പത്തനംതിട്ട: ജീവനക്കാരുടെ മൊബൈലിലേക്ക് സന്ദേശം അയച്ചതിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരെ ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല. സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് സ്പാർക്കിന് കത്ത് നൽകിയെന്ന് ചെന്നിത്തല. മുഖ്യമന്ത്രി അടക്കമുള്ളവർക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ ഉദ്യോഗസ്ഥന്മാരുടെയും ഫോൺ നമ്പരും പേരും വയസും അടക്കമുള്ള വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്താണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അയച്ചിട്ടുള്ളത്. 2026 ഫെബ്രുവരി 12ന് മുൻപ് വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജീവനക്കാരുടെ വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കുന്നുവെന്നും കത്തിൽ പറയുന്നുണ്ട്. മുഖ്യമന്ത്രി അറിയാതെ മുഖ്യമന്ത്രിയുടെ ഒഎസ്‌ഡി ഇങ്ങനെയൊരു കത്ത് അയക്കുമോയെന്നും ചെന്നിത്തല ചോദിച്ചു.
സ്വകാര്യതയിലേക്ക് കടന്നുകയറി വിവരങ്ങൾ ശേഖരിക്കുന്നത് നിയമലംഘനം ആണെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ഉൾപ്പെടുന്ന സ്പാർക്കിലെ ഡേറ്റയും പുറത്തുവന്നു. തെരഞ്ഞെടുപ്പിന് വേണ്ടി വ്യാപകമായി ഡാറ്റ ദുരുപയോഗം ചെയ്യുന്നു. ഹൈക്കോടതി ജഡ്ജിമാർക്ക് വരെ മെസേജ് എത്തുന്നു. മുഖ്യമന്ത്രിയുടെ പ്രവർത്തി ലജ്ജാകരമാണെന്നും ചെന്നിത്തല ആരോപിച്ചു.