Source: News Malayalam 24x7
KERALA

കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാനാകുന്നത് ഭാഗ്യം, ജയിച്ചാൽ മമ്മൂക്ക പാലക്കാടെത്തും: രമേഷ് പിഷാരടി

മമ്മൂട്ടി അൽപ്പം മുൻപ് വിളിച്ചിരുന്നുവെന്നും അദ്ദേഹത്തിൽ നിന്ന് അനുഗ്രഹം വാങ്ങിയെന്നും പിഷാരടി...

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും ചെയ്ത നല്ല കാര്യങ്ങളുടെ തുടർച്ചയുണ്ടാകും എന്ന് കോൺഗ്രസ് സ്ഥാനാർഥി രമേഷ് പിഷാരടി. പാലക്കാട്ടെ വിവാദങ്ങളിൽ ജനം തീരുമാനം എടുക്കുമെന്നും പിഷാരടി പറഞ്ഞു. കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ കഴിയുന്നത് വലിയ ഭാഗ്യമാണ്. വളരെ കാലമായി പലയിടങ്ങളിൽ താൻ സ്ഥാനാർഥിയാകുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത്തവണ പാലക്കാട് മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടു. പാലക്കാട് കുഴൽമന്ദം തൻ്റെ സ്വന്തം സ്ഥലമാണെന്നും പിഷാരടി പറഞ്ഞു.

പാലക്കാട്ടെ വിവാദങ്ങളിൽ ജനം തീരുമാനിക്കുമെന്നും പിഷാരടി പറഞ്ഞു. എല്ലാ കാലത്തും വിവാദങ്ങൾ പലവിധത്തിൽ ഉണ്ടായിട്ടുണ്ട്. പാലക്കാട്ടുകാരുടെ ശാരീരിക ഉന്മേഷത്തിനും മാനസിക സന്തോഷത്തിനും ഊന്നൽ നൽകിയാകും തൻ്റെ പ്രവർത്തനമെന്നും പിഷാരടി പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ പ്രതികരിച്ച പിഷാരടി താൻ രാഹുലിനെ പിന്തുണച്ചു എന്നത് ഹെഡിംഗ് മാത്രമാണെന്ന് പറഞ്ഞു. എംഎൽഎ എന്ന നിലയിലാണ് രാഹുലിനെ വിളിച്ചതെന്നും പിഷാരടി പറഞ്ഞു. മറ്റൊരു പക്ഷത്തുള്ള സ്ഥാനാർഥിയുമായുള്ള ഓട്ടമത്സരം അല്ല തെരഞ്ഞെടുപ്പ്. പാലക്കാട്ടെ മുഖ്യ എതിരാളി ബിജെപിയാണ്. ആശയങ്ങളുടെ പോരാട്ടം ആയിട്ടാണ് കാണുന്നതെന്നും പിഷാരടി പറഞ്ഞു.

മമ്മൂട്ടി അൽപ്പം മുൻപ് വിളിച്ചിരുന്നുവെന്നും അദ്ദേഹത്തിൽ നിന്ന് അനുഗ്രഹം വാങ്ങിയെന്നും പിഷാരടി അറിയിച്ചു. അദ്ദേഹം വേണ്ട നിർദേശങ്ങൾ നൽകി. വിജയിച്ചാൽ മമ്മൂക്ക പാലക്കാട് എത്തും. നിർബന്ധിച്ച് സിനിമ മേഖലയിലെ ആരെയും പ്രചാരണത്തിന് കൊണ്ടുവരില്ലെന്നും പിഷാരടി പറഞ്ഞു.

SCROLL FOR NEXT