KERALA

ചേരാനല്ലൂര്‍ വാഹനാപകടം: പ്രതിക്ക് ജാമ്യം കിട്ടിയതിനെ അപലപിക്കുന്നു, പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി; ആവര്‍ത്തിച്ച് ആഭ്യന്തര മന്ത്രി

തനിക്ക് പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് അംഗീകരിക്കുന്നതിന് ഒരു മടിയും ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഈ കേസില്‍ സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെന്നും സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും സംഭവം ഉണ്ടായ രാത്രി ടി.ജെ. വിനോദ് എംഎല്‍എയാണ് ഫോണില്‍ വിളിച്ച് തന്നോട് ഇക്കാര്യം പറയുന്നതെന്നും രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.

പ്രതിക്ക് ജാമ്യം ലഭിച്ച നടപടിയെ താന്‍ ശക്തമായി അപലപിക്കുന്നുവെന്നും അത് ശരിയായില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. താന്‍ അന്വേഷിച്ചപ്പോള്‍ പ്രതിക്കെതിരെ കുറ്റകരമായ നരഹത്യയെന്ന വകുപ്പ് ചേര്‍ത്തിട്ടില്ലെന്ന് മനസിലായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തനിക്ക് പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് അംഗീകരിക്കുന്നതിന് ഒരു മടിയും ഇല്ലെന്നും എന്നാല്‍ 10 വര്‍ഷം ഭരിച്ചിട്ടും പിണറായി വിജയന്‍ ഒരിക്കല്‍ പോലും പൊലീസിന്റെ വീഴ്ച അംഗീകരിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം ചേരാനെല്ലൂര്‍ വാഹനാപകട കേസില്‍ ഭരണകക്ഷി എംഎല്‍എ ഇടപെട്ടെന്ന പ്രതിപക്ഷ ആരോപണത്തില്‍ സഭ പ്രക്ഷുബ്ധമായി. പ്രതിയായ പതിനേഴുകാരനെ രക്ഷിക്കാന്‍ നിയമലംഘനം നടന്നെന്ന് എ.സി മൊയ്തീന്‍ ആരോപിച്ചു.

തെളിവില്ലാതെ ആരോപണം ഉന്നയിക്കരുതെന്ന് പറഞ്ഞ സ്പീക്കര്‍ ആരോപണം സഭാ രേഖയില്‍ നിന്നും നീക്കി. വാഹനം ഇടിച്ച് മരിച്ചാല്‍ ഏത് എംഎല്‍എയാണ് ഇപെടാന്‍ പോകുന്നത് എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചോദിച്ചു. ആരുടെ മകനായാലും സംരക്ഷിക്കില്ല.

SCROLL FOR NEXT