കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ പിന്തുണ യുഡിഎഫിനെന്ന് സൂചന നൽകി ക്രൈസ്തവ സഭകൾ. തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നയ രൂപീകരണത്തിന് സിറോ മലബാർ സഭയുടേയും ലത്തീൻ സഭകളുടേയും നിർണായക യോഗങ്ങൾ ഈ മാസം ചേരും. കോൺഗ്രസ് അനുകൂല നിലപാട് ഉയർത്തിപ്പിടിക്കണമെന്ന് ഒരു വിഭാഗത്തിൻ്റെ ആവശ്യം. തദ്ദേശ വോട്ടെടുപ്പിലെ നിലപാട് സഭയുടെ സ്വാധീനം തെളിയിച്ചെന്ന് വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം.
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിൻ്റെ കനത്ത പരാജയം യുഡിഎഫിനെക്കാൾ ആവേശം പകർന്നത് ക്രൈസ്തവ സഭകൾക്കാണ്. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് മുതൽ അധ്യാപക നിയമനത്തിലെ ഇരട്ട നീതി വരെ സമുദായത്തിൻ്റെ താഴത്തെ തട്ടിൽ എത്തിച്ച് ഭരണ വിരുദ്ധ വികാരം നിലനിർത്താനാൻ കത്തോലിക്കാ സഭാ നേതൃത്വം കാര്യമായി പരിശ്രമിച്ചിരുന്നു. ഇരു സഭകളുടെയും രാഷ്ട്രീയകാര്യ സമിതികൾ ഈ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് യാത്രകൾ നടത്തിയെങ്കിലും, ബിഷപ്പുമാർ എഴുതിയ ലേഖനങ്ങൾ ആണ് വിശ്വാസികൾക്കിടയിൽ കൂടുതൽ ചർച്ചയായത്.
സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പോ, സമുദായ സംഘടനയായ കത്തോലിക്കാ കോൺഗ്രസിൻ്റെ ചുമതലയുള്ള ബിഷപ്പുമാരോ കാര്യമായ രാഷ്ട്രീയം സംസാരിച്ചില്ല. റബ്ബർ വിലയടക്കം ചർച്ച ആക്കിയ ആർച്ച് ബിഷപ്പ് പാംപ്ലാനി ഇത്തവണ ഏതാണ്ട് മൗനത്തിൽ ആയിരുന്നു. വിദ്യാഭ്യാസ മേഖലയിലെ വിഷയം മുൻനിർത്തി സർക്കാരിനെതിരെ ആഞ്ഞടിച്ചത് ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ തലവൻ കൂടിയായ തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തായിരുന്നു. സീറോ മലബാർ സഭയിൽ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിൻ്റെ നിലപാടിനു സ്വീകാര്യത കൂടും എന്ന് ഉറപ്പായി.
ഇത് മുൻനിർത്തിയാണ് തൃശൂർ അതിരൂപതയുടെ മുഖപത്രം 2026 ജനുവരിയിലും സർക്കാർ വിരുദ്ധ മനോഭാവം തുടർന്ന് പ്രകടിപ്പിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ നിലപാട് തന്നെ നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കണമെന്ന് മുഖപ്രസംഗം ആവശ്യപ്പെടുന്നു. സഭയുടെ നിലപാടിനൊപ്പം നിൽക്കാൻ വിശ്വാസികൾക്ക് കടമയുണ്ടെന്നാണ് മുഖപ്രസംഗത്തിൻ്റെ നിലപാട്.
ലത്തീൻ കത്തോലിക്കാ സഭയിൽ തിരുവനന്തപുരം ആർച്ച് ബിഷപ്പ് തോമസ് നെറ്റോയുടെ നിലപാടിനും പൊതു സ്വീകാര്യത ലഭിച്ചു. പ്രഖ്യാപിത ഇടത് സഹയാത്രികനായിരുന്ന ആർച്ച് ബിഷപ്പ് ഡോക്ടർ മരിയ കാലിസ്റ്റേ സൂസൈയി പാക്യത്തിൻ്റെ പിൻഗാമിയായി എത്തിയ ആർച്ച് ബിഷപ്പ് നെറ്റോ രാഷ്ട്രീയ നിലപാടിൽ പ്രഖ്യാപിത കോൺഗ്രസുകാരനാണ്.
വിഴിഞ്ഞം സമരത്തിൽ മുഖം നഷ്ടപ്പെട്ട ആർച്ച് ബിഷപ്പ് നെറ്റോക്കും അനുയായികൾക്കും പുതുജീവൻ നൽകിയ തെരഞ്ഞെടുപ്പ് ഫലമാണ് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ലഭിച്ചത്. ഇതോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുന്നിലിരുത്തി തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളിൽ ലത്തീൻ കത്തോലിക്കാ സഭയുടെ സ്വാധീനം ആർച്ച് ബിഷപ്പ് നെറ്റോ ഊന്നിപ്പറഞ്ഞു. സഭയോടൊപ്പം നിന്നാൽ വി.ഡി. സതീശന് ഗുണമുണ്ടാകും ആവശ്യത്തിനുള്ള എംഎൽഎമാരെ വിജയിപ്പിച്ച് തരാം എന്നിങ്ങനെയായിരുന്നു ആർച്ച് ബിഷപ്പ് നടത്തിയ പ്രസംഗം.
ലത്തീൻ കത്തോലിക്ക സമുദായ സംഘടനയായ കെഎൽസിഎ അടുത്തമാസം മുതൽ ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് സമരത്തിന് ഇറങ്ങുകയാണ്. സമാനമായ നിലയിൽ കത്തോലിക്കാ കോൺഗ്രസും സമരത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ നിലപാട് രൂപീകരിക്കാനും അത് താഴെത്തട്ടിൽ എത്തിക്കാനും സഭകൾ യോഗം ചേരുന്നത്. സീറോ മലബാർ സഭയുടെ സിനഡ് ജനുവരി അഞ്ച് മുതൽ എറണാകുളത്ത് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻറ് തോമസിൽ ആരംഭിക്കും. ലത്തീൻ കത്തോലിക്കാ സഭയുടെ രാഷ്ട്രീയകാര്യ സമിതി യോഗം ഈ മാസം 10, 11 തീയതികളിൽ കൊച്ചിയിൽ കച്ചേരിപ്പടിയിലെ ആശീർ ഭവനിൽ ചേരും.