രമേശ് ചെന്നിത്തല Source;Social Media
KERALA

രാഹുലിന്റെ ഓഡിയോ സന്ദേശം കേട്ടിട്ടില്ല, കേൾക്കേണ്ട ഏർപ്പാടൊന്നും അല്ലല്ലോ: രമേശ് ചെന്നിത്തല

പാർട്ടി പരിപാടിയിൽ രാഹുൽ എങ്ങിനെ പങ്കെടുത്തു എന്നറിയില്ലെന്നും രമേശ് ചെന്നിത്തല പറ‍ഞ്ഞു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തലിനെതിരായ ഓഡിയോ സന്ദേശത്തിൽ നിലപാട് ആവർത്തിച്ച് രമേശ് ചെന്നിത്തല. രാഹുൽ മാങ്കൂട്ടത്തലിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയതാണ്. സുധാകരൻ ഉൾപ്പടെ എല്ലാവരും ചേർന്നു എടുത്ത തീരുമാനമാണത്. പാർട്ടി പരിപാടിയിൽ രാഹുൽ എങ്ങിനെ പങ്കെടുത്തു എന്നറിയില്ലെന്നും രമേശ് ചെന്നിത്തല പറ‍ഞ്ഞു.

രാഹുലിന്റെ ഓഡിയോ സന്ദേശം കേട്ടിട്ടില്ല. കേൾക്കേണ്ട ഏർപ്പാടൊന്നും അല്ലല്ലോ. ഓഡിയോ സന്ദേശത്തിന്റെ പേരിൽ നടപടി എടുത്ത പാർട്ടിയാണ് കോൺഗ്രസ്‌. പത്മകുമാറിനെതിരെയും വാസുവിനെതിരെയും നടപടി എടുക്കാൻ പിണറായിക്കും എം.വി. ഗോവിന്ദനും ധൈര്യമുണ്ടോ എന്നും രമേശ്‌ ചെന്നിത്തലയുടെ വെല്ലുവിളി. ഇവർക്കെതിരെ നടപടി എടുക്കാത്തത് പേടിച്ചിട്ടാണ്. കാരണം മന്ത്രിമാർ ഉൾപ്പടെ അകത്തു പോകും. അമ്പല കൊള്ളക്കാരാണ് സിപിഐഎമ്മുകാരെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. പത്മകുമാർ പറഞ്ഞ ദൈവം പിണറായി ആയിരിക്കുമെന്നും കാരണഭൂതൻ ആണല്ലോ പിണറായി വിജയനെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിനെ ചൊല്ലി കോൺഗ്രസിൽ ഭിന്നത രൂക്ഷം. മാങ്കൂട്ടത്തിലിന് അനുകൂല നിലപാടാണ് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എടുത്തത്. രാഹുലിൻ്റെ അവകാശങ്ങൾ നിഷേധിക്കാനാകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

എന്നാൽ നിരപരാധിത്വം തെളിയും വരെ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കില്ലെന്ന് കെ. മുരളീധരൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കാൻ പാർട്ടിക്ക് കഴിയില്ല. പാർട്ടി പരിപാടിയിലേക്ക് അടുപ്പിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി. അതേസമയം, വിവാദ ചുഴിക്കിടെയിലും പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാങ്കൂട്ടത്തിൽ ഇന്നും സജീവമാണ്.

SCROLL FOR NEXT