രമേശ് ചെന്നിത്തല 
KERALA

"പുറത്തുവന്നത് സിപിഐഎമ്മിലെ അഴിമതിയുടെ ഒരറ്റം, അന്വേഷണം വേണം": തൃശൂരിലെ ശബ്ദരേഖ വിവാദത്തിൽ രമേശ് ചെന്നിത്തല

വിഷയത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിലപാട് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തൃശൂർ: സിപിഐഎമ്മിലെ ശബ്ദരേഖ വിവാദത്തിൽ പ്രതികരിച്ച് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഐഎമ്മിലെ അഴിമതിയുടെ ഒരറ്റമാണ് തൃശൂരിലെ ശബ്ദരേഖയിലൂടെ പുറത്തു വന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതിക്കാരെ സംരക്ഷിക്കാൻ സിപിഐഎമ്മിന് വ്യഗ്രതയാണ്. ശബ്ദരേഖയുടെ അടിസ്ഥാനത്തിൽ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

"ഡിവൈഎഫ്ഐ നേതാവിന്റെ വെളിപ്പെടുത്തലിൽ സിപിഐഎമ്മിലെ അഴിമതിയുടെ ഒരു അറ്റം മാത്രമാണ് പുറത്തുവന്നത്. തൃശൂരിൽ സിപിഐഎം അഴിമതിക്കാരുടെ കയ്യിൽ. തുടർഭരണത്തിന്റെ വെളിച്ചത്തിൽ ആവശ്യമായ പണമുണ്ടാക്കുക എന്ന ലക്ഷ്യമാണ് നേതാക്കൾക്ക്. കരുവന്നൂരിൽ നേതാക്കളെ വെള്ളപൂശുകയാണ് പാർട്ടി ചെയ്തത്. അഴിമതിയുടെ കൂത്തരങ്ങായി സിപിഐഎം മാറി. ആഭ്യന്തരവകുപ്പും പൊലീസും പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിച്ച് ശബ്ദരേഖയിൽ അന്വേഷണം നടത്തണം". വിഷയത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിലപാട് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, തൃശൂരിൽ കെഎസ്‌യു നേതാക്കളെ മുഖം മൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയതിലും രമേശ് ചെന്നിത്തല വിമർശനമുന്നയിച്ചു. ഇത് വെള്ളരിക്കാപ്പട്ടണവും കെഎസ്‌യു കുട്ടികൾ കൊള്ളക്കാരാണോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു. പിണറായിയുടെ പൊലീസിന് ഭ്രാന്ത് പിടിച്ചെന്നും ചെന്നിത്തല പറഞ്ഞു. ജനവിരുദ്ധ പൊലീസ് ആയി കേരള പൊലീസ് മാറിക്കഴിഞ്ഞു. പൊലീസിന് എന്തും ചെയ്യാവുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി. ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ഥിതിയാണെന്നും ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞദിവസമാണ് സിപിഐഎം നേതാക്കൾക്കെതിരെയുള്ള ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിൻ്റെ ശബ്ദരേഖ പുറത്തുവന്നത്. സിപിഐഎം നേതാക്കൾ രാഷ്ട്രീയത്തിലൂടെയാണ് ധനസമ്പാദനം നടത്തിയത് എന്നാണ് ശബ്ദരേഖയിൽ പറയുന്നത്. ശരത് പ്രസാദും ജില്ലാകമ്മിറ്റി അംഗം നിബിനും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നത്. വിവാദത്തിന് പിന്നാലെ നിബിനെ സിപിഐഎം പുറത്താക്കിയിരുന്നു. ശരത്തിൽ നിന്ന് പാർട്ടി വിശദീകരണം തേടുമെന്ന് നേതൃത്വം അറിയിക്കുകയും ചെയ്തു.

SCROLL FOR NEXT