷം, അവനെ കണക്കിന് ചീത്ത പറഞ്ഞിറക്കി വിട്ട ദിവസം നടന്നതാണിതെന്ന് ഓർക്കണം. അത്യാവശ്യം സാധനങ്ങൾ ഒക്കെ വാങ്ങിച്ചിട്ട് ഒന്ന് വണ്ടിയിൽ കറങ്ങി തിരികെ വരാം എന്ന് പറഞ്ഞിട്ട് രണ്ട് കുട്ടികളെയും കൊണ്ട് പോയ അയാൾ പിന്നീട് അവളെ വിളിച്ചിട്ട് പറഞ്ഞത് കുഞ്ഞുങ്ങൾക്ക് വേണ്ട സാധനങ്ങൾ എല്ലാം വാങ്ങി കൂട്ടത്തിൽ ഒരു സാധനം കൂടി വാങ്ങിച്ചു അത് പക്ഷെ കുഞ്ഞുങ്ങൾക്ക് ബിരിയാണിയിൽ കലക്കി കൊടുക്കാൻ നോക്കിയിട്ട് എന്നെ കൊണ്ട് പറ്റുന്നില്ല എന്നാണ്. ഇത് നടക്കുന്നത് ഡിസംബർ 20 നാണ്. കൂട്ട മരണങ്ങൾക്ക് രണ്ട് ദിവസം മുന്നേ. ആ കോൾ നീണ്ടു പോയത് നീണ്ട 45 മിനിറ്റോളമാണ്. അവർ തമ്മിൽ ഒരുപാട് സംസാരിച്ചു. അവൾ അവനെയും അവൻ അവളെയും ആശ്വസിപ്പിച്ചു. ഒരു വാടക വീട് എടുത്തിട്ട് മാറി താമസിക്കാമെന്നും ഇടയ്ക്ക് ഞാൻ വന്ന് അവിടെ നിൽക്കാമെന്നുമെല്ലാം അവര് തമ്മിൽ സംസാരിക്കുന്ന ഓഡിയോയിൽ ആ കുഞ്ഞുങ്ങളുടെ ബഹളം കേൾക്കാം.

അവളേറെ ആശ്വസിപ്പിച്ച ശേഷം രാത്രിയോടെ അവൻ രണ്ട് കുട്ടികളെയും കൊണ്ട് അവളുടെ വീട്ടിലേക്ക് വരുന്നുണ്ട്. ചെറിയ കുഞ്ഞിനെ അവളെ ഏല്പിച്ചിട്ട് മൂത്ത കുട്ടിയെ അന്ന് അവൻ തന്നെ കൊണ്ടു പോയി. കോടതി ഉത്തരവ് പ്രകാരം അവനതിനുള്ള റൈറ്റ് ഇല്ല. ആഴ്ചയിൽ ഒരു ദിവസം 10 മണി മുതൽ 5 വരെ പയ്യന്നൂർ മാളിൽ വച്ചോ, ഗാന്ധി പാർക്കിൽ വച്ചോ കാണാനെ കോടതി സമ്മതിച്ചിട്ടുള്ളൂ. അങ്ങനെ ഉള്ളപ്പോഴാണ് മുറിവ് പറ്റിയ കുഞ്ഞിനെ അവൻ ആശുപത്രിയിൽ നിന്ന് എടുത്തു കൊണ്ട് പോകുന്നതും, മരിക്കുന്നതിന് 2 ദിവസം മുന്നേ കോടതിയിൽ നിന്ന് വന്ന രാത്രി കൂടെ കൊണ്ട് പോകുന്നതും. അന്നും അവളതിനെ എതിർത്തില്ലെന്ന് മാത്രമല്ല പിറ്റേ ദിവസം അവൻ വന്നപ്പോ ഇളയ കുഞ്ഞിനെ കൂടെ വിടാനും റെഡി ആയി. അന്നും അവൻ വൈകിട്ട് ഇളയ കുട്ടിയെ അവളെ ഏൽപ്പിക്കുകയും മൂത്ത കുട്ടിയെ കൂടെ തന്നെ കൊണ്ടു പോവുകയും ചെയ്തു. അതിനും അവൾ ഓക്കേ ആയിരുന്നു. പിറ്റേന്ന് രാവിലെ അതായത് മരണങ്ങൾ നടന്ന ദിവസം രാവിലെ അവൻ അവളെ വിളിച്ചിട്ട് പറഞ്ഞത് ഇളയ കുഞ്ഞിനെ റെഡി ആക്കി നിർത്തൂ ഞാൻ വരുന്നുണ്ട് ജനന സർട്ടിഫിക്കറ്റ് വാങ്ങാൻ പോകാനുണ്ട്, അവനെ വേണം എന്നാണ്. അവൻ പറഞ്ഞത് പോലെ അവൾ കുഞ്ഞിനെ റെഡി ആക്കി നിർത്തി. മൂത്ത കുട്ടിയെ റെഡി ആക്കി സ്കൂൾ യൂണിഫോമിലാണ് അവൻ കൊണ്ടു വരുന്നത്. മോനെ ഉച്ചയോടെ കൊണ്ട് വിടാം, മോളെ നീ വൈകിട്ട് സ്കൂളിൽ നിന്ന് കൂട്ടിക്കോ, ഞാൻ വന്നാൽ അവൾ വീണ്ടും കരയുമെന്നാണ് അവളോട് പറഞ്ഞത്. ശെരിയെന്നവൾ സമ്മതിക്കുകയും അവൻ കുഞ്ഞുങ്ങളെയും കൊണ്ട് പോവുകയും ചെയ്തു.

ഉച്ചയ്ക്ക് വീട്ടിൽ എത്തിയപ്പോൾ ഇളയ കുട്ടിയെ അവൻ കൊണ്ടു വന്നിട്ടില്ല. ഫോണിൽ വിളിച്ചപ്പോൾ 15 മിനുട്ട് കൊണ്ട് വീടെത്തിക്കാം എന്നയാൾ പറഞ്ഞതാണ്. അര മണിക്കൂർ കഴിഞ്ഞും കാണാതായപ്പോൾ അവൾ വീണ്ടും വിളിച്ചു. പയ്യന്നൂർ എത്തി എന്നവൻ മറുപടിയും പറഞ്ഞു. പക്ഷെ പയ്യന്നൂരിൽ വണ്ടി നിർത്തുമ്പോ കേൾക്കേണ്ട ഒരു ശബ്ദവും ബഹളവും അവൾ കേട്ടില്ല. മൊത്തത്തിൽ ഒരു സൈലൻസ്. സംശയം തോന്നി സ്കൂളിലേക്ക് മെസേജ് അയച്ചപ്പോൾ ആണ് മൂത്ത കുട്ടി സ്കൂളിൽ എത്തിയിട്ടില്ലെന്ന് അവൾ അറിയുന്നത്. അവന്റെ ഫോണ് അപ്പഴേക്കും സ്വിച്ച്‌ ഓഫ് ചെയ്യപ്പെട്ടിരുന്നു. ഉഷയുടെ ഫോണ് റിങ് ചെയ്യുന്നുണ്ട് ആരും എടുക്കുന്നില്ല. അന്നേരം വീട്ടിൽ നിന്ന് ഇറങ്ങി ഓടിയതാണ് ആ പെൺകുട്ടി. വീടിനടുത്തുള്ള സ്റ്റേഷനിൽ പോയാൽ നീതി കിട്ടില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു. പയ്യന്നൂർ പുതിയ സ്റ്റാന്റിൽ നിന്ന് ബസ്സ് കയറി അവൾ നേരെ പോയത് ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ്. കരഞ്ഞും നിലവിളിച്ചും അവിടെ എത്തി കാര്യം പറഞ്ഞു. അവർ അവളെ ആശ്വസിപ്പിച്ചു. അടിയന്തരമായി പിങ്ക് പോലീസിനെ വീട്ടിലേക്ക് വിട്ടു. അടച്ചിട്ടിരിക്കുന്ന വീടിനുള്ളിൽ നിന്ന് അപ്പോഴും ഉഷയുടെ ഫോണ് റിങ് ചെയ്യുന്നുണ്ടായിരുന്നു. തിരികെ എത്തിയ പിങ്ക് പോലീസ് ഈ വിവരം റിപ്പോർട്ട് ചെയ്യുമ്പോൾ അവൾ ആ ഓഫീസിൽ ഉണ്ട്. ഒറ്റയ്ക്ക്. ഒരാൾ കൂട്ടിനില്ലാതെ. അങ്ങനെയാണ് അവർ അവന്റെ അച്ഛനെ വിളിക്കുന്നത്, ഒരു ഓട്ടത്തിൽ ആണെന്നും വീട്ടിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ലെന്നും ഭാര്യ ഫോണ് എവിടെ എങ്കിലും വച്ചിട്ട് പോയതായിരിക്കുമെന്നും അയാൾ മറുപടി പറയുമ്പോഴും അവൾ ആ ഓഫീസിൽ ഉണ്ട്. പരാതി രേഖാമൂലം എഴുതി നൽകി. രസീത് വാങ്ങിച്ചിട്ട് തിരികെ വാടക വീട്ടിൽ എത്തുമ്പോൾ അവളറിഞ്ഞില്ല അവൻ അവളെ ചതിച്ചിട്ട് അവളുടെ കുഞ്ഞുങ്ങളെ കൊലപ്പെടുത്തി കാര്യം. രാത്രിയോടെ മരണ വിവരം പുറത്തറിഞ്ഞു. വാർത്തകൾ വന്നു. ആ ജീവനുകൾ നിലനിർത്താൻ ആ പെണ്ണ് ഓടിയ ഓട്ടമോ ചെയ്ത കാര്യങ്ങളോ മാത്രം പക്ഷെ ആരും അറിഞ്ഞില്ല. ആരും ചോദിച്ചില്ല. ഇതൊക്കെ ആരോടെങ്കിലും പറയാൻ സാധിക്കുന്ന അവസ്ഥയിൽ ആയിരുന്നില്ലല്ലോ അവളും.

ചാനലുകൾ ഏകപക്ഷീയമായി വാർത്ത നൽകി. അവളുടെ കുറ്റങ്ങൾ അവന്റെ വീട്ടുകാർ എണ്ണി എണ്ണി പറഞ്ഞു. കുഞ്ഞിനെ തല്ലിയ അമ്മയെ കുറ്റപ്പെടുത്തിയവർ കൊന്ന അച്ഛനെ പുകഴ്ത്തി. അയാളുടെ സ്നേഹത്തെ വാഴ്ത്തി. കോടതി വിധി മറികടന്നു കൊണ്ട് കോടതി അലക്ഷ്യം കാണിച്ച് കുഞ്ഞിനെ കൊണ്ടു പോയി കൊന്നിട്ടും, കോടതിയെ കുറ്റപ്പെടുത്തുന്നത് വരെ എത്തി കാര്യങ്ങൾ. ഗൾഫിൽ ഏതോ കേസിൽ ജയിലിൽ കിടന്നവൻ വരെ അവളെ കുറ്റപ്പെടുത്തി ചാനലുകളിൽ ബൈറ്റ് നൽകി. "നെഞ്ചത്തു കിടത്തി ഉറക്കിയതിന് പോക്സോ" എന്ന് ഒരു പ്രമുഖ മാധ്യമം തലക്കെട്ട് നൽകി. ആ കേസിലെ എഫ്ഐആർ പോലും അതിന് മുന്നേ ഒരുത്തനും വായിച്ചു നോക്കിയില്ല. നാട്ടുകാരും വീട്ടുകാരും അവളെ അറിയുന്നവരും ഇന്നേവരെ കണ്ടിട്ട് പോലും ഇല്ലാത്തവരും പോലും അതിനെ കൊത്തി വലിച്ചു കൊണ്ട് എല്ലായിടത്തും എഴുതി. അവരെന്തൊ നേരിൽ കണ്ടത് പോലെ അവളുടെ കുറ്റങ്ങൾ പാടി നടന്നു. നാളെ ഒന്ന് പുറത്തേക്കിറങ്ങിയാൽ, ഒരു നല്ല ഉടുപ്പ് ഇട്ടാൽ പോലും അവൾ ഓഡിറ്റ് ചെയ്യപ്പെടുന്ന അവസ്ഥയിൽ കാര്യങ്ങളെ എത്തിച്ചതിൽ നിന്ന് മാധ്യമങ്ങൾക്ക് മാറി നിൽക്കാൻ കഴിയില്ല. നാളെ ആ കുട്ടി പൂർണ്ണമായ ബോധത്തിലേക്ക് തിരികെ എത്തിയാൽ ആത്മഹത്യ ചെയ്ത പോലും നിങ്ങൾ കൂടി അതിന് ഉത്തരവാദികൾ ആണ്.

അവളെ കുറിച്ചു വന്ന വാർത്തയും പോസ്റ്റും ഒക്കെ ആ കുട്ടി കാണുന്നുണ്ട്. വായിക്കുന്നുണ്ട്. ഒരു മിനിമം ബോധത്തിൽ ആണവളെങ്കിൽ അവൾ ആത്മഹത്യ ചെയ്യാൻ എങ്കിലും ശ്രമിക്കുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത്രമേൽ തകർന്ന് പോയത് കൊണ്ടും മരവിപ്പ് മാറാത്ത കൊണ്ടും ഒന്ന് കരയാൻ പോലും പറ്റാത്ത വിധം കല്ലായി പോയത് കൊണ്ടുമാകും ചിലപ്പോൾ ഇതെല്ലാം കണ്ടിട്ടും അവൾ ഇങ്ങനെ ഇരിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. അത്രയ്ക്കുണ്ട് ആളുകളുടെ സൈബർ അറ്റാക്കും ബുള്ളീയിങ്ങും. എന്നിട്ടും പക്ഷെ അതൊക്കെ വായിച്ചിട്ട് ഒരു ഫീലും ഇല്ലാതെ ഇരിന്നു പോകുന്നൊരു പെൺകുട്ടിയെ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പറ്റുമോ? ഞാൻ മുന്നിൽ കാണുകയാണ് അവളെ, മിണ്ടുകയാണ് അവളോട്, കൂടെ തന്നെ ഉണ്ടെന്ന് ആശ്വസിപ്പിക്കുകയാണ്.

ഒരു കാര്യം ഉറപ്പാണ്. ജീവിച്ചിരുന്ന തന്റെ കുഞ്ഞിന് വേണ്ടി അവൾ തുടങ്ങി വച്ച ഫൈറ്റിൽ അവൾ ഇനി മുന്നോട്ട് പോകുന്ന അത്രയും കാലം ഞങ്ങൾ കുറെ മനുഷ്യർ നിരുപാധികം അവൾക്കൊപ്പം നിൽക്കും. പൊതു ബോധത്തിനൊപ്പം ചേർന്ന് മാധ്യമങ്ങൾ വലിച്ചു കീറിയ ഒരുവളുടെ അതിജീവനത്തിന് എന്ത് സാഹചര്യവും ഒരുക്കി നൽകും. മനുഷ്യത്വമുള്ള മനുഷ്യരുടെ വാക്കാണത്.

ഞങ്ങൾക്ക് ബാക്കി നിൽക്കുന്ന സംശയങ്ങൾ ഇവയാണ്, ആത്മഹത്യയും കൊലപാതവും നടക്കുന്നതിന്റെ രണ്ട് ദിവസം മുന്നേ അവളോട് മണിക്കൂറുകൾ അടുപ്പിച്ചു സംസാരിച്ച കാലധരൻ എന്തിനാകും 2 ദിവസത്തിന് ശേഷം ആത്മഹത്യ ചെയ്തത്?

അന്ന് രാവിലെ സ്കൂളിലേക്കെന്നും പറഞ്ഞു കുഞ്ഞിനെ റെഡി ആക്കി കൊണ്ടു വന്നിട്ട്, ചെറിയ കുഞ്ഞിനേയും കൊണ്ട് പോയ ശേഷം എന്താണ് സംഭവിച്ചിരിക്കുക?

കുട്ടികളെയും കൊണ്ട് കാങ്കോൽ തെയ്യം കാണാൻ പോയ അവനെ ഉച്ചയ്ക്ക് ഒരു മണിവരെ കണ്ടവരുണ്ട്, പിന്നെന്തൊക്കെ നടന്നു കാണും?

കോടതി പോലും തനിക്കൊപ്പം നിന്നില്ലെന്നും, ഭാര്യ നിരന്തരം കേസ് കൊടുത്തിൽ വിഷമിച്ചിരുന്നു എന്നും അവന്റെ വീട്ടുകാർ പറയുന്നു, അതിൽ മനം നൊന്താണ് മരണമെന്നും. ആ കൂടെ സ്വന്തം അമ്മയെ അയാൾ എന്തിന് കൂടെ കൂട്ടി? കുഞ്ഞുങ്ങളെ അവളുടെ ഉപദ്രവത്തിൽ നിന്ന് രക്ഷിക്കാൻ അമ്മയെ കൂടെ എന്തിന്?

ഇനി പ്രധാന കാര്യം, പോക്സോ കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കാനും അയാളെ കസ്റ്റഡിയിൽ വാങ്ങിക്കാനും, പരിശോധനയ്ക്ക് വിധേയനാകാനും അവളുടെ വക്കീൽ അപേക്ഷ കൊടുക്കാൻ തീരുമാനിച്ച ഘട്ടത്തിലാണ് ഈ മരണങ്ങൾ നടന്നത്. പോക്സോ കേസിലെ അച്ഛന്റെ പങ്കിനെ അംഗീകരിക്കാത്ത ആ മകൻ അന്നേ ദിവസം അതിൽ വ്യക്തത കണ്ടെത്തിയിരുന്നോ? കുഞ്ഞിന്റെ മൊഴിയിൽ പറയുന്ന കാര്യങ്ങൾ അറിഞ്ഞിട്ടാണോ അമ്മയെ കൂടെ കൂട്ടിയിരിക്കുക?

തീർന്നിട്ടില്ല ഇനിയുമുണ്ട് തെളിവ് സഹിതം ഇഷ്ടം പോലെ ചോദ്യങ്ങൾ അതിന് പക്ഷെ മറുപടി പറയേണ്ടത് പോലീസും കോടതിയുമാണ്. അതുണ്ടാകും മുന്നേ ആരൊക്കെ ആ പെൺകുട്ടിയെ കല്ലെറിഞ്ഞാലും, കുറ്റപ്പെടുത്തിയാലും, കൊത്തി വലിച്ചാലും അവൾക്കൊപ്പം മാത്രമാണ്.

അവൾക്കൊപ്പം മാത്രം.

SCROLL FOR NEXT