പാലക്കാട്: കോൺഗ്രസ് നേതാവിൻ്റെ ചൂഷണത്തിനിരയായ പെൺകുട്ടിക്ക് നീതി വേണമെന്ന് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി. പെൺകുട്ടിക്ക് ഒപ്പമാണ് താനെന്നും ചിലർ വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങൾ പ്രശ്നമുണ്ടാക്കുന്നുവെന്നും രമേഷ് പിഷാരടി പറഞ്ഞു. പ്രശോഭിനെ തനിക്ക് മുഖപരിചയമുണ്ട്. ഉചിതമായ നടപടി കോൺഗ്രസിലെ മുതിർന്ന നേതാക്കൾ കൈകൊള്ളുമെന്നും പിഷാരടി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പരാതിക്ക് നേരത്തെ മറുപടി പറഞ്ഞിട്ടുണ്ടെന്നും പിഷാരടി പറഞ്ഞു. ചെയ്തവർ വ്യക്തിപരമായി അനുഭവിക്കണം. ഒരു വാർഡ് മെമ്പർക്ക് എതിരായ പരാതി തെരഞ്ഞെടുപ്പിന് ബാധിക്കില്ലെന്നും പിഷാരടി പറഞ്ഞു.
അതേസമയം, ലൈംഗിക പീഡന പരാതിയെ തുടർന്ന് പാലക്കാട്ടെ കോൺഗ്രസ് നേതാവും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അനുയായിയുമായ പ്രശോഭ് വി. വത്സനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. കെപിസിസി നേതൃത്വത്തിൻ്റെ നിർദേശ പ്രകാരമാണ് നടപടി. പ്രശോഭിനെ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പൻ അറിയിച്ചു.
ധാർമ്മികത ഉണ്ടെങ്കിൽ കൗൺസിലർ സ്ഥാനം രാജിവെക്കണമെന്നും ഡിസിസി പ്രസിഡൻ്റ് ആവശ്യപ്പെട്ടു. മറ്റ് പാർട്ടിക്കാർ കൂടി ഈ ധാർമ്മികത കാണിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇത് തെരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.