റാപ്പർ വേടന്‍ Source: News Malayalam 24x7
KERALA

"വേടനെതിരായ രണ്ട് സ്ത്രീകളുടെ പരാതികളില്‍ ഗൂഢാലോചന"; സ്ഥിരം കുറ്റവാളിയാക്കാനുള്ള നീക്കമെന്ന് കുടുംബം

കഴിഞ്ഞ ദിവസം, യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വേടന്‍ അറസ്റ്റിലായിരുന്നു

Author : ന്യൂസ് ഡെസ്ക്

എറണാകുളം: റാപ്പർ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിക്ക് എതിരായ രണ്ട് സ്ത്രീകളുടെ പരാതികളില്‍ ഗൂഢാലോചന ആരോപിച്ച് കുടുംബം രംഗത്ത്. ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി.

വേടനെ സ്ഥിരം കുറ്റവാളിയാക്കാനുള്ള നീക്കമാണ് പരാതിക്ക് പിന്നിൽ. വേടൻ്റെ വാക്കുകളെ നിശബ്ദമാക്കുകയാണ് ലക്ഷ്യമെന്നും കുടുംബം ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം, യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വേടന്‍ അറസ്റ്റിലായിരുന്നു. എന്നാല്‍, കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ വൈദ്യപരിശോധനയ്ക്കു ശേഷം വിട്ടയച്ചു.

വേടനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. വിവാഹ വാഗ്ദാനം നല്‍കിയിരുന്നെന്ന് തെളിയിക്കുന്ന തരത്തിലുള്ള തെളിവുകളാണ് പൊലീസിന്റെ പക്കലുള്ളത്. ഈ സാഹചര്യത്തിലായിരുന്നു അറസ്റ്റ്.

2021 ആഗസ്‌ത്‌ മുതൽ 2023 മാർച്ച്‌ വരെയുള്ള കാലയളവിൽ കോഴിക്കോടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നും പിന്നീട് വിവാഹം കഴിക്കാതെ ഒഴിവാക്കിയെന്നുമാണ് യുവതിയുടെ പരാതി. പാട്ട് പുറത്തിറക്കാനെന്ന പേരിൽ 31,000 രൂപ തട്ടിയെടുത്തതായും പരാതിയിൽ ആരോപിക്കുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ കഴിഞ്ഞ ദിവസം വേടന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയയ്ക്കുകയായിരുന്നു.

SCROLL FOR NEXT